മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിലെ വിദൂര കോഴ്സുകളുടെ തടഞ്ഞുവെച്ച അംഗീകാരം യു.ജി.സി. പുന:സ്ഥാപിച്ചു. നേരത്തെയുണ്ടായിരുന്ന 26 കോഴ്സുകളിൽ 24 എണ്ണത്തിനാണ് അംഗീകാരം. ബി.എസ്.സിമാത്തമാറ്റിക്സ്, എം.എസ്.സിമാത്തമാറ്റിക്സ്എന്നീ കോഴ്സുകൾക്ക് അംഗീകാരം നൽകിയില്ല.
കോഴ്സുകളുടെ നടത്തിപ്പിൽ ഏഴു വർഷത്തെ മുൻപരിചയം വേണമെന്ന നിബന്ധന ഉന്നയിച്ചാണ് യുജിസി തടസവാദം ഉന്നയിച്ചിരിക്കുന്നത്. എന്നാൽ നേരത്തെ കോഴ്സുകളുടെ നടത്തിപ്പിൽ പരിചയമുള്ള സർവകലാശാല ഇതിനെതിരെ അപ്പീൽ നൽകാനുള്ള തീരുമാനത്തിലാണെന്ന് കാലിക്കറ്റ് സർവകലാശാല വിസി എം.കെ. ജയരാജ് പറഞ്ഞു.
യുജിസി അംഗീകാരം ലഭിച്ചതോടെ വിദൂരപഠന വിഭാഗം ഒന്നാം സെമസ്റ്റർ യുജി, പിജി കോഴ്സുകളിലേക്ക് അടുത്ത മാസം അപേക്ഷ സ്വീകരിച്ച് തുടങ്ങും. വിദൂരപഠന വിഭാഗത്തിൽ വിദ്യാർത്ഥി പ്രവേശനത്തിന് കഴിയാത്തതിനാൽ കോടികളുടെ നഷ്ടവും സർവകലാശാലയ്ക്കുണ്ടായി. നേരത്തെ സ്ഥിരം അധ്യാപകരും ഡയറക്ടറും ഇല്ലാത്തതായിരുന്നു യുജിസി അംഗീകാരത്തിന് തടസ്സമായത്.
Content Highlights: Distant courses approval for Calicut University restored by UGC














