ലണ്ടൻ: സ്പെയ്നിന്റെ തെക്കൻ തീരത്തോടു ചേർന്നാണ് ജിബ്രാൾട്ടർ ഉപദ്വീപുള്ളത്. ഇവിടുത്തെ ഗോർഹാം ഗുഹാസമുച്ചയത്തിൽ മനുഷ്യന്റെ ഏറ്റവും അടുത്ത ബന്ധുവായ നിയാണ്ടർത്താൽ മനുഷ്യർ 40,000 കൊല്ലങ്ങൾക്കുമുമ്പേ ഉപയോഗിച്ചിരുന്നതെന്നു കരുതുന്ന ഒരു മുറി ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു.
വാൻഗ്വാർഡ് ഗുഹയിലാണ് മുറികണ്ടെത്തിയത്. 2012 ൽ മണ്ണിൽ കണ്ടെത്തിയ വിടവിൽ പരിശോധന ആരംഭിച്ചതാണ് ഈ പ്രാചീന വാസസ്ഥലം കണ്ടെത്തുന്നതിലേക്ക് നയിച്ചത്. മണ്ണിൽ മൂടിയ നിലയിലായിരുന്നു ഗുഹ. ഭൂമികുലുക്കത്തിന്റെ ഫലമായിരിക്കാം ഈ അറയുടെ മേൽക്കൂരയിൽ 13 മീറ്റർ വലിപ്പമുള്ളൊരു വിടവ് സൃഷ്ടിക്കപ്പെട്ടിരുന്നു. സമുദ്രനിരപ്പിൽനിന്ന് 20 മീറ്റർ ഉയരത്തിലാണ് ഗുഹകൾ ഇപ്പോഴുള്ളത്
ജിബ്രാൾട്ടറിലെ കടലിലേക്ക് തള്ളിനിൽക്കുന്ന പ്രശസ്തമായ റോക്ക് ഓഫ് ജിബ്രാൾട്ടർ എന്ന കൂറ്റൻ ചുണ്ണാമ്പുപാറക്കെട്ടിലാണ് ഗുഹാശൃംഖലയുള്ളത്. ഏകശിലയാണിത്. മുറിയിൽനിന്ന് അവരുടെ ഭക്ഷണരീതിയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും കൂടുതൽ തെളിവുകൾ തേടുകയാണ് ജിബ്രാൾട്ടർ നാഷണൽ മ്യൂസിയം ഡയറക്ടർ പ്രൊഫസർ ക്ലൈവ് ഫിൻലേയ്സണിന്റെ നേതൃത്വത്തിലുള്ള സംഘം.
ആയിരം നൂറ്റാണ്ടോളം മെഡിറ്ററേനിയൻ നിയാണ്ടർത്താലുകൾ ഈ മേഖലയിൽ കഴിഞ്ഞെന്നാണ് കരുതുന്നത്. തീരത്തോടുചേർന്നായിരുന്നു ഇവരുടെ വാസം. കാട്ടുപൂച്ചയുടെ കാലിലെ എല്ല്, പുള്ളിക്കഴുതപ്പുലിയുടെ കശേരുക്കൾ, ഗ്രിഫൺ കഴുകന്റെ ചിറകിലെ എല്ല്, ചുമരുകളിൽ ആറോ ഏഴോ നഖപ്പാടുകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്.
മറ്റുഗുഹകളിൽ നിയാണ്ടർത്താലുകൾ അധിവസിച്ചതിനു തെളിവായി അടുപ്പുകളും ശിലായുധങ്ങൾ , മാൻ, മലയാട്, സീൽ, ഡോൾഫിൻ തുടങ്ങി കശാപ്പുചെയ്ത മൃഗങ്ങളുടെ അവശിഷ്ടങ്ങളും നേരത്തേ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ മുറികളുണ്ടോയെന്ന് പരിശോധിക്കുകയാണ്.
മനുഷ്യന്റെ സ്വഭാവവുമായി നിയാണ്ടർത്താലുകൾക്ക് എത്രത്തോളം സാദൃശ്യങ്ങളുണ്ടായിരുന്നെന്നും അവരുടെ സ്വഭാവവുമടക്കം അറിയാനാവുമെന്നാണ് പ്രതീക്ഷ.