ദിവസങ്ങൾക്ക് മുമ്പാണ് ആപ്പിൾ ഐഫോൺ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഓഎസിന്റെ ഏറ്റവും പുതിയ പതിപ്പ് ഐഓഎസ് 15 പുറത്തിറക്കിയത്. പുതിയ നിരവധി ഫീച്ചറുകളുമായെത്തിയ ഓഎസ് ഉപഭോക്താക്കൾക്ക് ഇപ്പോൾ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.
ഐഫോൺ 6 എസ് മുതലുള്ള ഫോണുകളിലാണ് ഐഓഎസ് 15 ഡൗൺലോഡ് ചെയ്‌യാൻ സാധിക്കുക. എന്നാൽ പുതിയ അപ്ഡേറ്റിൽ ചില പ്രശ്നങ്ങളുണ്ടെന്ന് പരാതിപ്പെടുകയാണ് ചില ഉപഭോക്താക്കൾ. പുതിയ ഐഓഎസ് 15 ഡൗൺലോഡ് ചെയ്ത ഫോണുകളിൽ സ്റ്റോറേജ് മുഴുവനായെന്നറിയിച്ചുകൊണ്ടുള്ള iPhone Storage almost full എന്ന സന്ദേശം കാണുന്നുവെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.
ട്വിറ്ററിലൂടെയാണ് ഉപഭോക്താക്കൾ പരാതിയറിയിച്ചത്. യഥാർത്ഥത്തിൽ ഫോൺസ്റ്റോറേജ് നിറയാതെയാണ് ഈ സന്ദേശം കാണിക്കുന്നത്. 50 ജിബി ഫ്രീ ആയി ഉണ്ടായിരുന്നിട്ടും ഐഫോൺ സ്റ്റോറേജ് ഓൾമോസ്റ്റ് ഫുൾ എന്ന സന്ദേശം കാണുന്നുവെന്നും അത് ഒഴിവാക്കാൻ സാധിക്കുന്നില്ലെന്നും ട്വിറ്ററിൽ ഉപഭോക്താക്കൾ പറയുന്നു.
പരാതികൾ ഉയരുന്ന സാഹചര്യത്തിൽ ധൃതിപ്പെട്ട് സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്‌യാതിരിക്കുന്നതാണ് നല്ലത് എന്ന സാഹചര്യമാണുള്ളത്. ഐപാഡിലും ഇതേ പ്രശ്നം കാണിക്കുന്നുണ്ടെന്നാണ് വിവരം.
ഏതെങ്കിലും പ്രത്യേക മോഡലുകളിൽ മാത്രമാണോ പ്രശ്നം എന്ന് വ്യക്തമായിട്ടില്ല. പലരും ആപ്പിളിന്റെ ട്വിറ്റർ ഹാന്റിലിൽ പോയാണ് പരാതി പറയുന്നത്. എങ്കിലും ഈ വിഷയത്തിൽ ആപ്പിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.