സ്റ്റോക്ഹോം : കണ്ടും കേട്ടും മണത്തും രുചിച്ചും സ്പർശിച്ചുമാണ് മനുഷ്യർ പ്രകൃതിയുമായും ചുറ്റിലുമുള്ളവരുമായും സംവദിക്കുന്നത്. ഇന്ദ്രിയങ്ങളുടെ പിന്നിലെ ഈ രഹസ്യങ്ങളാണ് അവർ കാലങ്ങളായി തേടിക്കൊണ്ടിരിക്കുന്നതും. ഇതുസംബന്ധിച്ച നിർണായക കണ്ടെത്തലിനാണ് ഡേവിഡ് ജൂലിയസും ലെബനീസ് വംശജനായ അമേരിക്കൻ ശാസ്ത്രജ്ഞൻ ആർഡെം പെറ്റാപൗടെയ്നും 2021-ലെ വൈദ്യശാസ്ത്ര നൊബേലിന് അർഹരായത്.
1990-കളിലാണ് ഇതുസംബന്ധിച്ച വ്യത്യസ്ത പഠനങ്ങൾ ആരംഭിക്കുന്നത്. ചർമത്തിലേൽക്കുന്ന ചൂടും സ്പർശവും നാഡികളെ എങ്ങനെ ഉത്തേജിപ്പിക്കുന്നു എന്ന് കണ്ടെത്തുകയായിരുന്നു രണ്ടു പഠനങ്ങളുടെയും ലക്ഷ്യം. ചർമത്തിലെ നാഡികളിലൂടെ അറ്റം പഠനവിധേയമാക്കി മനുഷ്യശരീരം എങ്ങനെ ചൂടിനോട് പ്രതികരിക്കുന്നു എന്നത് മനസ്സിലാക്കാനാണ് ജൂലിയസ് ശ്രമിച്ചത്. പച്ചമുളകിന് എരിവ് പകരുന്ന കാപ്സെയ്സിൻ മിശ്രിതമാണ് അദ്ദേഹം പഠനത്തിനായി തിരഞ്ഞെടുത്തത്. നാഡീകോശങ്ങളെ ഉത്തേജിപ്പിച്ച് എരിവും വേദനയും ഉണ്ടാക്കാൻ കാപ്സെയ്സിൻ കഴിയുമെന്നത് അറിയാവുന്ന കാര്യമായിരുന്നെങ്കിലും ഇതിന്റെ കാരണം രഹസ്യമായി തുടരുകയായിരുന്നു. ഇതിനായി ദശലക്ഷക്കണക്കിന് ഡി.എൻ.എ. ഇഴകളുടെ ലൈബ്രറിയുണ്ടാക്കുകയാണ് ജൂലിയസും കൂട്ടരും ചെയ്തത്. ഇവയിൽനിന്ന് വേദനയോടും ചൂടിനോടും സ്പർശത്തോടും പ്രതികരിക്കാനാകുന്നവയെ കണ്ടെത്തിയത് നിർണായക വഴിത്തിരിവായി. തുടർന്നുള്ള ഗവേഷണത്തിലൂടെ ഇവയിൽനിന്ന് ചൂട് അനുഭവവേദ്യമാകാൻ കാരണമാകുന്ന സ്വീകരണിയെ വേർതിരിച്ചു. സ്പർശത്തോട് എങ്ങനെ കോശങ്ങൾ പ്രതികരിക്കുന്നു എന്നതു മനസ്സിലാക്കാൻ സമ്മർദത്തോട് പ്രതികരിക്കുന്ന കോശങ്ങളിൽ പഠനംനടത്തുകയാണ് പെറ്റാപൗടെയ്ൻ ചെയ്തത്.
മനുഷ്യർ പരസ്പരം അകന്നുകഴിഞ്ഞ വർഷമാണ് കടന്നുപോയതെന്ന് നൊബേൽ സമിതി പറഞ്ഞു. ആലിംഗനത്തിന്റെയും സ്പർശത്തിന്റെയും ഊഷ്മളത എത്രമാത്രം വിലപ്പെട്ടതാണെന്ന് അവ നഷ്ടപ്പെട്ടപ്പോൾ നാം തിരിച്ചറിഞ്ഞു. ഓരോ ആലിംഗനവും ഊഷ്മളമാക്കുന്നത് ഈ സ്വീകരണികളാണ്. ഇവയാണ് നമ്മെ പരസ്പരം അടുപ്പിക്കുന്നത്, നൊബേൽ സമിതി അംഗം പ്രൊഫസർ അബ്ദേൽ എൽ മനിറ പറഞ്ഞു.