മരണം ഒരു യാഥാർഥ്യമാണ്. അതിനെ അതിജീവിക്കാൻ മനുഷ്യന് ഇന്നേവരെ സാധിച്ചിട്ടില്ല. ജീവന്റെ അന്ത്യമാണത്. മനുഷ്യന് മാത്രമല്ല. ഈ ലോകത്തെ സർവചരാചരങ്ങൾക്കും മരണം സംഭവിക്കുന്നുമുണ്ട്. എന്നാൽ മരിച്ചാലും പുനരുജ്ജീവനം സാധ്യമായെങ്കിൽ എന്നൊരു ആഗ്രഹം എക്കാലത്തും മനുഷ്യനുള്ളിലുണ്ട്. ഉയിർത്തെഴുന്നേൽപ്പ്, ചിരഞ്ജീവിത്വം, അമരത്വം തുടങ്ങിയ ഫാന്റസികൾ സംബന്ധിച്ച ഒട്ടേറെ കഥകൾ നമ്മൾ കേട്ടിട്ടുള്ളതാണ്.
എന്നാൽ അസംഭവ്യം എന്ന് തോന്നുന്ന ഈ ഫാന്റസി എന്നെങ്കിലും യാഥാർത്ഥ്യമാവുമോ? ഒരിക്കലും ഇല്ല എന്ന് ഉറപ്പിച്ച് പറയാനാവില്ല എന്നതാണ് സത്യം. ശാസ്ത്രം അങ്ങനെയാണ്. അങ്ങനെ വിശ്വസിച്ചിരുന്ന പലതും യാഥാർത്ഥ്യമായത് നമ്മൾ കണ്ടറിഞ്ഞതുമാണ്. അതുകൊണ്ടുതന്നെ പുനരുജ്ജീവനം സാധ്യമാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ശാസ്ത്രലോകവും.
ജനനം, മരണം, പുനരുജ്ജീവനം
മരിച്ചാലും വീണ്ടും ജീവൻ തിരിച്ചെടുക്കാനുള്ള മനുഷ്യന്റെ ആഗ്രഹം ഇന്നൊരു വിദൂര സ്വപ്നം മാത്രമാണെങ്കിലും അത് എന്നെങ്കിലുമൊരിക്കൽ യാഥാർത്ഥ്യമാവുമെന്ന പ്രതീക്ഷയിലാണ് മിഷിഗനിലെ ക്രയോണിക്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു കൂട്ടം ഗവേഷകർ. അതിനായി മൃതദേഹങ്ങളെ ശാസ്ത്രീയമായി കാത്തുസൂക്ഷിക്കുകയാണിവർ. ക്രയോണിക് പ്രിസർവേഷനിലൂടെ. ഭാവിയിൽ പുനരുജ്ജീവിപ്പിക്കുന്നതിനായി മനുഷ്യശരീരം തണുപ്പിച്ച് സൂക്ഷിച്ചുവെക്കുന്ന രീതിയാണിത്.
കേൾക്കുമ്പോൾ ഭ്രാന്തമെന്ന് തോന്നുന്ന ആശയത്തിന് പുറകെയാണ് ഈ ഗവേഷകർ എങ്കിലും തങ്ങളുടെ ഈ ശ്രമത്തെ കുറിച്ച് സമ്പൂർണ ശുഭാപ്തിവിശ്വാസമുണ്ട് അവർക്ക്.
തങ്ങൾ സയൻസ് ഫിക്ഷൻ പ്രേമികളാണെന്നും ഒപ്പം ശുഭാപ്തിവിശ്വാസം കാത്തുസൂക്ഷിക്കുന്നവരാണെന്നും മിഷിഗനിൽ പ്രവർത്തിക്കുന്ന ലാഭേതര സ്ഥാപനമായ ക്രയോണിക്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ് ഡെന്നിസ് കോവാൾസ്കി പറയുന്നു. ഇത്തരത്തിൽ പ്രവർത്തിക്കുന്ന വളരെ ചുരുക്കം കമ്പനികളിൽ ഒന്നാണിത്.
