ബുറൈദ > അന്യൂറിസം ബാധിച്ച് റിയാദ് കിംഗ് ഫഹദ് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ച സിസ്റ്റർ ലിസി തോമസിന്റെ ആന്തരികാവയവങ്ങൾ ദാനം ചെയ്തു. മസ്തിഷ്ക മരണം സ്ഥിരീകരിച്ച ഉടൻ ആശുപത്രി അധികൃതർ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. അവരുടെ സമ്മതപ്രകാരം രണ്ട് സ്വദേശി പൗരന്മാർക്കാണ് അവയവം മാറ്റിവെച്ചത്. മൃതദേഹം ഇന്ന് പു്ലർച്ചെ നാട്ടിലെത്തിച്ചു.
എറണാകുളം കോഴിപ്പിള്ളി ഇടവാക്കേൽ ലിസി തോമസ് (53) അൽഖസീം പ്രവിശ്യയിലെ ബുറൈദ എം സി എച്ച് ആശുപത്രിയിൽ കഴിഞ്ഞ 20 വർഷമായി ജോലിചെയ്യുന്നു. അവിടുത്തെ ഹെഡ് നേഴ്സ് ആയിരുന്നു. ഒരുമാസം മുൻപ് താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. കിങ്ങ് ഫഹദ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ഒക്ടോബർ 6 നാണ് മരിച്ചത്.
റിയാദ് കേളി കേന്ദ്ര ജീവകാരുണ്യ ആക്റ്റിംഗ് കൺവീനർ നസീർ മുള്ളൂർക്കര , കേന്ദ്ര ജീവകാരുണ്യ അംഗം മുഹമ്മദ് റഫീക്ക്, ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലിക, സുൽഫിക്കർ അലി എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. റിയാദിൽ നിന്നും ദുബായ് വഴി തിങ്കളാഴ്ച കൊച്ചിയിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. കോഴിപ്പിളളി (കാരമല) സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ സംസ്കരിച്ചു. ഭർത്താവ് അടൂർ തെക്കേപറമ്പിൽ സജി ജോർജ്, പിതാവ് പരേതനായ തോമസ്, മാതാവ് മറിയാമ്മ തോമസ്, സഹോദരങ്ങൾ ബേബി തോമസ്, തോമസ് ഇ ടി.