വിനാശകാരിയായ ഉൽക്കകളെ ഭൂമിയിൽ പതിക്കുന്നതിന് മുമ്പ് കണ്ടെത്താനാവുമോ? ആകുമെന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞനായ ജോൺ ടോർണി പറയുന്നത്. അദ്ദേഹം തുടക്കമിട്ട അറ്റ്ലസ് എന്ന ദൂരദർശിനി സംവിധാനം അതിന് സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.
അടുത്തിടെ ബോട്സ്വാനയിൽ നിന്ന് ഉൽക്കാശിലയിൽ നിന്നടർന്നുവീണൊരു ഭാഗം ഗവേഷകർ കണ്ടെത്തിയിരുന്നു. അന്തരീക്ഷത്തിൽ പതിച്ച് ചിതറിത്തെറിച്ച ഉൽക്കാശിലാ ഭാഗം എവിടെയാണ് വീണത് എന്ന് കൃത്യമായി മനസിലാക്കിയാണ് ഗവേഷകർ ആ പ്രദേശത്ത് തിരച്ചിൽ നടത്തിയത്.
ചെറുതായിരിക്കാൻ ഇടയുള്ളതിനാൽ അത് മണ്ണിലാണ്ട് പോയിട്ടുണ്ടാവുമോ, കാറ്റിൽ തെറിച്ചുപോയിട്ടുണ്ടാവുമോ എന്ന ആശങ്കമാത്രമേ അവർക്കുണ്ടായിരുന്നുള്ളു. ബഹിരാകാശത്ത് എവിടെയോ നിന്ന് വീണ ആ ചെറിയ കറുത്ത കല്ല് അവർക്ക് അവിടെ നിന്ന് തന്നെ കിട്ടി.
ഉൽക്കാശില എവിടെ പതിക്കുമെന്ന് കൃത്യമായ പ്രവചനം സാധ്യമാണെന്ന് തെളിയിക്കുകയായിരുന്നു ഗവേഷകർ ഇതിലൂടെ. ഹവായ് സർവകലാശാലയിലെ ആസ്ട്രോയിഡ് ടെറസ്ട്രിയൽ-ഇംപാക്‍ട് ലാസ്റ്റ് അലേർട്ട് സിസ്റ്റം (അറ്റ്ലസ്) ആണ് അതിന് സഹായിച്ചത്. ജോൺ ടോർണിയാണ് ഇത് സ്ഥാപിച്ചത്.
2018 എൽഎ എന്ന ഉൽക്ക ഭൂമിയിൽ പതിച്ച് ചിതറിത്തെറിച്ച ഭാഗമാണ് ഗവേഷകർ കണ്ടെത്തിയത്. ആ ഉൽക്കാ ശിലാഭാഗം ഭൂമിയിൽ എവിടെ പതിക്കുമെന്ന് ബഹിരാകാശ ഗവേഷകർ ഒരുമാസം മുമ്പ് തന്നെ പ്രവചിച്ചിരുന്നു. ആ പ്രവചനം പിന്തുടർന്നാണ് കൃത്യമായ ഭൂപ്രദേശത്ത് തന്നെ അവർ തിരച്ചിൽ നടത്തിയത്.
ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ബഹിരാകാശത്ത് നിരീക്ഷിച്ചുകൊണ്ടിരുന്ന ഒരു ഛിന്നഗ്രഹത്തിൽ നിന്നുള്ള ഉൽക്കാ ശിലയുടെ ശകലങ്ങൾ കണ്ടെത്തുന്നത്.
നാസയുടെ പിന്തുണയിൽ പ്രവർത്തിക്കുന്ന കാറ്റലിന സ്കൈ സർവേയുടെ ഭാഗമായാണ് 2018 എൽഎ എന്ന് ഛിന്നഗ്രഹത്തെ ആദ്യം കണ്ടെത്തിയത്. അതിന് ശേഷം അറ്റ്ലസിലെ ഗവേഷകർ ഈ ഛിന്നഗ്രഹത്തെ നിരീക്ഷിച്ചുവന്നു.
വലിയ ബഹിരാകാശ ശിലകളിൽ നിന്നും ഭൂമിയെ സംരക്ഷിക്കുക എന്ന ലക്ഷ്യവുമായാണ് അറ്റ്ലസിന്റെ ദൂരദർശിനികൾ തയ്‌യാറാക്കിയിരിക്കുന്നത്. ഹവായിൽ രണ്ട് ദൂരദർശിനികളാണ് അറ്റ്ലസിനുള്ളത്. ദക്ഷിണാഫ്രിക്കയിൽ മൂന്നാമത്തെ ദൂരദർശിനി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ടോർണിയും സംഘവും. നാലാമത്തെ ദൂരദർശിനിയ്‍ക്ക് വേണ്ടിയുള്ള ധനസമാഹരണം നടക്കുകയാണ്.
1908ലെ തുൻഗസ്ക സംഭവം
അതിഭീകരമായ ഉൽക്കാപതനങ്ങൾ അത്യപൂർവമായാണ് സംഭവിച്ചിട്ടുള്ളത്. അത്തരത്തിൽ ഏറ്റവും ഒടുവിലത്തേത് 113 വർഷം മുമ്പാണ്. തുൻഗസ്ക സംഭവം എന്നറിയപ്പെടുന്ന ഉൽക്കാപതന ദുരന്തം നടന്നത് 1908 ജൂൺ 30നാണ്.
