ഇൻസ്റ്റന്റ് മെസ്സേജിങ് സവിശേഷത ഇനി പിന്തുണയ്ക്കാത്ത ഫോണുകളിൽ നവംബർ ഒന്ന് മുതൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല. ആൻഡ്രോയിഡ് പതിപ്പ് 4.1 നു മുൻപുള്ള പതിപ്പുകളിൽ ഇനി മുതൽ വാട്സ്ആപ്പ് ലഭിക്കില്ല. പഴയ ആൻഡ്രോയിഡ് പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഫോണാണ് നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നതെങ്കിൽ പുതിയ ഫോണിലേക്ക് മാറിയാൽ മാത്രമേ ഇനി നിങ്ങൾക്ക് വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കുകയുള്ളു.
ആപ്പിൾ ഫോണുകളിൽ, ഐഒഎസ് 10-ലും അതിനു ശേഷമുള്ള പുതിയ പതിപ്പുകളിലും പ്രവർത്തിക്കുന്ന ഫോണുകളിൽ മാത്രമേ വാട്സ്ആപ്പ് ലഭിക്കൂ. അതേസമയം, നവംബർ ഒന്നിന് ശേഷം വാട്ട്‌സ്ആപ്പ് കൈഒഎസ് 2.5.0 മാത്രമേ പിന്തുണയ്‌ക്കൂ, എന്നാൽ ജിയോഫോൺ, ജിയോഫോൺ 2 ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് തുടർന്നും ഉപയോഗിക്കാനാകും.
വാട്സ്ആപ്പ് ഉൾപ്പടെയുള്ള ആപ്പുകൾ ഇടക്കിടെ പഴയ ഉപകരണങ്ങളിൽ നിന്നും പിന്തുണ പിൻവലിക്കുന്നത് ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ്.
ഇനി വാട്സ്ആപ്പ് പിന്തുണയ്ക്കാത്ത ഫോണാണ് ഇപ്പോൾ ഉപയോഗിക്കുന്നതെങ്കിൽ എന്ത് ചെയ്യും?
നവംബർ ഒന്നിന് ശേഷം നിങ്ങൾ ഉപയോഗിക്കുന്നത് മുകളിൽ പറഞ്ഞിരിക്കുന്ന തരത്തിലുള്ള വാട്സ്ആപ്പ് സപ്പോർട്ട് ചെയ്യുന്ന ഫോണല്ലെങ്കിൽ, നിങ്ങളുടെ അക്കൗണ്ടിൽ നിന്നും തനിയെ ലോഗൗട്ട് ആവുകയും പിന്നീട് ലോഗിൻ ചെയ്യാൻ കഴിയാതെ വരികയും ചെയ്യും.
Also Read: ഫോൺ പേ ഇനി അധിക ഫീസ് ഈടാക്കും; പുതിയ ഫീസ് ചില ഇടപാടുകൾക്ക് മാത്രം
നിങ്ങൾ പഴയ കൈഒഎസ് അധിഷ്‌ഠിത ഉപകരണത്തിൽ നിന്ന് മറ്റൊരു സ്‌മാർട്ട്‌ഫോൺ പ്ലാറ്റ്‌ഫോമിലേക്ക് മാറുകയാണെങ്കിൽ, നിങ്ങളുടെ ചാറ്റ് ഹിസ്റ്ററി വീണ്ടെടുക്കാൻ ഒരു മാർഗവുമില്ലെന്നും വാട്സ്ആപ്പ് വെബ്‌സൈറ്റിൽ പറഞ്ഞിട്ടുണ്ട്.
എന്റെ ആൻഡ്രോയിഡ്/ഐഒഎസ് പതിപ്പ് ഏതെന്ന് എങ്ങനെ പരിശോധിക്കാം?
നിങ്ങളുടെ ആൻഡ്രോയിഡ് പതിപ്പ് പരിശോധിക്കാൻ, നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലെ സെറ്റിങ്‌സ് തുറന്ന് താഴേക്ക് സ്ക്രോൾ ചെയ്ത് ‘ഫോൺ’ ഓപ്‌ഷൻ കണ്ടെത്തുക. അത് തുറന്ന് അതിന്റെ ഉപവിഭാഗങ്ങളിൽ ടാപ്പുചെയ്‌ത് ‘ആൻഡ്രോയിഡ് വേർഷൻ’ എന്ന ഓപ്‌ഷൻ നോക്കുക.ഐഒഎസിൽ, നിങ്ങൾക്ക് സെറ്റിങ്‌സ് തുറന്ന് ജനറൽ/ എബൌട്ട്/സോഫ്റ്റ്‌വെയർ വേർഷൻ എന്നതിലേക്ക് പോകാം.
The post WhatsApp: നവംബർ ഒന്ന് മുതൽ ഈ ഫോണുകളിൽ വാട്സ്ആപ്പ് ലഭിക്കില്ല appeared first on Indian Express Malayalam.