അതിശക്തമായി വീശുന്ന ചുഴലിക്കാറ്റിന്റെ അടുത്തേക്ക് പോകാൻ ആർക്കും സാധ്യമല്ല. കിലോമീറ്റുകൾ അകലത്തിൽ നിന്നു തന്നെ വസ്തുക്കളെ തൂക്കിയെറിയാനുള്ള ശക്തി അതിനുണ്ട്. ഇക്കാരണം കൊണ്ടുതന്നെ ചുഴലിക്കാറ്റുകളെ അടുത്തറിഞ്ഞ് പഠിക്കാൻ ശാസ്ത്രലോകത്തിന് സാധിച്ചിരുന്നില്ല. ഉപഗ്രഹ ചിത്രങ്ങളും മറ്റ് വ്യോമയാന മാർഗങ്ങളും ഭൂമിയിൽ തന്നെയുള്ള നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ചും അകലെ നിന്നുള്ള പഠനങ്ങളും കാലാവസ്ഥാ പ്രവചനങ്ങളുമാണ് ഇപ്പോൾ നടക്കുന്നത്.
എന്നാൽ ചുഴലിക്കാറ്റിനെ അതിനുള്ളിൽ നിന്ന് തന്നെ പഠിക്കാനും നിരീക്ഷിക്കാനും സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കൂട്ടം അമേരിക്കൻ ശാസ്ത്രജ്ഞർ.
ഒരു റോബോട്ടിക് സർഫ് ബോർഡിന്റെ മാതൃകയിലുള്ള ക്യാമറ ഘടിപ്പിച്ച ഓഷ്യൻ ഡ്രോൺ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്. കാറ്റഗറി 4 ചുഴലിക്കാറ്റിനുള്ളിൽ നിന്നാണ് ഇത് ദൃശ്യങ്ങൾ പകർത്തിയത്.
ഓഷ്യൻ ഡ്രോൺ പകർത്തിയ ഹോളിവുഡ് സിനിമകളിലെല്ലാം കാണുന്നപോലെയുള്ള അതി നാടകീയമായ ദൃശ്യങ്ങളാണ് നാഷണൽ ഓഷ്യാനിക് ആന്റ് അറ്റ്മസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (എൻ.ഒ.എ.എ.) പുറത്തുവിട്ടത്. സാം ചുഴലിക്കാറ്റിനുള്ളിലെ മണിക്കൂറിൽ 190 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റിനും 15 മീറ്ററോളം ഉയരത്തിലുള്ള തിരമാലകൾക്കും ഉള്ളിൽ നിന്നും പകർത്തിയ ദൃശ്യങ്ങളാണിത്.
സെയ്ൽ ഡ്രോൺ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത് ഇത് വികസിപ്പിച്ചെടുത്ത കമ്പനിയുടെ പേരും സെയ്ൽ ഡ്രോൺ എന്ന് തന്നെയാണ്.
കാറ്റിൽ നിന്നുള്ള ഊർജം ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം. 7 മീറ്റർ നീളമുണ്ട്. പ്രത്യേകം രൂപകൽപന ചെയ്ത ഹരികെയ്ൻ വിങ് ആണിതിന്. ചുഴലിക്കാറ്റിനെ അതിജീവിക്കാനും വിവരങ്ങൾ ശേഖരിക്കാനും ഇതിന് സാധിക്കും. കാറ്റിന്റെ വേഗത, ദിശ, ബാരോമെട്രിക് പ്രഷർ, താപനില, ലവണത്വം, ആർദ്രത അടക്കമുള്ള വിവരങ്ങൾ ശേഖരിക്കാൻ ഇതിനാവും.
കാറ്റിന്റെ തീവ്രതയിലും ഗതിയിലുമുണ്ടാകുന്ന അപ്രതീക്ഷിതമാറ്റങ്ങളെ തിരിച്ചറിഞ്ഞ് കാലാവസ്ഥാ പ്രവചനം മെച്ചപ്പെടുത്താൻ ഇതുകൊണ്ട് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് എൻ.ഒ.എ.എ. ശാസ്ത്രജ്ഞനായ ഗ്രെഗ് ഫോൾട്സ് പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്ര താപനില വർധിക്കുന്നതാണ് ശക്തമായ ചുഴലിക്കാറ്റിനിടയാക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തുടർച്ചയായുണ്ടാകുന്ന ചുഴലിക്കാറ്റുകൾ കനത്ത നാശനഷ്ടമാണ് വരുത്തുന്നത്.