പാരീസ്: ആപേക്ഷികതാസിദ്ധാന്തം രചിക്കാൻ വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ ആൽബേർട്ട് ഐൻസ്റ്റൈൻ നടത്തിയ കണക്കുകൂട്ടലുകളുടെ കൈയെഴുത്തുപ്രതി ലേലത്തിന് വെക്കുന്നു.
ബുധന്റെ ഭ്രമണപഥത്തിലുണ്ടാകുന്ന വ്യതിചലനത്തെക്കുറിച്ച് വിശദീകരിക്കാൻ ശ്രമിക്കുന്ന എഴുത്തുകുത്തുകളാണിത്. 1913 ജൂണിനും 1914-നും ഇടയിൽ സ്വിസ് എൻജിനിയർ മൈക്കൽ ബെസോയുമായി ചേർന്ന് ഐൻസ്റ്റൈൻ തയ്‌യാറാക്കിയ രേഖ ആപേക്ഷികതാസിദ്ധാന്തത്തിൽ ഏറ്റവും നിർണായകമെന്നു കരുതുന്നവയാണ്.
54 പേജുകളുള്ള കൈയെഴുത്തുപ്രതിയിൽ 26 പേജ് ഐൻസ്റ്റൈനും 25 എണ്ണം ബെസോയും എഴുതിയവയാണ്. മൂന്നുപേജുകൾ ഇരുവരും ചേർന്നെഴുതിയതും. സമവാക്യങ്ങളും കണക്കുകൂട്ടലുകളുമാണ് ഇതിലുള്ളത്. വെട്ടുംതിരുത്തുമുണ്ട്. ഐൻസ്റ്റൈൻന്റെ ഇതുവരെ ലേലത്തിൽവെച്ച കൈയെഴുത്തുപ്രതികളിൽ ഏറ്റവും മൂല്യമുള്ളതാണിത്. നവംബർ 23-ന് പാരീസിൽ ഓഗട്ട്സ് കമ്പനിയാണിത് ലേലത്തിനു വെക്കുന്നത്. 26 കോടി ലഭിക്കുമെന്നാണ് കരുതുന്നത്.