പുതിയ സർഫസ് ഉപകരണങ്ങൾ പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്. പുതിയ സർഫസ് ബുക്ക് സ്റ്റുഡിയോ, സർഫസ് പ്രോ 8, സർഫസ് ഗോ3, രണ്ടാം തലമുറ സർഫസ് ഡ്യുവോ എന്നിവയാണ് അവതിരിപ്പിച്ചത്. വിൻഡോസ് 11 ഓഎസ് ആയിരിക്കും ഈ ഉപകരണങ്ങളിലെല്ലാം. മൈക്രോസോഫ്റ്റിന്റെ പുതിയ ഉപകരണങ്ങളുടെ കൂടുതൽ വിവരങ്ങൾ.
മൈക്രോസോഫ്റ്റ് സർഫസ് പ്രോ 8
13 ഇഞ്ച് പിക്സൽസെൻസ് ഡിസ്പ്ലേയുമായാണ് സർഫസ് പ്രോ അ8 എത്തിയിരിക്കുന്നത്. ഇതുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും ശക്തിയേറിയ സർഫസ് ആണിത്. കനം കുറഞ്ഞ ബെസലുകളോടു കൂടിയുള്ള ഡിസ്പ്ലേയ്‍ക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്.
സർഫസ് സ്ലിം പെൻ 2 ഇതിൽ ഉപയോഗിക്കാം. കിബോർഡിനുള്ളിൽ പെൻ സൂക്ഷിക്കാനും ചാർജ് ചെയ്‌യാനുമുള്ള സൗകര്യമുണ്ട്. യുഎസ്ബി എ പോർട്ട് ഒഴിവാക്കി. രണ്ട് തണ്ടർ ബോൾട്ട് പോർട്ട് ഉൾപ്പെടുത്തി. ചാർജിങിനായി സർഫസ് കണക്റ്റ് പോർട്ടും നൽകി.
11-ാം തലമുറ ഇന്റൽ ക്വാഡ് കോർ പ്രൊസസറിന്റെ പിന്തുണയിൽ വിൻഡോസ് 11 ഓഎസ് ആണ് സർഫസ് പ്രോ 8 ന് ശക്തിപകരുക.
1099 ഡോളറിലാണ് (ഏകദേശം 81114 രൂപ) വില ആരംഭിക്കുന്നത്. സർഫസ് സ്ലിം പെന്നിന് 129.9 ഡോളർ ( 9594.24 രൂപ ) ആണ് വില.
മൈക്രോസോഫ്റ്റ് സർഫസ് പ്രോ എക്സ്
പുതിയ സർഫസ് പ്രോ എക്സും മൈക്രോസോഫ്റ്റ് പുറത്തിറക്കി. ഇതിന്റെ വൈഫൈ ഓൺലി മോഡലിന് 899.99 ഡോളർ ആണ് വില.
മൈക്രോസോഫ്റ്റ് സർഫസ് ഗോ 3
പത്താം തലമുറ കോർ ഇന്റൽ പ്രൊസസറുകളാണ് സർഫസ് ഗോ 3യ്‍ക്ക് ശക്തിപകരുന്നത്. ഇത് കൂടുതൽ പ്രവർത്തന വേഗം സർഫസ് ഗോ 3യ്‍ക്ക് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. വിൻഡോസ് 11 ൽ ആണ് ഇതിന്റെ പ്രവർത്തനം ഇതിലെ ക്യാമറയിൽ വിൻഡോസ് ഹെലോ ഫേഷ്യൽ റെക്കഗ്നിഷൻ പിന്തുണയുമുണ്ട്.
399.99 ഡോളർ (29522 രൂപ ) ആണിതിന് വില. തിരഞ്ഞെടുത്ത വിപണിയിൽ മുൻകൂട്ടി ഓർഡർ ചെയ്‌യാം. മാസങ്ങൾക്കുള്ളിൽ എൽടിഇ പതിപ്പും പുറത്തിറക്കും.
മൈക്രോസോഫ്റ്റ് സർഫസ് ഡ്യുവോ 2
ഇരട്ട സ്ക്രീനുകളുള്ള ഫോൺ/ ടാബ്ലെറ്റ് ഉപകരണമാണ് സർഫസ് ഡ്യുവോ. മൈക്രോസോഫ്റ്റ് രൂപകൽപന ചെയ്ത ഈ ഉപകരണത്തിന്റെ രണ്ടാം പതിപ്പാണ് ഇപ്പോൾ പുറത്തിറക്കിയത്.
