തിരുവനന്തപുരം > മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ സമൂഹമാധ്യമങ്ങളിലടക്കം നടക്കുന്നത് വ്യാജപ്രചാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എം എം മണി എംഎൽഎയുടെ ശ്രദ്ധക്ഷണിക്കലിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചില ആളുകൾകൂടി ഉണ്ടാക്കിയ ഒരു അന്തരീക്ഷമാണ് ഇപ്പോഴുള്ളത്. പ്രത്യേകമായ എന്തെങ്കിലും പ്രശ്നം ഈ അടുത്തകാലത്ത് സംഭവിച്ചതിന്റെ ഭാഗമായിട്ടല്ല. സോഷ്യൽ മീഡിയ പലകാര്യങ്ങൾക്കും ഉപയോഗിക്കാമെന്നത് കൊണ്ട് അതിലൂടെ തെറ്റായ പ്രചരണം അഴിച്ചുവിടുകയാണ്. നാട്ടിൽ ഭീതി പരത്താനുള്ള ശ്രമമാണിത്. ഇത് നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏതെങ്കിലും വസ്തുതയുടെ അടിസ്ഥാനത്തിലല്ല ഈ പ്രചരണങ്ങൾ വന്നിട്ടുള്ളത്. മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാർ നേരത്തെതന്നെ ഒരു നിലപാട് എടുത്തിട്ടുണ്ട്. ആ നിലപാടിനോട് ഇപ്പോൾ കേന്ദ്രസർക്കാർ യോജിക്കുന്നില്ല എന്നതാണ് വസ്തുത. പുതിയ ഡാം അവിടെ വരണമെന്നുള്ള നിലപാടിൽ കേരളം ഉറച്ചുനിൽക്കുകയാണ്. അതിനാവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടതായിട്ടുണ്ട്. അത് തുടർന്നും സർക്കാർ ചെയ്യും.
ഇപ്പോൾ ഉടനെ മുല്ലപ്പെരിയാർ ഡാമിന് അപകടം വരാൻ പോകുകയാണ് എന്ന ചിത്രം നൽകുന്നത് ശരിയല്ല. അത്തരത്തിലുള്ള ഒരാപത്തും അവിടെ നിലനിൽക്കുന്നില്ല. തമിഴ്നാട് എല്ലാ പ്രശ്നങ്ങളിലും നമ്മുടെ ആവശ്യങ്ങളുമായി സഹകരിച്ച് പോകുന്നൊരു സംസ്ഥാനമാണ്. അവരുമായി നമുക്ക് കാര്യങ്ങൾ ചർച്ചചെയ്യാനുള്ള എല്ലാ സാഹചര്യവുമുണ്ട്. വ്യത്യസ്ത നിലപാടുകൾ ചർച്ചയിലൂടെ പരിഹരിക്കേണ്ടതാണ്. അനാവശ്യമായ ഭീതിപരത്തി ഇത്തരമൊരു പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്ന കൂട്ടരെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.