കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കങ്ങൾക്കൊപ്പം പരസ്യങ്ങൾ പ്രദർശിപ്പിക്കില്ലെന്ന് ഗൂഗിൾ. യൂട്യൂബിലും ഗൂഗിൾ സെർച്ചിലും ഈ നിലപാട് സ്വീകരിക്കുമെന്നാണ് ഗൂഗിളിന്റെ പ്രഖ്യാപനം.
കാലാവസ്ഥാ വ്യതിയാനം ഉണ്ട് എന്ന വസ്തുതയും അതിനുള്ള കാരണങ്ങളും ഉൾപ്പടെ ശാസ്ത്രം ഇതിനോടകം സ്ഥിരീകരിച്ച വിഷയങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കങ്ങളിൽ നിന്നും പണമുണ്ടാക്കാൻ ആളുകളെ അനുവദിക്കില്ല എന്നാണ് ഗൂഗിളിന്റെ പുതിയ പരസ്യ നയം.
കാലാവസ്ഥാ വ്യതിയാനം നുണയാണെന്നും തട്ടിപ്പാണെന്നും ആരോപിക്കുന്ന ഉള്ളടക്കങ്ങളും അന്തരീക്ഷ താപനില വർധിക്കുന്നുണ്ട്, അതിന് കാരണമാകുന്നത് മനുഷ്യരുടെ പ്രവൃത്തികളാണ് തുടങ്ങിയ വാദങ്ങളെ നിഷേധിക്കുകയും ചെയ്‌യുന്ന ഉള്ളടക്കങ്ങൾക്ക് ഇനി ഗൂഗിളിൽ സാമ്പത്തിക മൂല്യമുണ്ടാവില്ല.
അത്തരം ഉള്ളടക്കങ്ങൾക്കൊപ്പം പരസ്യം പ്രദർശിപ്പിക്കാൻ പരസ്യദാതാക്കൾ ആഗ്രഹിക്കുന്നില്ല എന്ന് ഗൂഗിൾ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ള നടപടികൾക്ക് പിന്തുണ നൽകിക്കൊണ്ടാണ് ഗൂഗിളിന്റെ ഈ നീക്കം.