വരുന്ന രണ്ട് മണിക്കൂറിൽ മഴപെയ്‌യുമോ ഇല്ലയോ എന്നറിയാൻ നിർമിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സാധിക്കുമെന്ന് ഗവേഷകർ. യുകെയിലെ ദേശീയ കാലാവസ്ഥാ സേവനമായ മെറ്റ് ഓഫീസുമായി ചേർന്ന് അതിനായുള്ള നൗകാസ്റ്റിങ് സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ലണ്ടനിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബായ ഡീപ്പ് മൈൻഡും, എക്സെറ്റർ സർവകലാശാലയും.
പരമ്പരാഗത രീതിയനുസരിച്ച് ആറ് മണിക്കൂറിനും രണ്ടാഴ്ചയ്‍ക്കും ഇടയിലുള്ള കാലാവസ്ഥാ പ്രവചനമേ സാധ്യമാവൂ. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിലൂടെ കുറഞ്ഞ സമയപരിധിയിലുള്ള വെള്ളപ്പൊക്കം, ശക്തമായ മഴ പോലുള്ളവയുടെ കൃത്യമായ പ്രവചനങ്ങൾ സാധ്യമാവും.
കാലാവസ്ഥാ വ്യതിയാനം പലപ്പോഴും മുൻകൂട്ടിയുള്ള പ്രവചനങ്ങളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായ ശക്തമായ മഴ ആൾനാശത്തിനും കനത്ത നാശനഷ്ടങ്ങൾക്കിടയാക്കുകയും ചെയ്‌യുന്നു.
എന്നാൽ കുറഞ്ഞ സമയ പരിധിക്കുള്ളിലെ കാലാവസ്ഥാ പ്രവചനം ആളുകളെ സുരക്ഷിതരായിരിക്കാൻ സഹായിക്കും.
2016-2018 വരെയുള്ള യുകെയിലെ റഡാർ മാപ്പ് ഉപയോഗിച്ച് മഴയുടെ സാധാരണ രീതികളെ തിരിച്ചറിയാൻ ഈ സംവിധാനം പഠിക്കുകയും ഈ ഡാറ്റാബേസ് ഉപയോഗിച്ച് 2019 ലെ മാപ്പുകളിൽ ഇത് പരീക്ഷിച്ച് നോക്കി വിജയം കാണുകയും ചെയ്തു. 89 ശതമാനം കൃത്യമായ പ്രവചനം നടത്താൻ ഈ സംവിധാനത്തിന് സാധിച്ചു. നേച്ചർ ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.
അതേസമയം സാങ്കേതിക വിദ്യ അതിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് ഡീപ്പ് മൈൻഡ് സീനിയർ സൈന്റിസ്റ്റായ ഷാക്കിർ മുഹമ്മദ് പറഞ്ഞു. അതേസമയം കാലാവസ്ഥാ പ്രവചനത്തിന് ശക്തമായൊരു ടൂൾ ആണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നാണ് ഈ പരീക്ഷണം വ്യക്തമാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.