ഫോസിലിൽ നിന്നുള്ള ഡിഎൻഎ ഉപയോഗിച്ച് വംശനാശം സംഭവിച്ച വൂളി മാമത്തുകളെ ജനിതകമായി വീണ്ടെടുക്കുന്ന യജ്ഞം പുരോഗമിക്കുകയാണ്. ദിനോസർ ഫോസിലിൽ നിന്നുള്ള ഡിഎൻഎ ഉപയോഗിച്ച് ദിനോസറുകളെ പുനസൃഷ്ടിച്ച കഥയാണ് ജുറാസ്സിക് പാർക്ക് സിനിമ പറഞ്ഞതെങ്കിൽ സമാനമായ രീതിയിൽ മാമത്തുകളെ വീണ്ടെടുക്കാനുള്ള യജ്ഞത്തിലാണ് ശാസ്ത്രലോകം.
ആർട്ടിക് തുണ്ട്രയിൽ നിന്ന് ആയിരക്കണക്കിന് വർഷം മുമ്പ് അപ്രത്യക്ഷമായ ഈ ഹിമ യുഗ ജീവിയെ വീണ്ടെടുക്കുന്ന ഗവേഷണത്തിന് മുതൽമുടക്കിക്കൊണ്ട് പുതിയ കമ്പനി രംഗത്ത് വന്നിരിക്കുകയാണ്. എന്നാൽ ഭൂമിയിൽ നിന്ന് ആയിരക്കണക്കിന് വർഷം മുമ്പ് വംശമറ്റ ഒരു വിഭാഗം ജീവികളെ പുനസൃഷ്ടിക്കുന്നത് പരിസ്ഥിതിയുടെ താളം തെറ്റിക്കുമോ എന്ന ചോദ്യമാണ് മറുവശത്ത് നിന്നുയരുന്നത്. 1.5 കോടി ഡോളറാണ് കമ്പനി ഈ പദ്ധതിക്കായി നിക്ഷേപിക്കാനൊരുങ്ങുന്നത്.
ആർട്ടിക് തുണ്ട്രയിലൂടെ മാമത്തുകൾ വീണ്ടും വിഹരിക്കുന്ന കാലം കമ്പനി ഉറപ്പു നൽകുമെന്ന പ്രതീക്ഷയെന്ന് ജീനോം സീക്വൻസിംഗിലൂടെ പേരുകേട്ട ഹാർവാർഡ് യൂണിവേഴ്സിറ്റി ജനിറ്റിക്സ് പ്രൊഫസറായ ജോർജ് ചർച്ച് അഭിപ്രായപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനം പോലുള്ള വെല്ലുവിളികളെ നേരിടാൻ ഈ ജീവികളുടെ തിരിച്ചുവരവിനാകുമെന്നാണ് അദ്ദേഹത്തെപ്പോലുള്ള ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
പരിസ്ഥിതിയിൽ ശൂന്യത സൃഷ്ടിച്ചുകൊണ്ട് വംശമറ്റ ഒരു ജീവിവർഗ്ഗത്തെ തിരികെ കൊണ്ടുവരാനാണ് തങ്ങളുടെ ശ്രമമെന്നാണ് എൻപിആറിന്റെ(നാഷണൽ പബ്ലിക് റേഡിയോ) ചോദ്യത്തിന് കമ്പനി നൽകുന്ന മറുപടി.
മാമത്തും പ്രത്യേകതകളും
മാമത്ത് ഫോസിലുകളിൽ നിന്ന് വീണ്ടെടുത്ത ഡിഎൻഎ ഏഷ്യൻ ആനകളിൽ സന്നിവേശിപ്പിച്ചാണ് വൂളിമാമത്തിനെ വീണ്ടെടുക്കാനുള്ള ശ്രമം നടത്തുന്നത്. മാമത്തിന്റെ ജീവിച്ചിരിക്കുന്നവരിലെ അകന്ന ബന്ധുവായി വരും ഏഷ്യൻ ആന. പൂർണ്ണമായി മാമത്തായി പരിഗണിക്കാനാവില്ലെങ്കിലും ഇതുവഴിയുണ്ടാകുന്ന ജീവിവർഗ്ഗം മാമോഫന്റ് (മാമത്താന) എന്നറിയപ്പെടും. ഇവയ്‍ക്ക് മാമോത്തുമായായിട്ടായിരിക്കും കൂടുതൽ സാമ്യം. 10,000 വർഷം മുമ്പ് ആർട്ടിക് പ്രദേശത്ത് വിഹരിച്ചിരുന്ന ജീവി വർഗ്ഗമാണ് മാമത്തുകൾ. അവശേഷിച്ച മാത്തുകൾ 1700 ബിസി വരെ സൈബീരിയയിലും മറ്റും ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ചിത്രങ്ങൾ കാണുമ്പോൾ വൂളി മാമത്ത് അതിഭീമൻ ജീവിയാണെന്ന് തോന്നാമെങ്കിലും ആഫ്രിക്കൻ ആനയുടെ ശരീര വലുപ്പമേ അവയ്‍ക്കുണ്ടായിരുന്നുള്ളൂ. പുല്ലുതിന്ന് ജീവിച്ച അവയുടെ കൊമ്പുകളും രോമാവൃതമായ ശരീരവുമാണ് ഇവയെ ഒറ്റക്കാഴ്ചയിൽ ആനയിൽ നിന്ന് വേർതിരിക്കുന്നത്. അഞ്ചുമീറ്റർ വരെ നീളമുള്ളതാണ് കൊമ്പുകൾ. ഹിമയുഗത്തിലെ കടുത്ത തണുപ്പിൽ നിന്ന് രക്ഷനേടാനാണ് രോമക്കെട്ടുകൾ ഇവയെ സഹായിക്കുന്നത്.
