ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4ജി ഉപകരണങ്ങൾ ഉപയോഗിച്ച് വിന്യസിച്ച 4ജി നെറ്റ് വർക്ക് ബിഎസ്എൻഎൽ ഞായറാഴ്ച പരീക്ഷിച്ചു. ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് 4ജി വോൾടി കോൾ ചെയ്താണ് പരീക്ഷണം നടത്തിയത്.
ടാറ്റാ കൺസൾട്ടൻസി സർവീസസും സർക്കാർ ഉടമസ്ഥതതയിലുള്ള ടെലികോം റിസർച്ച് സ്ഥാപനമായ സി-ഡോട്ടുമായി ചേർന്നാണ് ചണ്ഡീഗഢിൽ 4ജി നെറ്റ് വർക്ക് സ്ഥാപിച്ചത്.
ടെലികോം സെക്രട്ടറി കെ രാജാരാമനുമായാണ് ടെലികോം മന്ത്രി ഫോണിൽ സംസാരിച്ചത്. ഡാറ്റാ ബ്രൗസിങും, വീഡിയോ സ്ട്രീമിങും പരീക്ഷിച്ചു നോക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മ നിർഭർ ഭാരത് ഉദ്യമത്തിന്റെ ഭാഗമായി വികസിപ്പിച്ച 4ജി ഉപകരണങ്ങൾ ഉപയോഗിച്ചുള്ള 4ജി നെറ്റ് വർക്കിൽ ആദ്യ ഫോൺകോൾ ചെയ്തതായി ടെലികോം മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
രാജ്യത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ടെലികോം കമ്പനികൾ 2012 ൽ തന്നെ 4ജി സേവനങ്ങൾ ആരംഭിക്കുകയും 201ന് ശേഷം ൽ തന്നെ രാജ്യവ്യാപകമായി 4ജി സേവനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ 2021 ആയിട്ടും പൂർണമായും 4ജിയിലേക്ക് മാറാൻ ബിഎസ്എൻഎലിന് സാധിച്ചിട്ടില്ല. സ്വകാര്യ കമ്പനികളെല്ലാം തന്നെ 5ജി നെറ്റ് വർക്ക് വിന്യാസത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞിട്ടുമുണ്ട്.
അതിവേഗ കണക്റ്റിവിറ്റി സേവനങ്ങൾ നൽകുന്നതിലുള്ള മെല്ലെപ്പോക്ക് കാരണം ബിഎസ്എൻഎലിന് ഉപഭോക്താക്കളെ വലിയ രീതിയിൽ നഷ്ടപ്പെടുന്നുണ്ട്.
ബിഎസ്എൻഎലിന്റെ ഇന്ത്യൻ നിർമിത 4ജി
ചണ്ഡീഗഢിനെ കൂടാതെ ബെംഗളുരു, ചെന്നൈ, പുണെ, അംബാല എന്നിവിടങ്ങളിലും ഇന്ത്യൻ ടെലിഫോൺ ഇൻസ്ട്രീസ് ലിമിറ്റഡിന്റെ സഹായത്തോടെ 4ജി പരീക്ഷിക്കുന്നുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യൻ നിർമിത ഉപകരണങ്ങൾ ഉപയോഗിച്ച് തയ്‌യാറാക്കിയ 4ജി നെറ്റ് വർക്കിൽ ബിഎസ്എൻഎൽ ആദ്യ 4ജി വോൾടി കോൾ ചെയ്തത്.
ഫ്രീക്വൻസി ഡിവിഷൻ ഡ്യുപ്ലെക്സിൻ (എഫ്ഡിഡി) സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഏഴ് ബേസ് ട്രാൻസീവർ സ്റ്റേഷനുകൾ (ബിടിഎസ്) ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി പരീക്ഷണം നടത്തുന്നത്. 13 ബിടിഎസുകൾകൂടി കൂട്ടിച്ചേർക്കും. എഫ്ഡിഡി എൽടിഇ യെ കൂടാതെ ടൈം ഡിവിഷൻ ഡ്യുപ്ലെക്സിങ് (ടിഡിഡി) ഉപകരണങ്ങളിൽ നിർമിച്ച 4ഡി നെറ്റ് വർക്കും ബിഎസ്എൻഎൽ പരീക്ഷിക്കുന്നുണ്ട്.
ടിസിഎസ് ഉൾപ്പടെ 5 കമ്പനികളുടെ പിന്തുണയോടെയാണ് ബിഎസ്എൻഎലിന്റെ 4ജി വിന്യാസം നടക്കുന്നത്. അതേസമയം ചില നഗരങ്ങളിൽ ബിഎസ്എൻഎൽ ഇതിനോടകം 4ജി സേവനങ്ങൾ നൽകിവരുന്നുണ്ട്.