അതിനൂതന സാങ്കേതിക വിദ്യകൾ പരീക്ഷിച്ചായിരിക്കും ഇത്തവണത്തെ 20-20 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളുടെ സംപ്രേഷണം. പുതിയ രൂപകൽപനയും സാങ്കേതിക വിദ്യയുമാണ് ഇത്തവണത്തെ ക്രിക്കറ്റ് മത്സര സംപ്രേഷണത്തിനായി അവതരിപ്പിക്കുക എന്ന് മത്സരങ്ങൾ സംപ്രേഷണം ചെയ്‌യുന്ന സ്റ്റാർ ഇന്ത്യ പറഞ്ഞു.
പുതിയ വിശകലന ഉപകരണങ്ങൾ, ക്യാമറ സാങ്കേതികവിദ്യകൾ, എആർ ഗ്രാഫിക്സുകള്, വെർച്വൽ, ഓട്ടോമേറ്റഡ് സെറ്റുകൾ തുടങ്ങി ക്രിക്കറ്റ് മത്സരം സംപ്രേഷണം ചെയ്‌യുന്നതിൽ പുതിയ പരീക്ഷണങ്ങളാണ് ഇത്തവണയുണ്ടാവുക. കാഴ്ചയിൽ പുതുമ കൊണ്ടുവരാനും കാഴ്ചാനുഭവം മെച്ചപ്പെടുത്താനുമാണ് ഈ നീക്കം.
അൾട്രാ മോഡേൺ ക്യാമറകളാണ് ഇത്തവണ മത്സരവേദികളിൽ വിന്യസിച്ചിരിക്കുന്നത്. 360 ഡിഗ്രിയിൽ മത്സരം വീക്ഷിക്കാൻ ഇത് അവസരം ഒരുക്കുന്നു. കളിക്കാരുടെ ചലനങ്ങൾ വിശദമായി വിശകലനം ചെയ്‌യാൻ ഇത് സഹായിക്കും.
ബ്രോഡ്കാസ്റ്റ് ഡിസൈനിലും സമ്പൂർണമാറ്റമാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്രിക്കോ എന്ന പേരിൽ ഒരു റോബോട്ടിക് സ്റ്റാറ്റിസ്റ്റിക് ജീനിയസിനേയും അവതരിപ്പിക്കുമെന്നും കമ്പനി പറയുന്നു. എന്നാൽ ഈ റോബോട്ട് എന്താണെന്നും അതിന്റെ പ്രവർത്തനം എന്താമെന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
പതിവ് പോലെ ഫീൽഡ് പ്ലേസ്മെന്റുകൾ, സ്കോറിങ് ഏരിയ പോലുള്ളവ പ്രദർശിപ്പിക്കാൻ സ്റ്റേഡിയത്തിന്റെ ഡിജിറ്റൽ മോഡലുകളും തയ്‌യാറാക്കിയിട്ടുണ്ട്.
യുവാക്കളെ ആകർഷിക്കുകയും പങ്കെടുപ്പിക്കുകയും ചെയ്‌യുന്ന അവതരണമായിരിക്കും ഇത്തവണ. 4ഡി റീപ്ലേ കൾ, എഐ ഇന്റർഫേയ്സുകൾ, ഓട്ടോമേറ്റഡ് ക്യാമറകൾ പോലുള്ളവ ഇതിനായി വിന്യസിച്ചിട്ടുണ്ട്.
നിർമിതബുദ്ധിയിൽ അടിസ്ഥാനമാക്കിയുള്ള ജസ്റ്റർ കൺട്രോളിലൂടെ വിദഗ്ദർക്ക് കളിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കാണാനും വിശകലനം ചെയ്‌യാനും സാധിക്കും. സ്റ്റുഡിയോകളിൽ ഡ്രോൺ ക്യാമറകളും വിന്യസിച്ചിട്ടുണ്ട്.