സാങ്കേതിക വിദ്യാരംഗത്തെ അതിനൂതന ആശയങ്ങളിൽ അതികായർ ആപ്പിൾ ആണെന്ന് ഒരു ധാരണ പൊതുവെയുണ്ട്. എന്നാൽ അത് ഒരിക്കലും അങ്ങനെ അല്ല എന്ന് പ്രഖ്യാപിക്കുകയാണ് കംപ്യൂട്ടർ പ്രൊസസർ നിർമാതാക്കളായ ഇന്റൽ.
ഇന്റൽ പുറത്തുവിട്ട ഒരു വീഡിയോ ആണ് ഇപ്പോൾ സംസാരവിഷയം. ഇന്റൽ നിർമിച്ചെടുത്ത നൂതന കംപ്യൂട്ടർ ഫീച്ചറുകൾ ആപ്പിളിന്റെ കടുത്ത ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ഇന്റൽ.
കംപ്യൂട്ടറുകളെ നൂതന ആശയങ്ങളെ കുറിച്ച് സംസാരിക്കുന്ന അവതാരകൻ. ആപ്പിളിൽ ഇല്ലാത്ത ചില സൗകര്യങ്ങൾ ആപ്പിൾ ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കുന്നു. യഥാർത്ഥത്തിൽ ഈ ആശയങ്ങൾ ആപ്പിളിന്റെതാണെന്ന് തെറ്റിദ്ധരിച്ച അവർക്കു മുന്നിൽ ഇത് ആപ്പിൾ കംപ്യൂട്ടർ അല്ലെന്നും ഇന്റലിന്റെ പിന്തുണയിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടറിലേതാണെന്നും അവതാരകൻ വെളിപ്പെടുത്തുന്നു. അത് കേട്ട് അമ്പരക്കുന്ന ആരാധകരോട്. ഈ കംപ്യൂട്ടറുകൾ ഇതിനകം തന്നെ വിപണിയിൽ ലഭ്യമാണെന്നും ഇന്റൽ പറയുന്നു.
57000 ൽ അധികം വ്യത്യസ്ത ഗെയിമുകൾ സുഗമമായി കളിക്കാൻ സാധിക്കുന്ന കംപ്യൂട്ടർ, ഇരട്ട 4കെ സ്ക്രീനുകളുള്ള കംപ്യൂട്ടർ, ടാബ് ലെറ്റ് ആയി മടക്കാൻ സാധിക്കുന്ന കംപ്യൂട്ടർ. എന്നിവയാണ് ഇന്റൽ ഇവർക്ക് മുന്നിൽ അവതരിപ്പിച്ചത്.
വീഡിയോയിൽ ആപ്പിൾ ആരാധകരായി വരുന്നയാളുകൾ യഥാർത്ഥമാണോ എന്ന് വ്യക്തമല്ലെങ്കിലും. ആപ്പിളാണ് സാങ്കേതിക വിദ്യയിലെ അവസാന വാക്ക് എന്ന വിശ്വസിക്കുന്ന ആപ്പിൾ ആരാധകരോടാണ് ഇന്റൽ വീഡിയോയിലൂടെ സംസാരിക്കുന്നത്.
ഒരു സാമൂഹിക പരീക്ഷണം എന്നനിലയിലാണ് ഇന്റൽ ഈ വീഡിയോ അവതരിപ്പിക്കുന്നത്. വിപണിയിലുള്ള പല വിൻഡോസ് ലാപ്ടോപ്പുകളിലും ആപ്പിളിന്റെ മാക്ക് കംപ്യൂട്ടറുകളിൽ ഇനിയും എത്തിയിട്ടില്ലാത്ത ഈ സാങ്കേതിക വിദ്യകൾ ഇതിനോടകം ലഭ്യമാണ്.
ഒരു കാലത്ത് ഐഫോണുകൾക്ക് വേണ്ടിയുള്ള 4ജി മോഡങ്ങൾ ആപ്പിളിന് നൽകിയിരുന്നത് ഇന്റൽ ആയിരുന്നു. 5ജിയിലേക്ക് മാറുമ്പോഴും ഇന്റലിന്റെ തന്നെ 5ജി മോഡങ്ങൾ ഉപയോഗിക്കുമെന്ന് പറയപ്പെട്ടിരുന്നുവെങ്കിലും ക്വാൽകോമിൽ നിന്നാണ് ആപ്പിൾ 5ജി മോഡം വാങ്ങിയത്. രണ്ട് വർഷം മുമ്പ് ഇന്റലിന്റെ സ്മാർട്ഫോൺ മോഡം നിർമാണ വ്യവസായം ആപ്പിൾ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ സ്വന്തം 5ജി സ്മാർട്ഫോൺ മോഡങ്ങൾ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ആപ്പിൾ.
നിലവിൽ പ്രൈവറ്റ് കംപ്യൂട്ടറുകൾക്ക് വേണ്ടിയും ഇന്റർനെറ്റ് ഓഫ് തിങ്സ്, ഓട്ടോണമസ് വാഹനങ്ങൾ പോലുള്ള സ്മാർട്ഫോണുകളല്ലാത്ത ഉപകരണങ്ങൾക്കും വേണ്ടിയുള്ള സാങ്കേതിക പിന്തുണയാണ് ഇന്റൽ നൽകിവരുന്നത്.