ആർഎസ്എസ് അനുകൂലികളും ഗ്രൂപ്പുകളും പേജുകളും ഭീതി പരത്തുന്നതും മുസ്ലീം വിരുദ്ധവുമായ പോസ്റ്റുകൾ ഫെയ്സ്ബുക്കിൽ പങ്കുവെക്കുന്നതിനെ കുറിച്ച് ബോധ്യമുണ്ടായിട്ടും ഇന്ത്യയിൽ ഫെയ്സ്ബുക്കിന് നടപടികളൊന്നും സ്വീകരിക്കാൻ സാധിച്ചില്ലെന്ന് മുൻ ജീവനക്കാരി ഫ്രാൻസിസ് ഹൗഗന്റെ വെളിപ്പെടുത്തൽ. ഹിന്ദിയും ബെംഗാളിയും തിരിച്ചറിയുന്നതിൽ മതിയായ സാങ്കേതിക വിദ്യയില്ലാത്തതാണ് അതിന് കാരണമെന്നും ഹൗഗൻ ചൂണ്ടിക്കാണിക്കുന്നു.
ഫെയ്സ്ബുക്കിന്റെ ഭാഷാ പരിജ്ഞാനം അപര്യാപ്തമാണ്. ഇത് ആഗോള തലത്തിൽ വ്യാജ വാർത്താ പ്രചാരണത്തിനും പ്രാദേശിക കലാപങ്ങൾക്കും വഴിവെക്കുന്നുവെന്നും ഫെയ്സ്ബുക്കിലെ മുൻ ജീവനക്കാരിയായിരുന്ന ഹൗഗൻ യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്സചേഞ്ച് കമ്മീഷന് രേഖാമൂലം നൽകിയ പരാതിയിൽ പറയുന്നു.
ഇന്ത്യയിൽ ഫെയ്സ്ബുക്കിനുണ്ടായിട്ടുള്ള പിഴവുകൾ വിശദമാക്കുന്ന അഡ്വേഴ്ലസറിയൽ ഹാംഫുൾ നെറ്റ് വർക്ക്സ്- ഇന്ത്യ കേസ് സ്റ്റഡി എന്ന തലക്കെട്ടിലുള്ള രേഖകളാണ് ഗൗദൻ യുഎസ് എസ്ഇസിയ്‍ക്ക് നൽകിയത്.
മനുഷ്യത്വരഹിതമായ നിരവധി പോസ്റ്റുകളുണ്ടായിരുന്നു. ഹിന്ദി, ബംഗാളി ക്ലാസിഫയറുകളുടെ അഭാവം മൂലം ഈ ഉള്ളടക്കത്തിന്റെ ഭൂരിഭാഗവും ഒരിക്കലും ഫ്ലാഗുചെയ്‌യുകയോ അതിൻ മേൽ നടപടിയെടുക്കുകയോ ചെയ്തില്ല.
ഫെയ്സ്ബുക്കിൽ വിദ്വേഷ പ്രസംഗങ്ങൾ തിരിച്ചറിയുന്ന സംവിധാനത്തെയാണ് ക്ലാസിഫയറുകൾ എന്ന് വിളിക്കുന്നത്. 2020 ലാണ് ഹിന്ദി, ബംഗാളി ഭാഷകളിലുള്ള ഹേറ്റ് സ്പീച്ച് ക്ലാസിഫയറുകൾ ഫെയ്സ്ബുക്കിൽ ചേർക്കുന്നത്. അക്രമവും അതിനുള്ള പ്രോത്സാഹനവും തിരിച്ചറിയുന്നതിനുള്ള ക്ലാസിഫയറുകൾ ചേർക്കുന്നത് 2021 തുടക്കത്തിലാണ്.
വ്യാജ വാർത്താ പ്രചാരണം തടയുന്നതിന് വേണ്ടിയുള്ള ബജറ്റിൽ 87 ശതമാനവും അമേരിക്കയ്‍ക്ക് വേണ്ടിയാണ് നീക്കിവെച്ചിരിക്കുന്നത്. ബാക്കിയുള്ള 13 ശതമാനം മാത്രമാണ് ഇന്ത്യയുൾപ്പടെയുള്ള മറ്റു രാജ്യങ്ങളിൽ ചെലവാക്കുന്നത്. അമേരിക്കയിലും കാനഡയിലും ഫെയ്സ്ബുക്കിന്റെ ആകെ പ്രതിദിന ഉപഭോക്താക്കളിൽ 10 ശതമാനം മാത്രമേ ഉള്ളൂ എന്നിരിക്കെ രാജ്യങ്ങളുടെ നിലനിൽപിനെ തന്നെ ബാധിക്കാവുന്ന വ്യാജവാർത്താ പ്രചാരണം തടയുന്നതിനുള്ള കാര്യമായ നീക്കങ്ങളൊന്നും ഫെയ്സ്ബുക്ക് നടത്തിയിരുന്നില്ലെന്നാണ് ഹൗഗന്റെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത്.
ഇന്ത്യ ഫെയ്സ്ബുക്കിന്റെ വലിയൊരു വിപണിയാണ്. രാജ്യത്തെ 41 കോടിയാളുകൾ ഫെയ്സ്ബുക്കും 53 കോടി പേർ വാട്സാപ്പും 21 കോടിയാളുകൾ ഇൻസ്റ്റാഗ്രാമും ഉപയോഗിക്കുന്നവരാണ്.
ഫെയ്സ്ബുക്കിൽ പ്രവർത്തിച്ചിരുന്ന സമയത്ത് രഹസ്യമായി പകർത്തിയെടുത്ത നിരവധി രേഖകളാണ് ഹൗഗൻ അമേരിക്കൻ അധികാരികൾക്കും മാധ്യമങ്ങൾക്കും പങ്കുവെച്ചത്. ജനങ്ങളുടെ മാനസികാവസ്ഥയെ ഫെയ്സ്ബുക്ക് ദോഷകരമായി ബാധിക്കുന്നുണ്ടെന്നതിന്റെ നിരവധി തെളിവുകളാണ് ഇതിലുള്ളത്.