ന്യൂഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ ആപ്പുകളായ വാട്സ്ആപ്പ്, ഫേസ്ബുക്ക്. ഇൻസ്റ്റഗ്രാം എന്നിവയുടെ സേവനം ലഭ്യമായി തുടങ്ങി. ഇന്ത്യൻ സമയം ഇന്നലെ രാത്രി ഒമ്പത് മണിയോടെ തടസ്സപ്പെട്ട സേവനങ്ങൾ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് പുനഃസ്ഥാപിച്ചത്. സാങ്കേതിക കാരണങ്ങളാൽ തടസം നേരിട്ടതിൽ ഖേദിക്കുന്നു എന്നും ആപ്പുകൾ വീണ്ടും ഓൺലൈനായതായും ഫേസ്ബുക്ക് ട്വിറ്ററിലൂടെ അറിയിച്ചു.
രാത്രി പ്രവർത്തനം നിലച്ചതോടെ ഉടൻ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയെന്നും ഫേസ്ബുക്ക് അറിയിച്ചിരുന്നു. എന്നാൽ ആറ് മണിക്കൂറുൾക്ക് ശേഷമാണ് സേവനങ്ങൾ പുനഃസ്ഥാപിക്കാൻ സാധിച്ചത്. സന്ദേശങ്ങൾ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയാതിരിക്കുക, ലോഗിൻ ചെയ്യാനോ ഫീഡ് പുതുക്കാനോ നേരിട്ടുള്ള സന്ദേശങ്ങൾ അയയ്ക്കാനോ സാധിക്കാതിരിക്കുക തുടങ്ങിയ പ്രശ്ങ്ങളാണ് ഉപയോക്താക്കൾ നേരിട്ടത്.
സേവനങ്ങൾ തടസപ്പെടാനുള്ള കാരണം ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഉപയോക്താക്കളെ സെർവറുമായി ബന്ധിപ്പിക്കുന്ന ഡൊമൈൻ നെയിം സിസ്റ്റം (ഡിഎൻഎസ്) തകരാർ കരണമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഫേസ്ബുക്കിന്റെ ആഭ്യന്തര കമ്യുണിക്കേഷൻ നെറ്റ്വർക്കിന്റെ പ്രവർത്തനവും നിലച്ചതായി വിവരമുണ്ട്.
ലോകവ്യാപകമായി സേവനങ്ങൾ തടസപ്പെട്ടിരുന്നു. ലാഭത്തിനായി ഫേസ്ബുക്കും ഉപകമ്പനികളും വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നു എന്ന ഒരു അമേരിക്കൻ ഒരു വിസിൽ ബ്ലോവർ ആരോപണത്തിന് പിന്നാലെ ആയിരുന്നു സേവനങ്ങളും തടസ്സപ്പെട്ടത്. ഒരേ ദിവസമുണ്ടായ രണ്ടു പ്രശ്നങ്ങളുടെയും ഫലമായി ഫേസ്ബുക്കിന്റെ ഓഹരി മൂല്യത്തിൽ ഏകദേശം 5.5 ശതമാനം ഇടിവുണ്ടായി.
സ്റ്റാൻഡേർഡ് മീഡിയ ഇൻഡക്‌സിന്റെ കണക്കുകൾ പ്രകാരം, മണിക്കൂറുകളോളം സേവനം തടസപ്പെട്ടതോടെ ലോകത്തിലെ രണ്ടാമത്തെ വലിയ ഡിജിറ്റൽ പരസ്യ പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്കിന് യുഎസ് പരസ്യ വരുമാനത്തിൽ ഓരോ മണിക്കൂറിലും ഏകദേശം 545,000 ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്.
The post വാട്സ്ആപ്പും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും തിരിച്ചെത്തി; സേവനങ്ങൾ തടസ്സപ്പെട്ടത് ആറ് മണിക്കൂർ appeared first on Indian Express Malayalam.