റഷ്യയിലെ മധ്യ സൈബീരിയയിലെ തുൻഗസ്ക വനപ്രദേശത്ത് ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച ഛിന്നഗ്രഹം ഭൂമിയ്‍ക്ക് എട്ട് കിലോമീറ്റർ മുകളിൽ നിന്ന് പൊട്ടിത്തെറിച്ചു. ഭൂമിയിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ സ്ഫോടനമായിരുന്നു അത്. വനമേഖലയിലായതിനാൽ ലക്ഷക്കണക്കിന് ഏക്കർ വനമേഖല നശിപ്പിക്കപ്പെട്ടു. ജനവാസമേഖലയിലായിരുന്നെങ്കിൽ കനത്ത ആൾ നാശം സംഭവിക്കുമായിരുന്നു. അന്ന് പക്ഷെ രണ്ടോ മൂന്നോ പേർ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ഉൽകാപതനം പ്രവചിക്കുമ്പോൾ
അറ്റ്ലസ് പദ്ധതി പൂർത്തിയായാൽ ഉൽക്കാപതനങ്ങൾ കൃത്യമായി എവിടെ സംഭവിക്കുമെന്ന് കൃത്യമായി പ്രവചിക്കാൻ സാധിക്കുമെന്ന് ടോർണി പ്രതീക്ഷിക്കുന്നു. ആളുകളെ ഒഴിപ്പിക്കുന്നതുൾപ്പടെയുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ ഇത് സഹായിക്കും. അറ്റ്ലസിന് അത് സാധിക്കുമെന്നതിനുള്ള തെളിവാണ് ബോട്സ്വാനയിലെ കണ്ടെത്തൽ.
ഭൂമിയ്‍ക്ക് ചുറ്റും ചെറുതും വലുതുമായ നിരവധി ബഹിരാകാശ ശിലകൾ സഞ്ചരിക്കുന്നുണ്ട്. അതിൽ ഭൂമിയ്‍ക്ക് അപകടമുണ്ടാക്കാനിടയുള്ളത് കണ്ടെത്തുകയാണ് അറ്റ്ലസിന്റെ ജോലി. ഒരു രാത്രികൊണ്ടു തന്നെ ലക്ഷക്കണക്കിന് വസ്തുക്കളെ അറ്റ്ലസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ കൂടുതലും നക്ഷത്രങങ്ങളും സൂപ്പർനോവകളും സുരക്ഷിതമായ പാതയിൽ സഞ്ചരിക്കുന്ന ഛിന്നഗ്രഹങ്ങളുമാണ്. അതിൽ പത്തോ ഇരുപതോ എണ്ണം പുതിയതായി കണ്ടെത്തിയതാവാം. എന്തെങ്കിലും ഭൂമിയെ ലക്ഷ്യമിട്ട് വരുന്നുണ്ടെങ്കിൽ തന്നെ അറ്റ്ലസ് വെബ്സൈറ്റിലൂടെ ആ വിവരം പുറത്തുവിടും.
നാസയോ അല്ലെങ്കിൽ ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയന്റെ മൈനർ പ്ലാനറ്റ് സെന്റർ പോലുള്ള സ്ഥാപനങ്ങളിലെ ജ്യോതിശാസ്ത്രജ്ഞർക്ക് പുതിയ വിവരങ്ങൾക്കായി അത്തരം വെബ് പേജുകൾ തിരയുന്ന ഓട്ടോമാറ്റിക് സ്ക്രിപ്റ്റുകൾ ഉണ്ട്. സാധ്യമായ ഒരു കണ്ടുപിടിത്തം നടന്നയുടനെ അവർ അറിയുന്നത് ഇങ്ങനെയാണ്. ജ്യോതിശാസ്ത്രജ്ഞർക്ക് ഈ വിവരം ലഭിക്കുന്നതോടെ സഞ്ചാരപഥങ്ങൾ ആസൂത്രണം ചെയ്‌യാനും ആഘാത പ്രദേശങ്ങൾ പ്രവചിക്കാനും സാധിക്കും.
കനത്ത ആൾനാശം മുതൽ ഭൂമിയിലെ കാലാവസ്ഥയിൽ ഗുരുതരമായ മാറ്റങ്ങളുണ്ടാകുന്നതിന് വരെ ഉൽക്കാപതനങ്ങൾ കാരണമായേക്കും. ഭൂമിയിലുണ്ടായെന്ന് പറയപ്പെടുന്ന കൂട്ടവംശനാശ ചരിത്രങ്ങളിൽ ഉൽക്കാപതനത്തിന്റെ സാധ്യതകളും ഗവേഷകർ കൂട്ടിവായിക്കാറുണ്ട്. ഉൽക്കാപതനങ്ങളെ മുൻകൂട്ടി അറിയേണ്ടതിന്റെ ആവശ്യകത അവിടെയാണ്.
Credits:
https://www.seti.org/press-release/asteroid-hit-botswana-2018-likely-came-vesta
https://www.bbcearth.com/news/can-we-spot-a-killer-asteroid-before-it-hits-earth
https://en.wikipedia.org/wiki/Tunguska_event