തിരുവനന്തപുരം > പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അന്വേഷണ പരിധിയിലേക്ക്. കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലുമായി ഉറ്റബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു.
കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് കോൺഗ്രസിൽനിന്നുതന്നെ ആവശ്യം ഉയർന്നതോടെ സുധാകരന്റെ നില പരുങ്ങലിലായി. മുൻ യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ എംപിയാണ് അന്വേഷണം ആവശ്യപ്പെട്ടത്. മോൻസണിന്റെ ഇടപാടുകളിൽ സുധാകരന്റെ പങ്കാളിത്തം സംബന്ധിച്ച് അന്വേഷണസംഘത്തിന് കൂടുതൽ വിവരം ലഭിച്ചിട്ടുണ്ട്.
കൊച്ചി കലൂരിലെ മോൻസണിന്റെ വീട്ടിൽവച്ച് സുധാകരന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തിയെന്ന് തട്ടിപ്പിനിരയായവർ വെളിപ്പെടുത്തിയിരുന്നു. ബാങ്കിൽ കുടുങ്ങിക്കിടക്കുന്ന 2.62 ലക്ഷം കോടി രൂപ ലഭിക്കാൻ ഇടപെടാമെന്ന് തങ്ങളുടെ സാന്നിധ്യത്തിൽ സുധാകരൻ ഉറപ്പുനൽകിയെന്നും ഇവർ പറഞ്ഞു. മോൻസണിന്റെ വസതിയിൽ നിരവധി തവണ പോയെന്ന് സുധാകരനും സമ്മതിച്ചു. ഇടപാടിൽ സുധാകരന് പങ്കുണ്ടെന്നാണ് മുൻ ഡ്രൈവറും നൽകിയ സൂചന.
കോൺഗ്രസ് നേതാക്കളായ ഹൈബി ഈഡൻ എംപി, ലാലി വിൻസന്റ് എന്നിവരുമായുള്ള ബന്ധവും പുറത്തുവന്നിരുന്നു. സുധാകരന്റെ പങ്കാളിത്തം കണ്ടെത്താൻ വിശദ അന്വേഷണം വേണ്ടിവരുമെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. കേസിലെ പരാതിക്കാരെ കണ്ടിട്ടില്ലെന്നാണ് സുധാകരന്റെ അവകാശവാദം. ചികിത്സയ്ക്ക് പോയപ്പോൾ ഫോട്ടോ എടുത്തതാണ്. എന്നാൽ ഇത് ക്രൈംബ്രാഞ്ച് വിശ്വസിച്ചിട്ടില്ല. കേന്ദ്ര ഏജൻസികൾ വരുമെന്നാണ് സുധാകരവിരുദ്ധരായ നേതാക്കളുടെ പ്രതീക്ഷ. കോൺഗ്രസിലെ പുതിയ നേതൃത്വത്തിനെതിരെ ഉയർന്നിട്ടുള്ള വികാരത്തിന്റെ പശ്ചാത്തലത്തിലാണ് ബെന്നി ബഹനാന്റെ അന്വേഷണ ആവശ്യം. ഉമ്മൻചാണ്ടി അടക്കമുള്ളവരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് ബെന്നി ബഹനാൻ അന്വേഷണം ആവശ്യപ്പെട്ടത്. ഇടപാടുസംബന്ധിച്ച് ഹൈക്കമാൻഡിനോട് സുധാകരന് ഉടൻ വിശദീകരണം നൽകേണ്ടിവരും.
ചോദ്യം ചെയ്തേക്കും
തിരുവനന്തപുരം > പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെയും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വിളിപ്പിച്ചേക്കും. സുധാകരന്റെ സാന്നിധ്യത്തിലാണ് പണം നൽകിയതെന്ന് പരാതിക്കാർ മൊഴിയിലും ആവർത്തിച്ചതിനെ തുടർന്നാണിത്. ഇതുസംബന്ധിച്ച സൂചന നൽകുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു.
സുധാകരന്റെ പങ്ക് വ്യക്തമായതോടെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് എ ഗ്രൂപ്പ് നേതാവ് ബെന്നിബെഹ്നാനും രംഗത്ത് എത്തി. ഇതോടെ സുധാകരന്റെ നില പരുങ്ങലിലായി.