ഇൻസ്റ്റാഗ്രാം കുട്ടികളിലുണ്ടാക്കുന്ന വിപരീത സ്വാധീനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഫെയ്സ്ബുക്കിനെ നിർത്തിപ്പൊരിച്ച് യുഎസ് സെനറ്റ്. ഫെയ്സ്ബുക്ക് സുരക്ഷാ മേധാവി ആന്റിഗോൺ ഡേവിസ് ആണ് യുഎസ് സെനറ്റിന് മുന്നിൽ ഹാജരായത്.
യുവാക്കളെ സഹായിക്കുകയാണ് ഇൻസ്റ്റാഗ്രാം ചെയ്തത് എന്ന് പറഞ്ഞ് ആരോപണങ്ങളെ പ്രതിരോധിക്കുകയാണ് ഫെയ്സ്ബുക്ക് ചെയ്തത്.
കുട്ടികളുടെ ആരോഗ്യത്തെ പ്ലാറ്റ്ഫോം ബാധിക്കുന്നുണ്ടെന്ന ഇൻസ്റ്റാഗ്രാമിന്റെ തന്നെ റിസർച്ച് റിപ്പോർട്ട് ചോർന്നതിന്റെ പശ്ചാത്തലത്തിലാണ് ആന്റിഗൺ ഡേവിസിന് സെനറ്റിന് മുന്നിൽ ഹാജരാകേണ്ടി വന്നത്.
ഇൻസ്റ്റാഗ്രാം കുട്ടികളുടെ മാനസികാരോഗ്യത്തെ ചെറിയ രീതിയിൽ മാത്രമേ ബാധിക്കുന്നുള്ളൂ എന്നാണ് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി നേരത്തെ പറഞ്ഞിരുന്നത്.
വാൾസ്ട്രീറ്റ് ജേണലാണ് ഇൻസ്റ്റാഗ്രാമിന്റെ ഗവേഷണ റിപ്പോർട്ട് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. കുട്ടികൾക്ക് അവരുടെ ശരീരത്തോടുള്ള കാഴ്ചപ്പാടിലും അവരുടെ ആത്മവിശ്വാസത്തിലും ഇൻസ്റ്റാഗ്രാം വിപരീതമായി ബാധിക്കുന്നുണ്ടെന്നാണ് ഗവേഷണത്തിലെ കണ്ടെത്തൽ.
തങ്ങളിലെ ആശങ്കയ്ക്കും വിഷാദത്തിനും കാരണം ഇൻസ്റ്റാഗ്രാം ആണെന്ന് കൗമാരക്കാർ തന്നെ ആരോപിക്കുന്നുണ്ട്.
എന്നാൽ ഏത് പരിഹരിക്കേണ്ട പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും പ്ലാറ്റ് ഫോം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് തങ്ങൾ ഈ ഗവേഷണം നടത്തിയത് എന്ന് ആന്റിഗൺ ഡേവിസ് പറഞ്ഞു.
ഇൻസ്റ്റാഗ്രാമിന്റെ ഗവേഷണ റിപ്പോർട്ടുമായി ബന്ധപ്പെട്ട് വിവാദം തുടങ്ങുമ്പോൾ അത്തരം ഒരു റിപ്പോർട്ടിനെ കുറിച്ച് അറിയില്ല എന്നായിരുന്നു ഫെയ്സ്ബുക്കിന്റെ നിലപാട്. ഇത് സെനറ്റ് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
കുട്ടികളുടെ ക്ഷേമത്തേക്കാൾ ഉൽപ്പന്നങ്ങളുടെ വളർച്ചയ്ക്കാണ് ഫെയ്സ്ബുക്ക് പ്രാധാന്യം നൽകുന്നത്. അവയെ സംരക്ഷിക്കുന്നതിന് നീതീകരിക്കാനാവത്ത കൃത്യവിലോപമാണ് ഫെയ്സ്ബുക്ക് നടത്തിയത്. ഉത്തരവാദിത്വമേറ്റെടുക്കുന്നതിൽ അത് പരാജയപ്പെട്ടു. ഫെയ്സ്ബുക്കിനെ എങ്ങനെ വിശ്വസിക്കും? സെനറ്റിന് നേതൃത്വം നൽകിയ റിച്ചാർഡ് ബ്ലുമെൻതാൾ ചോദിക്കുന്നു.
സെനറ്റ് അംഗങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകുന്നതിൽ ആന്റിഗൺ ഡേവിസ് പലതവണ പരാജയപ്പെടുകയും ചെയ്തു. ബന്ധപ്പെട്ട ഫെയ്സ്ബുക്ക് ടീമിനോട് അന്വേഷിക്കേണ്ടതുണ്ട് എന്ന് മാത്രമായിരുന്നു മറുപടി.