അബുദാബി: ട്വിന്റി 20 ക്രിക്കറ്റിലെ ഇതിഹാസങ്ങളായ ക്രിസ് ഗെയിലിനും, കീറോണ്‍ പൊള്ളാര്‍ഡിനും എന്തിന് റണ്‍ മെഷീനായ വിരാട് കോഹ്ലിക്കു പോലുമില്ലാത്ത ഒരു അപൂര്‍വ റെക്കോര്‍ഡ്. ആ നാഴികക്കല്ല് ഐപിഎല്ലില്‍ സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ചരിത്രത്തില്‍ ഒരു ടീമിനെതിരെ 1000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന ബഹുമതി രോഹിതിന് സ്വന്തം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് നേട്ടം.
ഇന്നലെ കൊല്‍ക്കത്തക്കെതിരെ നടന്ന മത്സരത്തില്‍ നാലാം ഓവറിലാണ് രോഹിത് റെക്കോര്‍ഡ് കുറിച്ചത്. വരുണ്‍ ചക്രവര്‍ത്തിയുടെ ആദ്യ രണ്ട് പന്തുകള്‍ ബൗണ്ടറി കടത്തിയ താരം നാലാം പന്തില്‍ സിംഗിള്‍ എടുത്താണ് 1000 റണ്‍സിലേക്ക് എത്തിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ഡേവിഡ് വാര്‍ണറാണ് രോഹിതിന് പിന്നിലായുള്ളത്. വാര്‍ണര്‍ പഞ്ചാബ് കിങ്സിനെതിരെ 943 റണ്‍സാണ് ഇതുവരെ നേടിയത്. കോഹ്ലി ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 909 റണ്‍സും നേടിയിട്ടുണ്ട്.
അതേസമയം, ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. എട്ട് കളികളില്‍ നിന്ന് ആറ് ജയവുമായി ചെന്നൈ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഇത്രയും കളിയില്‍ നിന്ന് അഞ്ച് ജയമുള്ള ബാംഗ്ലൂര്‍ മൂന്നാമതാണ്. ഇന്ന് ജയിക്കാനായാല്‍ എം.എസ്. ധോണിക്കും കൂട്ടര്‍ക്കും പട്ടികയുടെ തലപ്പത്തേക്ക് തിരിച്ചെത്താന്‍ സാധിക്കും.
Also Read: IPL 2021, MI vs KKR Cricket Score: അനായാസ ജയം നേടി കൊൽക്കത്ത; മുംബൈയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി
The post IPL 2021: പേര് രോഹിത് ശര്‍മ, പ്രധാന ഇര കൊല്‍ക്കത്ത; അപൂര്‍വ റെക്കോര്‍ഡുമായി താരം appeared first on Indian Express Malayalam.