കോഴിക്കോട്: ഹരിതയുടെ മുൻ ഭാരവാഹികൾ ഉത്തരം താങ്ങുന്ന പല്ലികളാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ആക്ടിങ്ജനറൽ സെക്രട്ടറി പി.എം.എ സലാം. അവരാണ് ലീഗിനെ താങ്ങിനിർത്തുന്നതെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാൽ പുതിയ ഹരിത കമ്മിറ്റിയെന്ന ലീഗിന്റെ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം നൂറ് ശതമാനം ശരിയാണ് എന്നാണ് ഇന്നത്തെ പരിപാടിയിൽ നിന്നും വ്യക്തമാവുന്നതെന്നും പി.എം.എ സലാം പറഞ്ഞു.
പുതിയ ഹരിത കമ്മിറ്റി സംഘടിപ്പിച്ച ആദ്യ പരിപാടിയായ സി.എച്ച് സെമിനാറിൽ സംസാരിക്കുകയായിരുന്നു സലാം. വിശ്വാസത്തിന്റെ രാഷ്ട്രീയം തന്നെയാണ് ലീഗ് മുന്നോട്ട് വെക്കുന്നത്. അതിനെ ഊന്നി തന്നെയാണ് ലീഗിനുള്ളിലെ ഓരോ സംഘടനയുടേയും പ്രവർത്തനം. ഒരു സംഘടനയിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. പക്ഷെ അതൊരു തീരുമാനത്തിലെത്തിയാൽ അതാവണം പാർട്ടിയുടെ അവസാന തീരുമാനം. അതല്ലാതെ നേതാക്കളല്ല രണ്ട് മൂന്നാളുകളുടെ ഈഗോയാണ് വലുതെന്ന് ചിന്തിച്ച് പ്രവർത്തിക്കുന്നവരുടേതല്ല പാർട്ടിയെന്നും സലാം പറഞ്ഞു.
പാർട്ടി തീരുമാനം അംഗീകരിക്കാതിരിക്കുന്നവർ പാർട്ടിയിൽ ഉറച്ച് നിൽക്കും എന്ന് എങ്ങനെയാണ് പറയാൻ കഴിയുക. ഒരു സംഘടനയിൽ നിൽക്കുമ്പോൾ നേതാക്കളെ ബഹുമാനിക്കണമെന്നും സലാം പറഞ്ഞു.