കൊച്ചി: വീടിനകത്തും കെട്ടിടങ്ങൾക്കുള്ളിലും നെറ്റ്വർക്ക് ശക്തിപ്പെടുത്തുന്നതിനായി കേരളത്തിലെ അതിവേഗ ഡാറ്റാ നെറ്റ് വർക്ക് അപ്ഡേറ്റ് ചെയ്ത് എയർടെൽ. ഇതിനായി 900 മെഗാഹെർട്ട്സ് ബാൻഡിൽ 4.6 മെഗാഹെർട്ട്സ് സ്പെക്‍ട്രം കൂടി അധികമായി കമ്പനി വിന്യസിച്ചു.
പകർച്ചവ്യാധിയെ തുടർന്ന് വീട്ടിലിരുന്നുള്ള ജോലി , ഓൺലൈൻ ക്ലാസുകൾ, വീഡിയോ സ്ട്രീമിങ്ങ് എന്നിവ കൂടിയതോടെ ഹൈസ്പീഡ് ഡാറ്റ സർവീസ് ആവശ്യം വർധിച്ചു. വീടിനുള്ളിലും മുറികൾക്കുള്ളിലും ഡാറ്റാനെറ്റ് വർക്ക് ഉപയോഗിക്കുന്നവർക്കായാണ് എയർടെൽ എടിഇ 900 സാങ്കേതിക വിദ്യ വിന്യസിച്ചത്.
900 മെഗാഹെർട്ട്സ് സ്പെക്‍ട്രത്തിലൂടെ സിഗ്നൽ കൂടുതൽ ശക്തമാണ്. നഗര മേഖലകളിൽ ഇൻഡോർ കവറേജ് മെച്ചപ്പെടുത്തുന്നതിനൊപ്പം ഗ്രാമീണ മേഖലയിലും നെറ്റ്വർക്ക് ലഭ്യമാക്കും.
കേരളത്തിലെ 900, 1800, 2300 ബാൻഡുകൾക്കായി കേന്ദ്രസർക്കാർ ഈയിടെ നടത്തിയ ലേലത്തിൽ 19.6 മെഗാഹെർട്ട്സ് എയർടെൽ അധികമായി സ്വന്തമാക്കിയിരുന്നു. കേരളത്തിലെ ഉയർന്നു വരുന്ന ഡാറ്റാ സേവന ഡിമാൻഡുകൾക്കായി എയർടെലിന് 54.6 മെഗാഹെർട്ട്സിന്റെ ശക്തമായ സ്പെക്‍ട്രം ബാങ്കുണ്ട്. എയർടെൽ നെറ്റ്വർക്ക് 5ജിക്കായി ഒരുങ്ങിയിരിക്കുകയാണ്. 5ജി എക്സ്പീരിയൻസ് ഇതിനകം തന്നെ കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു.
ഉപഭോക്താക്കൾക്ക് ലോകോത്തര നെറ്റ്വർക്ക് അനുഭവം പകരുകയാണ് ലക്ഷ്യമെന്നും എടിഇ 900ത്തിന്റെ വിന്യാസത്തിലൂടെ വീടിനകത്തും കെട്ടിടങ്ങളിലും 4ജി കവറേജ് കൂടുതൽ ശക്തിപ്പെടുത്തുമെന്നും പുതുക്കിയ നെറ്റ്വർക്കിൽ എയർടെൽ ഉപഭോക്താക്കൾക്ക് തടസമില്ലാതെ ഹൈസ്പീഡ് ഡാറ്റ എച്ച്ഡി നിലവാരത്തിൽ ആസ്വദിക്കാമെന്നും ഏറ്റവും പുതിയ നെറ്റ്വർക്ക് സാങ്കേതിക വിദ്യകളുടെ വിന്യാസത്തിനായുള്ള നിക്ഷേപങ്ങൾ തുടരുമെന്നും ഭാരതി എയർടെ സി.ഒ.ഒ. മാരുത് ദിവാരി പറഞ്ഞു.