ന്യൂഡല്ഹി> കേരളത്തിനെതിരെ വിവാദ പരാമര്ശവുമായി ദല്ഹി സര്വകലാശാലയലെ സംഘപരിവാർ പ്രൊഫസര്. കേരളത്തില് ആസൂത്രിതമായി മാര്ക്ക് ജിഹാദ് നടക്കുന്നുണ്ടെന്നും ഇതിന് പിന്നില് സംഘടിത ശക്തികളുണ്ടെന്നും പ്രൊഫസര് രാകേഷ് കുമാര് പാണ്ഡെയാണ് സമൂഹ മാധ്യമത്തില് പരാമര്ശിച്ചത്. കൂടുതല് മലയാളി വിദ്യാര്ഥികള് ഇത്തവണ ആദ്യത്തെ കട്ട്ഓഫില് തന്നെ ദല്ഹി സര്വകലാശാലയില് പ്രവേശനം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം. ആര്എസ്എസ് ബന്ധമുള്ള നാഷണല് ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ടിന്റെ മുന് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.
ദല്ഹി സര്വകലാശാലയിലേക്ക് ബിരുദതല പ്രവേശനം ആരംഭിച്ചതിനു പിന്നാലെയാണ് വിവാദ പരാമർശം. രാജ്യത്തെ ഏറ്റവും മികച്ച സര്വകലാശാലകളെ കൈപ്പിടിയിലൊതുക്കാന് ഇടതുപക്ഷ കേന്ദ്രമായ കേരളത്തില് നിന്നും ആസൂത്രിത ശ്രമം നടക്കുകയാണെന്ന് പാണ്ഠേ ആരോപിക്കുന്നു. കേരളത്തില് ലൗ ജിഹാദ് ഉള്ളതുപോലെ മാര്ക്ക് ജിഹാദുമുണ്ട്. രണ്ടോ മൂന്നോ വര്ഷമായി നടക്കുന്ന സംഘടിതമായ ഗൂഢനീക്കത്തിന്റെ ഭാഗമാണിത്. ജവഹര്ലാല് നെഹ്റു യൂണിവേഴ്സിറ്റിയില് പരീക്ഷിച്ച അതേ നടപടിയാണ് ഇടതുപക്ഷം ദല്ഹി സര്വകലാശാലയിലേക്ക് വ്യാപിപ്പിക്കാന് ശ്രമിക്കുന്നതെന്ന് ഈ സംഘപരിവാർ പ്രൊഫസര് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.