കോഴിക്കോട്: അവന് ഇടയ്ക്ക് പനിയും തൊണ്ടവേദനയും വരാറുള്ളതാണ്. അതുപോലെയൊന്നായിരിക്കും എന്നാണ് കരുതിയത്. ഡോക്ടർമാരും ആദ്യം ഇതുതന്നെയാണ് പറഞ്ഞത്. തിരിച്ചുവരുമെന്നു തന്നെയായിരുന്നു ഞങ്ങളുടെ പ്രതീക്ഷ -വാക്കുകൾ മുഴുമിപ്പിക്കാനാകാതെ ചാത്തമംഗലം പാഴൂർ വായോളി അബൂബക്കർ നിശ്ശബ്ദനായി.
പൊന്നുപോലെ വളർത്തിയ ഏകമകൻ 12-കാരനായ മുഹമ്മദ് ഹാഷിം നിപബാധിച്ച് മരിച്ചിട്ട് ഒക്ടോബർ അഞ്ചിന് ഒരു മാസം തികയുകയാണ്. 21 ദിവസത്തെ ക്വാറന്റീൻ കഴിഞ്ഞ് മാതാപിതാക്കൾ അബൂബക്കറും വഹീദയും ഒരാഴ്ചമുമ്പാണ് വഹീദയുടെ വീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയത്.
ഓഗസ്റ്റ് 27-നായിരുന്നു പനിയുടെ ലക്ഷണങ്ങൾ ഹാഷിം കാണിച്ചുതുടങ്ങിയത്. അന്ന് പാരസെറ്റമോൾ കൊടുത്തെങ്കിലും 29-ന് എരഞ്ഞിമാവിലുള്ള സ്വകാര്യ ക്ലിനിക്കിൽ കാണിച്ച് ആന്റിബയോട്ടിക് മരുന്നുകൾ കൊടുത്തു. പക്ഷേ, 30-ന് പനി കൂടുകയും പലവട്ടം ഛർദിക്കുകയും ചെയ്തു.
31-ന് ഇ.എം.എസ്. ആശുപത്രിയിൽ കാണിച്ച് ആന്റിജൻ ടെസ്റ്റ് നടത്തി, കോവിഡ് അല്ലെന്ന് ഉറപ്പുവരുത്തി. എന്നിട്ടും സംശയം തോന്നിയതിനാൽ ശാന്തി ആശുപത്രിയിൽ ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി. പരിശോധന നെഗറ്റീവ് ആയിരുന്നെങ്കിലും ഓക്സിജൻ ലെവൽ കുറഞ്ഞിരുന്നതിനാൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
ക്ഷീണിച്ച് അവശനായിരുന്നെങ്കിലും ഹാഷിം ചോദ്യങ്ങൾക്ക് മറുപടി നൽകുന്നുണ്ടായിരുന്നു അപ്പോഴുമെന്ന് വഹീദ ഓർക്കുന്നു. പനി കൂടി വായിൽനിന്നും നുരയും പതയും വന്നിട്ടും മെഡിക്കൽ കോളേജ് അധികൃതർ വേണ്ടത്ര പരിചരണം നൽകിയില്ലെന്ന് വഹീദ പറയുന്നു.
അവിടെ ഹൗസ് സർജൻസി ചെയ്യുന്ന ഡോക്ടർമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരോട് ഞാൻ കാര്യം പറഞ്ഞപ്പോൾ സീനിയർ ഡോക്ടർ വരട്ടെ എന്നുപറഞ്ഞ് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് എക്സ്റേയും സി.ടി. സ്കാനും മാത്രം എടുത്തു.
രാത്രി ഏറെ വൈകിയപ്പോൾ അസുഖം മൂർച്ഛിക്കുകയും നാവ് പുറത്തിടുകയും പല്ലുകൂട്ടി കടിക്കുകയും പോലുള്ള വെപ്രാളം കാണിച്ചിരുന്നു.
നേരം പുലർന്നപ്പോൾ ഡോക്ടർമാർ കുട്ടികൾക്കുള്ള വെന്റിലേറ്റർ ലഭ്യമല്ല എന്നുപറഞ്ഞ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു.
സെപ്റ്റംബർ ഒന്നിന് മിംസിലേക്ക് മാറ്റിയപ്പോഴേക്കും നില വഷളായിരുന്നു. നമുക്ക് വീട്ടിലേക്ക് പോകാമെന്ന് അവൻ എന്നോട് ഐ.സി.യു.വിൽവെച്ച് പറഞ്ഞിരുന്നു. അവനെ എഴുന്നേൽപ്പിച്ച് മൂത്രമൊഴിപ്പിച്ചു.
ഭക്ഷണം തലയിൽ കയറി ചുമയ്ക്കുമോ എന്ന ഭയന്ന് കഞ്ഞി കൊടുത്തില്ല. വീണ്ടും അവനെ ഒന്ന് എടുക്കാൻ ഞാൻ ശ്രമിച്ചിരുന്നു. പക്ഷേ, വിധി അതിനു സമ്മതിച്ചില്ല -വഹീദ നിറകണ്ണുകളോടെ പറഞ്ഞു.
•വവ്വാലുകളുടെ സാന്നിധ്യമേറെ
ഹാഷിം പനി തുടങ്ങുന്നതിന് രണ്ടുനാൾമുമ്പ് പിതാവിനെ തോട്ടത്തിൽ അടയ്ക്കപെറുക്കാൻ സഹായിച്ചിരുന്നു. കവുങ്ങും പേരമരങ്ങളും ഏറെയുള്ള പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യം വളരെ കൂടുതലാണ്. പാഴൂരിന് തൊട്ടടുത്തുള്ള കൊടിയത്തൂർ പഞ്ചായത്തിൽനിന്ന് പിടിച്ച നൂറോളം വവ്വാലുകളിലാണ് കഴിഞ്ഞദിവസം നിപയുടെ ആന്റിബോഡി സ്ഥിരീകരിച്ചത്.
•ഭയം വിട്ടൊഴിയാതെ പാഴൂർ
ഹാഷിം മരിച്ച ദിവസംമുതൽ പാഴൂർ പ്രദേശം അടച്ചിടുകയായിരുന്നു. 188 പേർ സമ്പർക്കത്തിൽ ഉണ്ടായിരുന്നെങ്കിലും എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവ് ആയി. ഭീതിയകന്ന അങ്ങാടിയിൽ വീണ്ടും തിരക്കേറിവരുമ്പോഴാണ് വവ്വാലുകളിൽ ആന്റിബോഡി കണ്ടെത്തിയത്. വവ്വാലുകൾ കൂട്ടത്തോടെ മരങ്ങളിലേക്ക് ചേക്കേറുന്ന കാഴ്ച നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നുണ്ട്.