“ശുഭാപ്തി വിശ്വാസമൊക്കെ ഉണ്ട്. ക്രയോണിക് പ്രിസർവേഷനിലൂടെ മൃതദേഹങ്ങളെ സംരക്ഷിക്കുക, പിന്നീടതിന് ജീവൻ നൽകുക എന്നെല്ലാം പറയുന്നത് നൂറ് ശതമാനവും ഇന്ന് യാഥാർത്ഥ്യമല്ല. എന്നാൽ നമ്മൾ നമ്മളുടെ അറിവിന്റെ പരമോന്നതിയിലൊന്നുമല്ല ഇപ്പോൾ നിൽക്കുന്നത്. ഇനിയുമേറെ പഠിക്കാനുണ്ട്. ഭാവിയിൽ ഇനിയുമേറെ കണ്ടുപിടിക്കാനുണ്ട്. ഹൃദയമിടിപ്പ് നിലച്ചയാളെ രക്ഷിക്കാൻ ഒരു വഴിയുമില്ലെന്ന് വിശ്വസിച്ചിരുന്ന കാലം മാറിയത് സിപിആർ, കാർഡിയാക് ഡീഫിബ്രിലേഷൻ പോലുള്ള കണ്ടുപിടിത്തങ്ങളിലൂടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്നത് സർവസാധാരണമായ ജീവൻരക്ഷാപ്രവർത്തനങ്ങളാണ്”, കൊവാൾസ്കി പറയുന്നു.
ഈ സാഹചര്യത്തിൽ നിന്നുകൊണ്ടാണ് എന്നെങ്കിലും ഒരിക്കൽ മരണം സ്ഥിരീകരിച്ച വ്യക്തിക്ക് ജീവൻ തിരികെ നൽകാൻ സാധിക്കുമെന്ന് ക്രയോണിസിസ്റ്റുകൾ കരുതുന്നത്. ജൈവികമായ നാശത്തിന് ശാസ്ത്രം പരിഹാരം കണ്ടെത്തുമെന്ന് അവർ വിശ്വസിക്കുന്നു.
ആ മെഡിക്കൽ സാങ്കേതിക വിദ്യ കണ്ടെത്തുന്നത് വരെ മൃതശരീരങ്ങളെ സംരക്ഷിച്ചുനിർത്തുകയാണ് ക്രയോണിസിസ്റ്റുകൾ ചെയ്തുവരുന്നത്. ഭാവിയിൽ ഉണ്ടാവാനിടയുള്ളതും അല്ലാത്തതുമായ ഒരു ആശുപത്രിയിലേക്കുള്ള ആംബുലൻസാണ് ക്രയോണിക്സ് എന്ന് കൊവാൾസ്കി വിശദീകരിക്കുന്നു.
സയൻസ് ഫിക്ഷൻ സിനിമകൾ
റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മൊബൈൽ ഫോണുകൾ, കംപ്യൂട്ടറുകൾ അങ്ങനെ പലതും ഒരു കാലത്തെ സാങ്കൽപിക ശാസ്ത്ര കഥകളിലെ പ്രവചനങ്ങളായിരുന്നു. മരണം സംഭവിച്ച മനുഷ്യനെ പുനരുജ്ജീവിപ്പിക്കുക എന്ന ആശയത്തിന് പിറകെ ഗവേഷകർ ഇറങ്ങിത്തിരിക്കുന്നതിലും ശാസ്ത്ര സാങ്കൽപിക കഥകളുടെ സ്വാധീനമുണ്ടെന്ന് അവർ തന്നെ പറയുന്നു. കോവാൾസ്കിയും സംഘവും നടത്തിവരുന്ന ക്രയോണിക് പ്രിസർവേഷനും വർഷങ്ങൾക്കുമുമ്പേ സയൻസ് ഫിക്ഷൻ സിനിമകളിലൂടെ കടന്നു പോയിട്ടുണ്ട്.
ഇന്റർസ്റ്റെല്ലർ, കാപ്റ്റൻ അമേരിക്ക, ഡിമോളിഷൻ മാൻ, ഫ്യൂച്ചറാമ (futurama) സീരീസ് പോലുള്ളവ ക്രയോണിക് പ്രിസർവേഷൻ പ്രക്രിയയെ പലവിധത്തിൽ ദൃശ്യവത്‌കരിച്ചിട്ടുണ്ട്. അനന്തഭദ്രം എന്ന മലയാള സിനിമയിൽ പരകായ പ്രവേശത്തിനായി ദികംബരൻ തയ്‌യാറാക്കുന്ന എണ്ണത്തോണിപോലും ഈ പറയുന്ന ക്രയോണിക് പ്രിസർവേഷൻ എന്ന ആശയത്തിന്റെ മറ്റൊരു തലത്തിലുള്ള ഭാവനയാണെന്ന് വേണമെങ്കിൽ പറയാം.
