ആരോഗ്യകരമായ ഭാരം നിലനിർത്തുക:
എപ്പോഴും ആരോഗ്യകരമായ ഭാരം നിലനിർത്തേണ്ടത് മാറിടങ്ങളെ ആരോഗ്യത്തോടെ നിലനിർത്താൻ അത്യാവശ്യമാണ്. ഒരാളുടെ ഉയരം, വയസ്സ് എന്നിവ അടിസ്ഥാനമാക്കിയാണ് ആവശ്യമുള്ള ഭാരം നിർണയിക്കുന്നത്. ആവശ്യമുള്ളതിനേക്കാൾ ഭാരം കൂടുകയോ കുറയുകയോ ചെയ്യുന്നത് അപകടം സൃഷ്ടിക്കും. എല്ലായ്പ്പോഴും നിങ്ങളുടെ BMI 23 ന് താഴെയായി നിലനിർത്താൻ ശ്രമിയ്ക്കുക.
വ്യായാമം പതിവാക്കാം :
ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതിനായി വ്യായാമം എപ്പോഴും മികച്ച ശീലമാണ്. മാറിടങ്ങളുടെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. ആഴ്ചയിൽ 5 ദിവസമെങ്കിലും കുറഞ്ഞത് 30 മിനിറ്റ് നേരം വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. നീന്തൽ, സൈക്ലിംഗ്, എയറോബിക്സ്, നടത്തം, ഫിറ്റ്നസ് ട്രെയിനിംഗ്, ജോഗിംഗ് തുടങ്ങിയവയിൽ ഏതെങ്കിലും ചെയ്ത് തുടങ്ങുന്നത് നല്ലതാണ്. ഇത് മാറിടങ്ങളുടെ ആരോഗ്യം വലിയ തോതിൽ മെച്ചപ്പെടുത്തും.
മദ്യപാനവും പുകവലിയും വേണ്ട:
ബ്രെസ്റ്റ് ക്യാൻസറിന് കാരണമാകുന്ന ശീലങ്ങൾ ഉപേക്ഷിക്കുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. മദ്യപാനം, പുകവലി എന്നിവ ഇത്തരം ക്യാൻസർ കോശങ്ങളെ വളർത്താൻ വഴിവെക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ ആൽക്കഹോൾ ഉപഭോഗം, പുകവലി എന്നിവ പൂർണമായും ഉപേക്ഷിക്കുക.
സമീകൃതാഹാരം കഴിക്കാം:
എന്തെങ്കിലും കഴിച്ചു വിശപ്പ് മാറ്റുക എന്നതല്ല, ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം മിതമായ അളവിൽ എന്നും ഭക്ഷണ രീതിയിൽ ഉൾപ്പെടുത്തുക എന്നതാണ് പ്രധാനം. നമ്മുടെ ശരീരം ഇപ്പോഴും ആരോഗ്യത്തോടെയിരിക്കാൻ ഈ രീതി മികച്ചതാണ്. അതുപോലെ തന്നെ മാറിടങ്ങളുടെ ആരോഗ്യത്തിനും സമീകൃതാഹാരം അത്യാവശ്യമാണ്. ഇതിനായി ലീഫി വെജിറ്റബിൾസ്, ക്യാരറ്റ്, തക്കാളി എന്നിവ ധാരാളമായി കഴിക്കാൻ ശ്രമിക്കാം,അതോടൊപ്പം തന്നെ സിട്രസ് അടങ്ങിയ പഴങ്ങളും ബെറി ഇനത്തിൽ ഉൾപ്പെടുന്നവയും ധാരാളമായി കഴിക്കാം. കൂടാതെ ജങ്ക് ഫുഡ്, കാൻ ഫുഡ് ഇനത്തിലുള്ള ഭക്ഷണ പദാർഥങ്ങൾ കഴിയുന്നതും ഒഴിവാക്കുകയാണ് നല്ലത്. ഇതോടൊപ്പം ധാരാളമായി വെള്ളം കുടിയ്ക്കാനും ശ്രദ്ധിക്കണം. ഇപ്പോഴും ആരോഗ്യത്തോടെയിരിക്കാൻ ഈ ശീലം സഹായിക്കും.
മടിയില്ലാതെ മുലയൂട്ടാം:
അമ്മമാർ കുറഞ്ഞത് ആറു മാസമോ അല്ലെങ്കിൽ അതിലധികമോ മുലയൂട്ടിയാൽ മാറിടങ്ങളുടെ ആരോഗ്യം വർധിക്കും. മുലയൂട്ടൽ എത്ര നീളുന്നുവോ അത്രയും കൂടുതൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം വർധിക്കും. അതിനാൽ മാതൃത്വം ആഘോഷമാക്കി കൊണ്ട് തന്നെ മുലയൂട്ടിക്കോളൂ, നിങ്ങളുടെ ആരോഗ്യത്തോടെ തുടരട്ടെ.
സ്തനങ്ങൾ സ്വയം പരിശോധിക്കാം:
മാറിടങ്ങൾ പതിവായി ശ്രദ്ധിക്കുക, നിങ്ങളുടെ മാറിടത്തിൽ വരുന്ന ചെറിയ മാറ്റങ്ങൾ പോലും തിരിച്ചറിയാൻ ഇത് അത്യാവശ്യമാണ്. അസാധാരണമായ വിധത്തിൽ മാറിടങ്ങളിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള ദ്രവങ്ങൾ പുറത്ത് വരികയോ മുഴകളോ തടിപ്പോ കാണപ്പെടുകയോ ചെയ്താൽ ശ്രദ്ധിക്കണം. സ്തനങ്ങൾക്ക് സമീപമായി വീക്കം കണ്ടാലും ശ്രദ്ധിക്കണം. 40 കഴിഞ്ഞ സ്ത്രീകൾ നിശ്ചിത ഇടവേളകളിൽ മമോഗ്രാം ചെയ്യുന്നത് നല്ലതാണ്. നിപ്പിൾ എല്ലായ്പ്പോഴും അകത്തേയ്ക്ക് വലിഞ്ഞു നിൽക്കുകയാണെങ്കിലോ ചുവന്ന പാടുകൾ കണ്ടു തുടങ്ങുകയാണെങ്കിലോ തീർച്ചയായും മമ്മോഗ്രാം ചെയ്യേണ്ടത് അത്യാവശ്യമാണ്.