കാലാവസ്ഥ വ്യതിയാനത്തെ തടയാൻ മാമത്തുകൾക്കാവുമോ?
മാമത്തുകൾ വലിച്ചെറിയുന്ന മഞ്ഞിൻ പാളികളുടെ വിടവിലൂടെ തണുത്ത വായു മണ്ണിൽ എത്തുകയും പെർമാഫ്രോസ്റ്റ് (ഭൂമി്ക്കടിയിലെ തണുത്തുറഞ്ഞ പാളി) നിലനിർത്തപ്പെടുന്നുണ്ട്. എന്നാൽ മാമത്തുകളുടെ വംശനാശത്തിനു ശേഷം മഞ്ഞ് കുമിഞ്ഞു കൂടി ചൂടുത്‌പാദിപ്പിച്ച് പെർമാഫ്രോസ്റ്റ് ഉരുകലിനു കാരണമായി മാമോത്തുകളെ തിരികെ കൊണ്ടുവരുന്നതിലൂടെ ആർട്ടിക് പ്രദേശത്തെ പഴയ കാലാവസ്ഥയിലേക്ക് ചെറിയ രീതിയിലെങ്കിലും തിരികെ കൊണ്ടുവരാനാകുമെന്നാണ കമ്പനിയുടെ പ്രതീക്ഷ.
എന്നാൽ നിലവിലെ അളവിലുള്ള ഭീകരമായ കാലാവസ്ഥാ വ്യതിയാനത്തെ തടയാൻ മാമത്തുകൾക്കാവില്ല എന്നാണ് മറുവിഭാഗം സാസ്ത്രജ്ഞരുടെ വാദം. മാത്രവുമല്ല മാമത്തുകൾ മഞ്ഞുരുകുന്നത് തടഞ്ഞെന്നത് സ്ഥാപിക്കാനുള്ള പഠനങ്ങളില്ലെന്നും പ്രൊഫസറും എവലൂഷണറി ജനറ്റിസ്റ്റുമായ ലവ് ഡാലൻ പറയുന്നു.
മാമത്തിനെ പുനസൃഷ്ടിക്കുന്നതിനുള്ള ടെക്കനോളജി വംശനാശ ഭീഷണി നേരിടുന്ന ജീവികളെ നിലനിർത്താൻ ഉപയോഗിക്കുന്നതാവും പരിസ്ഥിതിക്ക് കൂടുതൽ ഗുണകരമെന്നാണ് ഇത്തരം ശാസ്ത്രജ്ഞരുടെ വാദം. മാമത്തിനെ വീണ്ടെടുക്കുന്നതിനു പകരം വംശമറ്റു കൊണ്ടിരിക്കുന്ന പാണ്ടയെയും വൈറ്റ് റൈനോയെയും നിലനിർത്താനുള്ള ശ്രമത്തിനായി ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാമെന്നും ഇവർ അഭിപ്രായപ്പെടുന്നു.
നിലവിലെ ആവാസവ്യവസ്ഥയോട് ഒത്തുപോകാനാവുമോ
നിലവിലെ ആവാസവ്യവസ്ഥ്യക്ക് മാമത്തുകൾ ശല്യക്കാരായേക്കാം എന്ന വാദവുമുണ്ട്. മാമത്തുകൾ ആശ്രയിച്ചിരുന്ന സസ്യങ്ങളും അന്നത്തെ ആവാസവ്യവസ്ഥയും ഒപ്പം സഹവസിച്ച ജീവികളുമൊന്നുമില്ല. അതിനാൽ തന്നെ മാമത്തുകളെ മാത്രം തിരിച്ചുകൊണ്ടുവരുന്നത് കാലാവസ്ഥാ വ്യതിയാനത്തിനുള്ള പരിഹാരമാവില്ലെന്നാണ് മറുവിഭാഗം ശാസ്ത്രജ്ഞരുടെ വാദം. അതേസമയം ഇത്തരമൊരു നീക്കത്തിനു മുതിർന്നാലും മാമത്ത് പിറവിക്കുള്ള പ്രക്രിയയ്‍ക്ക് കാലമേറെ വേണ്ടിവരും.
Reference: 1. https://www.npr.org/2021/09/14/1036884561/dna-resurrection-jurassic-park-woolly-mammoth,
2. https://science.thewire.in/environment/george-church-colossal-mammophants-climate-change-ethics/
3. stat news
content highlights: will Woolly mamoths reentry to the world revive the ecological balance?