സ്റ്റോക്ഹോം: തന്മാത്രകളും അതിന്റെ പ്രതിബിംബ രൂപവും നിർമിക്കാൻ നവീന മാതൃക സൃഷ്ടിച്ച ജർമൻ ശാസ്ത്രജ്ഞൻ ബെൻജമിൻ ലിസ്റ്റും സ്കോട്ടിഷ് ശാസ്ത്രജ്ഞൻ ഡേവിഡ് മാക്മില്ലനും രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പങ്കിട്ടു. ഔഷധ നിർമാണരംഗത്തും സൗരോർജ പാനലുകളുടെ നിർമാണത്തിലും മുന്നേറ്റമുണ്ടാക്കുന്നതാണ് കണ്ടുപിടിത്തം. സൗരോർജമേഖലയിലെ പ്രാധാന്യത്തോടെ, രാസപ്രവർത്തനങ്ങൾ പ്രകൃതിയിലുണ്ടാക്കുന്ന ആഘാതം കുറയ്‍ക്കുന്നതായി രസതന്ത്രത്തിൽ നിന്നുള്ള ഇത്തവണത്തെ നൊബേൽ എന്ന വിശേഷണവുമുണ്ട്. അതുകൊണ്ടുതന്നെ ഹരിതാഭവും മനുഷ്യപുരോഗതിയിൽ നിർണായകവുമാണ് കണ്ടുപിടിത്തമെന്നാണ് നൊബേൽ സമിതിയുടെ വിലയിരുത്തൽ.
തന്മാത്രകളുടെ നിർമാണത്തിന് ജൈവരാസത്വരണമെന്ന (ഓർഗാനോ കാറ്റലിസിസ്) എന്ന കണ്ടുപിടിത്തം രണ്ടായിരത്തിലാണ് ഇവർ നടത്തുന്നത്. വെളിച്ചം ആഗിരണം ചെയ്‌യുന്ന തന്മാത്രകളാണ് സൗരോർജ സെല്ലുകളിൽ പ്രയോജനപ്പെടുക. തന്മാത്രകളുടെ പ്രതിബംബരൂപത്തിൽ പുതിയ തന്മാത്രകൾ സൃഷ്ടിക്കുന്നത് മരുന്ന് നിർമാണരംഗത്ത് കാര്യമായ ചലനങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
ലോഹങ്ങളും രാസാഗ്നികളും (എൻസൈം) മാത്രമാണ് രാസപ്രവർത്തനങ്ങളെ ത്വരപ്പെടുത്തുന്ന ഉത്‌പ്രേരകങ്ങളായി പ്രവർത്തിക്കൂ എന്ന ധാരണയാണ് ഇവർ പൊളിച്ചെഴുതിയത്.
പുരസ്കാരം തന്മാത്രകളുടെ ശില്പികൾക്ക്
നൊബേൽ ജേതാക്കളിൽ ഒരാളായ ബെഞ്ചമിൻ ലിസ്റ്റ് രൂപപ്പെടുത്തിയ പ്രോ ലൈൻ തന്മാത്രയുടെ മാതൃക സ്റ്റോക്ഹോമിലെ നൊബേൽ വേദിയിൽ പ്രദർശിപ്പിച്ചപ്പോൾ കണ്ടെത്തൽ മരുന്ന് നിർമാണത്തിൽവഴിത്തിരിവായി
തന്മാത്രകൾ രൂപപ്പെടുത്തുന്നത് പ്രയാസമേറിയ കലയാണ്. ഈ കലയിലെ അതികായരായ രണ്ടു ശാസ്ത്രജ്ഞരെ തേടിയാണ് ഈ വർഷത്തെ രസതന്ത്ര നൊബേൽ എത്തിയത്. തന്മാത്രകൾ രൂപപ്പെടുത്തുന്നതിന് ഏറ്റവും കൃത്യതയാർന്ന രീതി വികസിപ്പിച്ച ജർമനിയിലെ മാക്സ് പ്ലാൻക് സർവകലാശാലയിലെ രസതന്ത്രജ്ഞൻ ബെഞ്ചമിൻ ലിസ്റ്റും അമേരിക്കയിലെ പ്രിൻസ്ടൗൺ സർവകലാശാലയിലെ രസതന്ത്ര പ്രൊഫസർ ഡേവിഡ് ഡബ്ല്യു.സി.മാക്മിലനും മനുഷ്യജീവിതം മെച്ചപ്പെടുത്തുന്നതിന് വലിയ സംഭാവനയാണ് നൽകിയതെന്ന് പുരസ്കാരസമിതി വിലയിരുത്തി.
അയവുള്ളതും ഏറെക്കാലം നിലനിൽക്കുന്നതുമായ തന്മാത്രകൾ രൂപപ്പെടുത്തുന്നതിലുള്ള രസതന്ത്രജ്ഞരുടെ കഴിവിനെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷണ, വ്യവസായ മേഖലയുടെ വികാസം. രാസപ്രവർത്തനങ്ങളുടെ ഗതി നിശ്ചയിക്കുന്ന, എന്നാൽ ഉത്‌പന്നമായി മാറാത്ത ഉത്‌പ്രേരകങ്ങളാണ് ഇവിടെ അത്യാവശ്യം. ലോഹങ്ങളും രാസാഗ്നികളും മാത്രമാണ് ഉത്‌പ്രേരകങ്ങൾ എന്നായിരുന്നു കരുതിയിരുന്നത്.
2000-ൽ രണ്ട് വ്യത്യസ്ത പഠനങ്ങളിലൂടെ ഇതു തിരുത്തുകയാണ് മാക്മിലനും ലിസ്റ്റും ചെയ്തത്. ഉത്‌പ്രേരകങ്ങൾ ഓർഗാനിക് രൂപത്തിലും ആവാം എന്നതാണ് ഇവർ കണ്ടെത്തിയത്. 2000-ലാണ് തന്മാത്രയും അതിന്റെ പ്രതിബിംബവും വികസിപ്പിക്കാൻ സഹായിക്കുന്ന ഓർഗാനോകാറ്റലിസിസ് എന്ന കണ്ടുപിടിത്തം ഇവർ നടത്തുന്നത്.
പരിസ്ഥിതിസൗഹാർദവും നിർമാണച്ചെലവ് കുറഞ്ഞതുമായ ഇവയുടെ ഉപയോഗം 2000-ത്തോടെ വ്യാപകമായത് വിവിധ നിർമാണരംഗങ്ങളിൽ വിപ്ലവം സൃഷ്ടിച്ചു.
സൗരോർജ സെല്ലുകളിൽ വെളിച്ചം പിടിച്ചെടുക്കാൻ സാധിക്കുന്ന തന്മാത്രകൾമുതൽ മരുന്നുനിർമാണ രംഗത്ത് വലിയ മാറ്റങ്ങൾക്ക് കാരണമാകുന്ന തന്മാത്രകൾവരെ ഇത്തരത്തിൽ രൂപംകൊണ്ടത് രസതന്ത്രത്തെ ഹരിതാഭവും മനുഷ്യജീവിതം സുഖപ്രദവുമാക്കിയതായി നൊബേൽ സമിതി നിരീക്ഷിച്ചു.