ഫെയ്സ്ബുക്കിന്റെ ന്യൂസ് ഫീഡിലേക്ക് റീൽസ് വീഡിയോകൾ കൂടി പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് ഫെയ്സ്ബുക്ക്. ടിക് ടോക്കിൽ നിന്ന് കനത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് റീൽസിന്റെപ്രചാരം വർധിപ്പിക്കാനുള്ള നീക്കവുമായി ഫെയ്സ്ബുക്ക് രംഗത്തെത്തുന്നത്.
ഇൻഫ്ളുവൻസർമാരെ ആകർഷിക്കുന്നതിന് ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും വീഡിയോകൾ പ്രസിദ്ധീകരിക്കുന്ന ക്രിയേറ്റർമാർക്കായി പുതിയ ബോണസ് പേമെന്റ് ഫെയ്സ്ബുക്ക് വാഗ്ദാനം ചെയ്‌യും. നിലവിൽ പ്രത്യേകം ക്ഷണിക്കുന്നവർക്ക് മാത്രമേ ഈ ബോണസ് നൽകുകയുള്ളൂ. ബോണസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
നാല് മാസം കൊണ്ട് കോടിക്കണക്കിന് ഉപയോക്താക്കളെയാണ് ടിക് ടോക്കിന് ലഭിച്ചത്. കൗമാരക്കാരായ ഉപഭോക്താക്കളെ വലിയ രീതിയിൽ ആകർഷിക്കാൻ ടിക് ടോക്കിന് സാധിച്ചു. സോഷ്യൽ മീഡിയാ രംഗത്തെ ഫെയ്സ്ബുക്കിന്റെ ആധിപത്യത്തിന് കനത്ത വെല്ലുവിളിയാണ് ടിക് ടോക്ക് ഇപ്പോൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
അടുത്തകാലത്ത് ഫെയ്സബുക്കിൽ നിന്നും കൊഴിഞ്ഞുപോയ യുവാക്കൾ ഇൻസ്റ്റഗ്രാമിലേക്കാണ് ആകർഷിക്കപ്പെട്ടത്. ഇൻസ്റ്റഗ്രാമിന്റെ ഉപയോക്താക്കളിൽ മുഖ്യവും പ്രായംകുറഞ്ഞവരാണ്. എന്നാൽ ഇൻസ്റ്റഗ്രാമിന്റെ പക്കലുണ്ടായിരുന്ന ഈ വിഭാഗത്തെയാണ് അമേരിക്കയുൾപ്പടെയുള്ള വിപണികളിൽ ടിക് ടോക്ക് ആകർഷിച്ചെടുക്കുന്നത്.
ഇന്ത്യയിലും ഫെയ്സ്ബുക്കിന് ടിക് ടോക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ചിരുന്നു. എന്നാൽ ടിക് ടോക്ക് നിരോധിക്കപ്പെട്ടതോടെ ഈ വെല്ലുവിളി മറികടക്കാൻ ഫെയ്സ്ബുക്കിന് സാധിച്ചു. ടിക് ടോക്കിന് പകരക്കാരായി ഇന്ത്യൻ നിർമിത സേവനങ്ങൾ രംഗപ്രവേശം ചെയ്തുവെങ്കിലും ഇൻസ്റ്റഗ്രാം റീൽസിലേക്കാണ് ഇന്ത്യൻ ക്രിയേറ്റർമാരിൽ ഭൂരിഭാഗവും ചേക്കേറിയത്.
ഒരു ഫോട്ടോ ഷെയറിങ് ആപ്പിൽ നിന്ന് മാറി ഇൻസ്റ്റഗ്രാമിൽ വീഡിയോ ഉള്ളടക്കങ്ങൾക്ക് പ്രാമുഖ്യം കൊടുക്കാനാണ് ഫെയ്സ്ബുക്കിന്റെ തീരുമാനം. സാധാരണ ന്യൂസ് ഫീഡ്, ഐജി ടിവി വീഡിയോകളേക്കാൽ പ്രചാരം റീൽസ് വീഡിയോകൾക്ക് ലഭിക്കുന്നുമുണ്ട്.
ഫെയ്സ്ബുക്കിന്റെ ന്യൂസ് ഫീഡിലേക്ക്കൂടി റീൽസ് വീഡിയോസ് എത്തുന്നതോടെ ഈ പ്രചാരം വർധിക്കാനിടയാക്കും. ഫെയ്സബുക്കിന്റെ രണ്ട് മുൻനിര സോഷ്യൽ മീഡിയാ സേവനങ്ങളിൽ ഒരു പോലെ വീഡിയോകൾ പ്രദർശിപ്പിക്കപ്പെടും.
പ്രതിദിനം 200 കോടി ഉപഭോക്താക്കൾ ഫെയ്സ്ബുക്കിനുണ്ട്. ഒരു പക്ഷെ ഇൻസ്റ്റാഗ്രാം ഉപഭോക്താക്കളുടെ ഇരട്ടിയോളമുണ്ട് അത്.
എന്നാൽ ഫെയ്സ്ബുക്കിലെ ഉപഭോക്താക്കളിൽ വലിയൊരു വിഭാഗം 30 വയസിന് മുകളിൽ പ്രായമുള്ളവരാണ്. ഇതിൽ വളരെ കുറച്ച് വിഭാഗം മാത്രമേ ടിക് ടോക്കിൽ അംഗങ്ങളായുള്ളൂ.
ജനപ്രിയരായ ക്രിയേറ്റർമാരുടെ ഉള്ളടക്കങ്ങൾ നിരന്തരം പ്രസിദ്ധീകരിക്കുന്നതിനും നിലനിർത്തുന്നതിനുമായി അവർക്ക് പ്രതിഫലം നൽകി പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിലാണ് മുഖ്യ സോഷ്യൽ മീഡിയാ സേവനങ്ങളെല്ലാം. ഫെയ്സ്ബുക്കിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി 2022 ൽ 100 കോടി ഡോളർ ഇതിനായി ചെലവഴിക്കുമെന്നാണ് ഫെയ്സ്ബുക്കിന്റെ പ്രഖ്യാപനം. അതേസമയം ടിക് ടോക്കും, സ്നാപ്ചാറ്റും, യൂട്യൂബുമെല്ലാം സമാനമായ വാഗ്ദാനങ്ങളുമായി മറുവശത്തുണ്ട്.
ക്രിയേറ്റർമാർക്ക് പണം നൽകുന്നതിനൊപ്പം തന്നെ റീൽസ് വീഡിയോയിൽ എങ്ങനെ പരസ്യങ്ങൾ ചേർക്കാം എന്നും ഫെയ്സ്ബുക്ക് ആലോചിക്കുന്നു.
കഴിഞ്ഞ ഒരു കൊല്ലമായി വീഡിയോ ഫീഡിൽ വീഡിയോകൾക്കൊപ്പം തന്നെ പരസ്യ വീഡിയോകളും ദൃശ്യങ്ങളും പ്രദർശിപ്പിക്കുകയാണ് ടിക് ടോക്ക് ചെയ്തുവരുന്നത്. അതേസമയം ചൈനയുമായുള്ള രാഷ്ട്രീയ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ പരസ്യ ദാതാക്കൾ ടിക് ടോക്കിനോട് വിമുഖത കാണിക്കുന്നുണ്ട്. ഈ പരസ്യവിതരണക്കാർക്ക് ഒരു പകരം സംവിധാനമെന്ന നിലയിലാണ് ഫെയ്സ്ബുക്ക് റീൽസിനെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.