മൃതദേഹം സൂക്ഷിക്കാൻ മാത്രമല്ല. മനുഷ്യന്റെ ജീവൻ താത്‌കാലികമായി നിർത്തിവെക്കുകയും ശരീരം കേടുവരാതെ സൂക്ഷിക്കുകയും ചെയ്‌യുന്നതിനുള്ള മാർഗമായും ക്രയോണിക് പ്രിസർവേഷൻ എന്ന ആശയത്തെ സിനിമകളും കഥകളും അവതരിപ്പിക്കുന്നുണ്ട്.
ക്രയോണിക് പ്രിസർവേഷൻ എന്ത്? എങ്ങനെ?
ഒരാളുടെ മരണശേഷം അയാളുടെ ശരീരം ഭാവിയിലുണ്ടാകാവുന്ന പുനരുജ്ജീവനത്തിനായി പ്രത്യേക രീതിയിൽ തണുപ്പിച്ച് സൂക്ഷിക്കുന്ന രീതിയാണിത്. മൃതദേഹം ഐസ് വെള്ളത്തിൽ തണുപ്പിക്കുകയും ഓക്സിജൻ മാസ്കുകളും സിപിആറും ഉപയോഗിച്ച് ശരീര ചർമത്തിൽ ഓക്സിജൻ സാന്നിധ്യം നിലനിർത്തുകയും ചെയ്‌യും. പ്രത്യേകം സീൽ ചെയ്ത കണ്ടെയ്നറുകളിൽ സൂക്ഷിച്ച് ക്രയോണിക് കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവും. അവിടെ വെച്ച് മൃതശരീരത്തിൽ രക്തപ്രവാഹം തുടരുന്നതിനും ഓക്സിജൻ നിലനിർത്താനുമായി അതിനെ ഒരു പ്രത്യേക യന്ത്രത്തിലേക്ക് മാറ്റും. ശരീര ചർമം മരവിച്ച് ഐസാവാതിരിക്കാൻ ഒരു വിട്രിഫിക്കേഷൻ ലായനിയും പമ്പ് ചെയ്‌യും. ഇതിന് ശേഷം ദ്രവ നൈട്രജൻ വേപ്പർ ചേമ്പറിൽ മൃതശരീരം -320 ഡിഗ്രിയിൽ തണുപ്പിക്കും. ശരീരം ആവശ്യത്തിന് തണുത്തുകഴിഞ്ഞാൽ അതിനെ ഒരു ദ്രവ നൈട്രജൻ ടാങ്കിലേക്ക് മാറ്റും. ഇതാണ് ഭാവിയിലേക്കായി സൂക്ഷിക്കുന്നത്.
മനുഷ്യന്റെ മൃതശരീരത്തിന് ജീവൻ തിരികെ നൽകാൻ സാധിക്കുന്ന ഒരു സാങ്കേതിക വിദ്യ ജന്മമെടുക്കുന്നത് വരെയുള്ള കാലത്തോളം ഈ ടാങ്കുകളിൽ ശരീരങ്ങൾ സൂക്ഷിക്കപ്പെടുമെന്നാണ് ക്രയോണിക് സാങ്കേതിക വിദ്യയ്‍ക്ക് നേതൃത്വം വഹിക്കുന്ന കൊവാൾസ്കി പറയുന്നത്.
എന്നാൽ വെല്ലുവിളികൾ ഏറെയുണ്ടിതിൽ. തണുപ്പിക്കുന്നതിലൂടെ മൃതശരീരത്തിനുണ്ടാവുന്ന ആഘാതങ്ങൾ പരിഹരിക്കണം. വ്യക്തിയുടെ മരണകാരണമായ രോഗം പരിഹരിക്കണം. മൃതശരീരം യുവാവിന്റേതാണെങ്കിൽ അതിന് പ്രായമാകുന്നത് നിയന്ത്രിക്കണം. ഇങ്ങനെ ഒരു പുനർജന്മത്തിൽ ആരോഗ്യദൃഢഗാത്രരായിരിക്കാനുള്ള ശുശ്രൂഷകൾ ഈ ശരീരങ്ങൾക്ക് നൽകണം. അത് ഏറെ ചിലവേറിയ പ്രക്രിയയാണെന്ന് സാരം.