WhatsApp multi-device 2.0 support and message reactions: വാട്സ് ആപ്പിൽ മൾട്ടി-ഡിവൈസ് 2.0 സപ്പോർട്ട് ഫീച്ചർ ഉടൻഉപഭോക്താക്കളിലെത്തും. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി വാട്സാപ്പിന്റെ വരാനിരിക്കുന്ന അപ്ഡേറ്റിൽ മൾട്ടി-ഡിവൈസ് സപ്പോർട്ട് ഉൾപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നുണ്ട്. ഈ ഫീച്ചർ ഇതിനകം തന്നെ ബീറ്റ പതിപ്പിൽ ലഭ്യമാണ്. ഇതിനൊപ്പം വാട്സ്ആപ്പിന്റെ ഐപാഡിനായുള്ള പതിപ്പും ഉടൻ യാഥാർത്ഥ്യമാകും.
വാട്സ്ആപ്പിനെക്കുറിച്ചുള്ള വാർത്തകൾ നൽകുന്ന ഡബ്ല്യുഎ ബീറ്റ ഇൻഫോ എന്ന ബ്ലോഗിലെഒരു റിപ്പോർട്ടിൽ വാട്സ്ആപ്പ് “മൾട്ടി-ഡിവൈസ് 2.0” ഫീച്ചറിൽ പ്രവർത്തിക്കാൻ തുടങ്ങിയതായി പറയുന്നു. ഉപയോക്താക്കൾക്ക് ഉടൻ തന്നെ അവരുടെ ഐപാഡ് ഒരു പുതിയ ലിങ്ക് ചെയ്ത ഉപകരണമായി ഉപയോഗിക്കാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു. ആൻഡ്രോയിഡ് ടാബ്‌ലെറ്റുകൾക്ക് വാട്ട്‌സ്ആപ്പിന്റെ മൾട്ടി-ഡിവൈസ് പിന്തുണയും ലഭിക്കുമെന്ന് റിപ്പോർട്ട് വ്യക്താമാക്കുന്നു.
നാല് ഉപകരണങ്ങളും ഒരു സ്മാർട്ട്‌ഫോണും വരെ ബന്ധിപ്പിക്കാൻ വാട്ട്‌സ്ആപ്പ് നിങ്ങളെ അനുവദിക്കുന്നുവെന്ന് പറയപ്പെടുന്നു. നിങ്ങളുടെ ഫോൺ കണക്‌റ്റ് ചെയ്യാതെ തന്നെ ഒന്നിലധികം ഉപകരണങ്ങളിൽ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാൻ ഈ ഫീച്ചർ സഹായിക്കുമെന്ന് വാട്ട്‌സ്ആപ്പ് വക്താവ് ടെക് റാഡറിനോട് പറഞ്ഞു.
Read More: WhatsApp: വാട്സ്ആപ്പിൽ ഉടൻ പ്രതീക്ഷിക്കാവുന്ന അഞ്ച് പുതിയ സവിശേഷതകൾ ഇവയാണ്
നിലവിൽ വാട്സ്ആപ്പ് ഫോണിന് പുറമെ ഡെസ്ക്ടോപ്പിലും വെബ് ബ്രൌസറിലും തുറക്കാനാവും. എന്നാൽ ഫോണിൽ വാട്സ്ആപ്പ് ലോഗിൻ ചെയ്ത് ഫോൺ ഇന്റർനെറ്റുമായി കണക്ട് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ മറ്റ് ഉപകരണങ്ങളിൽ ഇത്തരത്തിൽ വാട്സ്ആപ്പ് ഉപയോഗിക്കാനാവൂ. എന്നാൽ മൾട്ടി ഡിവൈസ് സപ്പോർട്ടിൽ വരുന്ന പുതിയ മാറ്റം പ്രകാരം ഫോൺ ഇന്റർനെറ്റുമായി കണക്ടഡ് അല്ലെങ്കിലും മറ്റ് ഉപകരണങ്ങളിൽ വാട്സ്ആപ്പ് ഉപയോഗിക്കാം.
