വിഷയത്തിൽ ഭരണപരമായി എന്ത് ചെയ്യുമെന്ന് നോക്കട്ടെ. അത് ഭൂരിപക്ഷം വരുന്ന ജനതയ്ക്ക് സ്വീകാര്യമെങ്കിൽ അപ്പോൾ നോക്കാം. സഭാ അധ്യക്ഷന്മാരുടെ യോഗത്തിൽ അവരുടെ ആകുലതകൾ ചർച്ച ചെയ്യും. യോഗം ചേരുന്നത് നേരത്തെ തീരുമാനിച്ചതാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് വേഗം കൂട്ടുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഒരു സമുദായത്തിനും അലോസരം ഉണ്ടാക്കരുതെന്നാണ് എൻ്റെ നിലപാട്. പക്ഷേ അതിന് വേണ്ടി ഒരു സാമൂഹ്യ വിപത്തിനെ കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക്ക് ജിഹാദ് പരാമർശം അടിസ്ഥാന രഹിതമാണെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. “നിർഭാഗ്യകരമായ ഒരു പരാമർശം അതിലൂടെ നിർഭാഗ്യകരമായ ഒരു വിവാദം നമ്മുടെ നാട്ടിൽ ഉയർന്നുവന്നു. ഈ ഘട്ടത്തിൽ അത്യന്തം നിർഭാഗ്യകരമായ രീതിയിൽ വിവാദം സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ വലിയ തോതിൽ ശ്രമിക്കുകയുമാണ്. ഇപ്പോൾ രണ്ട് പ്രശ്നങ്ങളാണ്. ലൗ ജിഹാദ്, മറ്റൊന്ന് നാർക്കോട്ടിക്ക് ജിഹാദ്. ഇതിൽ പ്രണയവും മയക്കുമരുന്നുമൊക്കെ ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ല. അതിന്റെ പേരിൽ വിവാദങ്ങൾക്ക് തീകൊടുത്ത് നമ്മുടെ നാടിന്റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തൽപ്പര കക്ഷികളുടെ വ്യാമോഹം അത് വ്യാമോഹമായിത്തന്നെ അവസാനിക്കുകയേ ഉള്ളൂ” – എന്നും മുഖ്യമന്ത്രി പറഞ്ഞു.
ചിലർ പ്രചരിപ്പിക്കുന്ന കാര്യങ്ങൾക്ക് വസ്തുതയുടെ പിൻബലമില്ല. കേരളത്തിലെ മതപരിവർത്തനം, മയക്കുമരുന്ന് കേസുകൾ ഇവയിലെല്ലാം ഉൾപ്പെട്ട ആളുകളുടെ വിവരങ്ങൾ വിലയിരുത്തിയാൽ ന്യൂനപക്ഷ മതങ്ങൾക്ക് എന്തെങ്കിലും പ്രത്യേക പങ്കാളിത്തമില്ലെന്ന് മനസിലാക്കാൻ സാധിക്കും. ഈ പ്രശ്നം ശ്രദ്ധയിൽ വന്നപ്പോൾ തന്നെ പറഞ്ഞത് ആവർത്തിക്കുകയാണ്. ഇതിലൊന്നിലും ഏതെങ്കിലും മതമില്ല. മതത്തിന്റെ കള്ളിയിൽ പെടുത്താൻ കഴിയുകയുമില്ല. ക്രിസ്തു മതത്തിൽ നിന്നും ആളുകളെ ഇസ്ലാം മതത്തിലേക്ക് കൂടുതലായി പരിവർത്തനം ചെയ്യുന്നു എന്നുള്ള ആശങ്കയും അടിസ്ഥാന രഹിതമാണ്. നിർബന്ധിത മതപരിവർത്തനം നടത്തിയത് സംബന്ധിച്ച് പരാതികളോ വ്യക്തമായ വിവരങ്ങളോ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പാലാ ബിഷപ്പ് ഉയർത്തിവിട്ട വിവാദത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടിനെയും മുഖ്യമന്ത്രിയുടെ ഇടപെടലിനെയും കഴിഞ്ഞ ദിവസം സുരേഷ് ഗോപി പിന്തുണച്ചിരുന്നു. നല്ല ബുദ്ധിയുള്ള സർക്കാണ് പിണറായി വിജയൻ്റേത് എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. “സർക്കാരിന് നല്ല ബുദ്ധിയുണ്ട്. എല്ലാ വിഷയത്തിലും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കാര്യങ്ങൾ നന്നായി മനസിലാകുന്നുണ്ട്. സർക്കാരിൻ്റെ ഭാഗത്ത് നിന്നും ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. എല്ലായ്പ്പോഴും സർക്കാരിനെ കുറ്റം പറയേണ്ട ആവശ്യമില്ല” – എന്നും അദ്ദേഹം വ്യക്തമാക്കി.