തിരുവനന്തപുരം > കാരവാൻ ടൂറിസം പോലുള്ള നൂതന ടൂറിസം സംവിധാനങ്ങള് കേരളത്തിന് പരിചയപ്പെടുത്താനുള്ള പദ്ധതികുളുടെ നടപടിക്രമങ്ങള് ആരംഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രതിസന്ധിയില് കരഞ്ഞിരിക്കുക എന്നതല്ല നമ്മുടെ നയം. ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്നും കരകയറാനുള്ള പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. പുതിയ മേഖലകളിലേക്ക് ടൂറിസത്തെ വളര്ത്താനുതകുന്ന പദ്ധതികളാണ് വരും ദിവസങ്ങളില് നടപ്പാക്കാന് പോകുന്നതെന്നും എച്ച് സലാം എംഎല്എയുടെ ശ്രദ്ധക്ഷണിക്കല് നോട്ടീസിന് മറുപടിയായി മന്ത്രി പറഞ്ഞു.
എണ്പതുകളുടെ ഒടുവിലാണ് വിനോദ സഞ്ചാര ഉത്പ്പന്നം എന്ന നിലയില് കെട്ടുവള്ളം അഥവാ ഹൗസ്ബോട്ടുകള് ആരംഭിച്ചത്. എന്നാല് പിന്നീട് നമുക്ക് അത്തരത്തിലുള്ള ഒരു ഉത്പ്പന്നം ഉയര്ന്നു വന്നിരുന്നില്ല. സിനിമാ താരങ്ങളുടെ ആഡംബരവാഹനം എന്ന നിലയിലാണ് കാരവാനുകള് പൊതുവെ കണക്കാക്കാറുള്ളത്. രണ്ടു പേര്ക്കും നാല് പേര്ക്കും യാത്ര ചെയ്യാവുന്ന തരത്തിലുളള കാരവാനുകളാണ് നിലവിലുള്ളത്. ഈ പദ്ധതിയുടെ ഭാഗമായി ഒരു പരിശോധന നടത്തിയപ്പോള് അണ്എക്സ്പ്ലോര്ഡ് ഡെസ്റ്റിനേഷനുകളെ കണ്ടെത്താനും വികസിപ്പിക്കാനും കഴിയും എന്നാണ് കണ്ടെത്തിയത്.
സാധ്യത ഉണ്ടായിട്ടും ചില സ്ഥലങ്ങളില് ആളുകള് വരാത്തതിന് കാരണം അവിടെ താമസിക്കാനും മറ്റുമുള്ള സംവിധാനത്തിൻ്റെ അപര്യാപ്തത കൊണ്ടാണ്. ഇവിടങ്ങളില് കാരവന് പാര്ക്കുകള് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. പൊതു സ്വകാര്യ പങ്കാളിത്തോടെ കാരവാന് പാർക്കുകള് ഉണ്ടാക്കാം. ഒരു പഞ്ചായത്തില് ഒരു കാരവൻ പാർക്ക് വന്നാല് അല്ലെങ്കില് ഒരു പ്രത്യേക സ്ഥലത്ത് വന്നു കഴിഞ്ഞാല് അതൊരു പ്രധാന കേന്ദ്രമായി മാറുന്നു. അവിടെ ആളുകള്ക്ക് തൊഴില് ലഭ്യമാകുന്നു. ഭക്ഷണം, വെള്ളം തുടങ്ങിയവയൊക്കെ എത്തിക്കേണ്ടി വരും. അങ്ങനെ തൊഴിൽസാധ്യത വര്ധിക്കും. നാടന്കലകളൊക്കെ അവതരിപ്പിക്കുന്ന പ്രധാനപ്പെട്ട കള്ച്ചറല് ഹബ്ബ് ആക്കി മാറ്റാനു പറ്റും – മന്ത്രി പറഞ്ഞു.
