സാൻഫ്രാൻസിസ്കോ: ഓഡിയോ ചാറ്റ് ആപ്ലിക്കേഷനായ ക്ലബ് ഹൗസിൽ ഇനി പുറത്തുനിന്നുള്ള ലിങ്കുകൾ പങ്കുവെക്കാൻ സാധിക്കും. ഒക്‍ടോബർ 27 മുതലാണ് ഈ പുതിയ ഫീച്ചർ ലഭിക്കുക. ക്ലബ് ഹൗസിന്റെ ഐഓഎസ്, ആൻഡ്രോയിഡ് പതിപ്പുകളിൽ ഈ പുതിയ സൗകര്യം ലഭിക്കും.
ക്ലബ് ഹൗസ് മേധാവി പോൾ ഡിവസണും ഗ്ലോബൽ മാർക്കറ്റിങ് മേധാവിയുമായ മായ വാട്സണുമാണ് ഈ പുതിയ പിൻഡ് ലിങ്ക്സ് ഫീച്ചർ പ്രഖ്യാപിച്ചത്. ഇതുവഴി ഒരു ചാറ്റ് റൂമിന് മുകളിൽ ലിങ്കുകൾ നൽകാൻ ഉപഭോക്താക്കൾക്ക് സാധിക്കും.
വിവിധങ്ങളായ ആവശ്യങ്ങൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ ഉപഭോക്താക്കൾക്ക് സാധിക്കും.
അതേസമയം ചില ലിങ്കുകൾക്ക് ക്ലബ് ഹൗസിൽ വിലക്കുണ്ട്. പ്രത്യേകിച്ചും പോണോഗ്രഫി ഉള്ളടക്കത്തിലേക്കുള്ള ലിങ്കുകൾ. അക്കൂട്ടത്തിൽ ഓൺലി ഫാൻസ് വെബ്സൈറ്റിന്റെ പേരും അദ്ദേഹം എടുത്തുപറഞ്ഞു.
റൂം മോഡറേറ്റർമാരായ ലിങ്കുകൾ ആർക്കും ചേർക്കാനും മാറ്റാനും നീക്കം ചെയ്‌യാനും സാധിക്കും.
ലിങ്കുകൾ വഴി എന്തെങ്കിലും തരത്തിൽ പണമിടപാടുകളിൽ നിന്നും ക്ലബ് ഹൗസ് ലാഭമുണ്ടാക്കില്ല. അതേസമയം റൂമുകളിൽ ടിക്കറ്റ് പ്രവേശനം നൽകുക, സബ്സ്ക്രിപ്ഷൻ ചാർജ് ഈടാക്കുക തുടങ്ങി ക്ലബ് ഹൗസിലൂടെ മറ്റ് രീതികളിൽ ലാഭമുണ്ടാക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ.
Content Highlights: Clubhouse to soon let you pin links to top of rooms