12 എംപി വൈഡ് ക്യാമറ, 12 എംപി ടെലിഫോട്ടോ, 16 എംപി അൾട്രാ വൈഡ് സെൻസറുകളുള്ള ട്രിപ്പിൾ റിയർ ക്യാമറ മോഡ്യൂൾ ആണിതിന്. ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രൊസസറിന്റെ സഹായത്തിൽ പ്രവർത്തിക്കുന്ന സർഫസ് ഡ്യുവോ 2 ൽ 5ജി കണക്റ്റിവിറ്റിയുണ്ട്. 1499.99 ഡോളർ (110710 രൂപ ) ആണിതിന് വില. തിരഞ്ഞെടുത്ത വിപണികളിൽ ഇത് ഇപ്പോൾ മുൻകൂട്ടി ബുക്ക് ചെയ്‌യാൻ സൗകര്യമുണ്ട്.
മൈക്രോസോഫ്റ്റ് സർഫസ് ലാപ്ടോപ്പ് സ്റ്റുഡിയോ
സർഫസ് ബുക്ക് ലൈനപ്പിലെ ഒടുവിലത്തെ കൂട്ടിച്ചേർക്കലാണ് സർഫസ് ലാപ്ടോപ്പ് സ്റ്റുഡിയോ. പുതിയ രൂപകൽപനയിൽ കൂടുതൽ പ്രവർത്തനശേഷി ഉറപ്പുവരുത്തിയാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്.
റിമൂവ് ചെയ്‌യാൻ സാധിക്കുന്ന ഡിസ്പ്ലേയ്‍ക്ക് പകരം സ്ക്രീൻ താഴേക്ക് വലിച്ച് ടാബ് ലെറ്റ് രൂപത്തിലേക്ക് മാറ്റാൻ സാധിക്കും. ഇതിനെ സ്റ്റുഡിയോ മോഡ് എന്നാണ് മൈക്രോസോഫ്റ്റ് വിളിക്കുന്നത്. 14.4 ഇഞ്ച് പിക്സൽ സെൻസ് ഡിസ്പ്ലേ ആണിതിന്. 120 ഹെർട്സ് റിഫ്രഷ് റേറ്റും ഡോൾബി വിഷനും ഇതിനുണ്ട്.
ലാപ്ടോപ്പ്, സ്റ്റേജ്, സ്റ്റുഡിയോ മൂന്ന് മോഡുകളിൽ സർഫസ് ലാപ്ടോപ്പ് സ്റ്റുഡിയോ ഉപയോഗിക്കാം. ഗെയിം കളിക്കുന്നതിനും സിനിമ കാണുന്നതിനും ഡിസൈനിങ്ങിനും മറ്റും യോജിച്ച വിധത്തിൽ സ്ക്രീൻ ചെരിച്ചുവെക്കുന്നതാണ് സ്റ്റേജ് മോഡ്. ഓരോ മോഡും മാറ്റുന്നതിന് അനുസരിച്ച് യൂസർ ഇന്റർഫെയ്സിലും മാറ്റങ്ങൾ വരും.
11-ാം തലമുറ ഇന്റൽ ക്വാഡ് കോർ പ്രൊസസർ, എൻവിഡിയ ആർടിഎക്സ് 3050 ടിഐ ജിപിയു, നാല് തണ്ടർബോൾട്ട് 4 പോർട്ടുകൾ, 1080 പി വെബ്കാം, സ്ലിം പെൻ 2 ഡോക്സ്, എന്നിവയും ഇതിലുണ്ട്.
മൈക്രോസോഫ്റ്റ് ഓഷ്യൽ പ്ലാസ്റ്റിക് മൗസ്
20% റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിച്ച പുതിയൊരു മൗസാണിത്.
സർഫസ് അഡാപ്റ്റീവ് കിറ്റ്
പരിമിതികളുള്ള ഉപഭോക്താക്കൾക്ക് സർഫസ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് സഹായകമായ അനുബന്ധ ഉപകരണങ്ങളാണ് അഡാപ്റ്റീവ് കിറ്റിലുള്ളത്. കീ കാപ്പുകൾ, ലേബലുകൾ, ഇൻഡിക്കേറ്ററുകൾ പോലുള്ളവ ഇതിൽ ഉൾപ്പെടുന്നു.