“മൾട്ടി-ഡിവൈസ് സപ്പോർട്ട് പ്രകാരം വാട്സ്ആപ്പ് ഫോണിൽ കണക്‌റ്റ് ചെയ്യാതെ തന്നെ, വാട്ട്‌സ്ആപ്പ് വെബ്, ഡെസ്‌ക്‌ടോപ്പ്, പോർട്ടൽ എന്നിവയിൽ ലഭ്യമാകും. ഞങ്ങളുടെ മൾട്ടി-ഡിവൈസ് ശേഷി ഡെസ്ക്ടോപ്പ്/വെബ്, പോർട്ടൽ എന്നിവ ഉപയോഗിക്കുന്ന ആളുകൾക്ക് അനുഭവം മികച്ചതാക്കുന്നു. കാലക്രമേണ കൂടുതൽ തരം ഉപകരണങ്ങൾക്കുള്ള പിന്തുണ ചേർക്കുന്നത് ഇത് സാധ്യമാക്കും,” വാട്ട്‌സ്ആപ്പ് വക്താവ് പറഞ്ഞു.
കൂടാതെ, വാബീറ്റ ഇൻഫോയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ആപ്പിൽ മെസേജ് റിയാക്ഷൻ ഫീച്ചർ ചേർക്കാനും വാട്ട്‌സ്ആപ്പ് പദ്ധതിയിടുന്നു. ഈ ഫീച്ചർ ഇതിനകം ഐഒഎസ് പതിപ്പിൽ വന്നിട്ടുണ്ട്. ഇത് ഇപ്പോൾ ആൻഡ്രോയ്ഡ് 2.21.20.8 ബീറ്റയിലും ലഭ്യമാണ്. ഫെയ്സ്ബുക്ക് പോസ്റ്റുകൾക്ക് ലൈക്കും റിയാക്ഷനുകളും നൽകാൻ കഴിയുന്നത് പോലെ വാട്സ്ആപ്പിൽ വരുന്ന സന്ദേശങ്ങൾക്കും ലൈക്കും റിയാക്ഷനുകളും നൽകാനുള്ള ഫീച്ചർ ആണ് ഇത്.
Read More: WhatsApp: വാട്സ്ആപ്പിലും ഇനി ‘ലൈക്കും റിയാക്ഷനും’: പുതിയ ഫീച്ചർ ഉടൻ
മാതൃസ്ഥാപനമായ ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിലും, ഫെയ്സ്ബുക്ക് മെസഞ്ചറിലും സന്ദേശങ്ങൾക്ക് റിയാക്ഷനുകൾ നൽകാനാവും. ഈ മെസേജുകളിൽ ടാപ്പ് ചെയ്താൽ റിയാക്ഷനുകൾ ലഭ്യമാവും. സമാന രീതിയിലാവും വാട്സ്ആപ്പിലും റിയാക്ഷനുകൾ ലഭ്യമാവുക.
വാട്ട്‌സ്ആപ്പിൽ സന്ദേശം ടാപ്പ് ചെയ്ത് പിടിച്ച് അതിൽ റിയാക്ഷൻ അറിയിക്കാവുന്ന തരത്തിലായിരിക്കും ഈ ഫീച്ചർ ഉൾപ്പെടുത്തുക. ഏത് സന്ദേശത്തോട് ആണോ ഇത്തരത്തിൽ പ്രതികരിക്കേണ്ടത് ആ സന്ദേശത്തിൽ ടാപ്പ് ചെയ്താൽ വിവിധ റിയാക്ഷനുകളുടെ ഇമോജികൾ പ്രത്യക്ഷപ്പെടും. അതിൽ ഒരു ഇമോജി തിരഞ്ഞെടുത്ത് പ്രതികരണം അറിയിക്കാൻ സാധിക്കും.
The post WhatsApp: വാട്സ്ആപ്പിൽ മൾട്ടി-ഡിവൈസ് 2.0, മെസേജ് റിയാക്ഷൻ ഫീച്ചറുകൾ ഉടൻ appeared first on Indian Express Malayalam.