കോവിഡ് തീര്ത്ത പ്രതിസന്ധി ഏറ്റവും കൂടുതല് ബാധിച്ച മേഖലയാണ് ടൂറിസം മേഖല. ഇപ്പോഴും കോവിഡിനൊപ്പമാണ് ടൂറിസം മുന്നോട്ടു പോകുന്നത്. അതിജീവിക്കും എന്ന ആത്മവിശ്വാസം ടൂറിസം മേഖലയ്ക്ക് ഉണ്ടാക്കുക എന്നതിനാണ് ഈ ഘട്ടത്തില് സര്ക്കാര് പ്രാധാന്യം നല്കിയത്. അതിന് സഞ്ചാരികൾക്ക് നമ്മുടെ നാട് സുരക്ഷിത കേന്ദ്രമായി അനുഭവപ്പെടണം. സഞ്ചാരികള് കേരളത്തിലേക്ക് എത്തണം. ഇതിനായി സുരക്ഷിത കേരളം, സുരക്ഷിത ടൂറിസം എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകി. നൂറു ശതമാനം വാക്സിനേറ്റഡ് ടൂറിസം കേന്ദ്രങ്ങൾ എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ പ്രത്യേക പദ്ധതി തന്നെ നടപ്പാക്കി. വയനാട്ടിലെ വൈത്തിരിയിലാണ് തുടങ്ങിയത്. ആദ്യ ഡോസിന്റെ കാര്യത്തിൽ വയനാട് ജില്ലയാകെ പൂർത്തീകരിച്ചു. അത് മറ്റ് ഡസ്റ്റിനേഷനുകളിലേക്കും വ്യാപിപ്പിച്ചു. ഭൂരിഭാഗം ഡസ്റ്റിനേഷനുകളും ഈ ലക്ഷ്യം കൈവരിച്ചു കഴിഞ്ഞു.
നൂറു ശതമാനം ഡെസ്റ്റിനേഷന് ആയി വൈത്തിരി മാറിയപ്പോൾ രാജ്യം തന്നെ അത് ശ്രദ്ധിച്ചു. ടൂറിസം മേഖല തുറന്നതോടെ വയനാട്ടിലേക്ക് സഞ്ചാരികളുടെ വരവിലുണ്ടായ വർധനവ് ഇതിന്റെ പ്രതിഫലനമായി കൂടി കാണാവുന്നതാണ്. വയനാട്ടില് മാത്രമല്ല, മറ്റു ഡസ്റ്റിനേഷനുകളിലും ഇപ്പോള് സഞ്ചാരികള് എത്തിത്തുടങ്ങി. ഡസ്റ്റിനേഷനുകള് സജീവമായി തുടങ്ങി. ടൂറിസം മേഖല തുറക്കുമ്പോഴും കരുതലോടെയാണ് വകുപ്പ് പദ്ധതികള് തയ്യാറാക്കിയത്. ബയോബബിള് സംവിധാനത്തിലൂടെ ടൂറിസം മേഖലയെ സുരക്ഷിതമാക്കുകയും ചെയ്തു. ഇതെല്ലാം ചേര്ന്നപ്പോള് ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില് വര്ധനവ് പ്രകടമാകുന്നു എന്നാണ് ഇപ്പോഴുള്ള കണക്കുകള് സൂചിപ്പിക്കുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തില് ടൂറിസം രംഗത്ത് പ്രവര്ത്തിക്കുന്നവര്ക്കായി നിരവധി പദ്ധതികള് സര്ക്കാര് നടപ്പാക്കുന്നുണ്ട്. ടൂറിസം വര്ക്കിംഗ് ക്യാപ്പിറ്റല് സപ്പോര്ട്ട് സ്കീം, തൊഴിലാളികള്ക്കായി ടൂറിസം എംപ്ലോയ്മെന്റ് സപ്പോര്ട്ട് സ്കീം എന്നീ രണ്ട് വായ്പാ പദ്ധതികള് നടപ്പാക്കി വരുന്നു. ഹൗസ് ബോട്ടുകളുടെ അറ്റകുറ്റപ്പണികള്ക്കായി മെയിന്റനന്സ് ഗ്രാന്റും നല്കി വരുന്നു. ടൂറിസം രംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് സാമ്പത്തിക സഹായം നല്കുന്നതിനുള്ള റിവോള്വിംഗ് ഫണ്ട് പദ്ധതിയും നടപ്പാക്കുകയാണ്.
കേരളത്തിലെ കാര്ഷിക പ്രവര്ത്തനങ്ങളെ സംരക്ഷിച്ചുകൊണ്ട് വിനോദസഞ്ചാര മേഖലയുമായി കൂട്ടിയിണക്കുന്ന പദ്ധതിയാണ് ഇത്. വരുമാനലഭ്യത ഉറപ്പുവരുത്താന് ഉത്തരവാദിത്ത ടൂറിസത്തിന്റെ സാധ്യത കൂടി ഉപയോഗപ്പെടുത്തുകയാണ്. ഈ പദ്ധതി പ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.