വീഡിയോകൾ ഡൗൺലോഡ് ചെയ്‌യാൻ ഔദ്യോഗിക സംവിധാനമൊരുക്കാനുള്ള ശ്രമത്തിൽ യൂട്യൂബ്. ഡെസ്ക്‍ടോപ്പ് വെബ് ബ്രൗസറിൽ വീഡിയോകൾ ഡൗൺലോഡ് ചെയ്തുവെക്കാനുള്ള സൗകര്യം ഒരുക്കാനാണ് യൂട്യൂബ് ശ്രമിക്കുന്നത്.
പരീക്ഷണം ഒക്‍ടോബർ 19 വരെ നടക്കും. യൂട്യൂബിന്റെ പ്രീമിയം ഉപയോക്താക്കൾക്കാണ് വീഡിയോ ഡൗൺലോഡ് ചെയ്‌യാനുള്ള സൗകര്യമുണ്ടാവുക.
താത്‌പര്യമുള്ളവർക്ക് യൂട്യൂബിന്റെ എക്സ്പിരിമെന്റൽ ഫീച്ചേഴ്സ് പേജിലൂടെ ഈ സൗകര്യം പരീക്ഷിക്കാം.
ക്രോം, എഡ്ജ്, ഒപെര ബ്രൗസറുകളുടെ ഏറ്റവും പുതിയ പതിപ്പുകളിലാണ് വീഡിയോ ഡൗൺലോഡ് ചെയ്‌യാനുള്ള സൗകര്യമുണ്ടാവുക.
യൂട്യൂബിൽ വീഡിയോ പ്ലെയറിന്റെ താഴെയായി ഡൗൺലോഡ് ബട്ടൻ കാണാം. ഇതിൽ ക്ലിക്ക് ചെയ്താൽ വീഡിയോ ഡൗൺലോഡ് ആവും. ഡൗൺലോഡ് ആയ വീഡിയോകൾ യൂട്യൂബ് വിൻഡോയുടെ ഇടത് ഭാഗത്തെ മെനുവിൽ കാണാം. തുടർന്ന് ഓഫ്ലൈനിലും ഈ വീഡിയോ കാണാം.