കോഴിക്കോട്: ഞാൻ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യില്ല- കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ പ്രവേശനം നേടുന്ന ഓരോ വിദ്യാർഥിയും ഇനിമുതൽ ഈ സത്യവാങ്മൂലം ഒപ്പിട്ട് നൽകണം. വിദ്യാർഥിക്കൊപ്പം രക്ഷിതാവും. ഇതുസംബന്ധിച്ച സർക്കുലറും സത്യവാങ്മൂലത്തിന്റെ മാതൃകയും കാലിക്കറ്റ് സർവകലാശാല പുറത്തിറക്കി.
സർവകലാശാലകൾ കേന്ദ്രീകരിച്ചുള്ള സ്ത്രീധന വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായാണ് വിദ്യാർഥികളിൽനിന്നും രക്ഷിതാക്കളിൽനിന്നും സത്യവാങ്മൂലം ഒപ്പിട്ട് വാങ്ങാൻ കാലിക്കറ്റ് സർവകലാശാല സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്തിടെയുണ്ടായ സ്ത്രീധനമരണങ്ങളുടെ പശ്ചാത്തലത്തിൽ ചാൻസലർ കൂടിയായ ഗവർണർ നൽകിയ നിർദേശമാണ് ഇത്തരമൊരു സത്യവാങ്മൂലമെന്നും സർക്കുലറിൽ പറയുന്നു. എല്ലാ വിദ്യാർഥികളും രക്ഷിതാക്കളും അഡ്മിഷൻ സമയത്ത് സത്യവാങ്മൂലം പൂരിപ്പിച്ച് ഒപ്പിട്ട് നൽകണമെന്നാണ് നിർദേശം. ഈ അധ്യയനവർഷം നേരത്തെ അഡ്മിഷൻ നേടിയവരിൽനിന്നും സത്യവാങ്മൂലം വാങ്ങണമെന്നും സെപ്റ്റംബർ 15-ന് പുറത്തിറക്കിയ സർക്കുലറിലുണ്ട്.
ഞാൻ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ല, അതിന് പ്രേരിപ്പിക്കില്ല, വധു/വരന്മാരുടെ മാതാപിതാക്കളിൽനിന്ന് സ്ത്രീധനം ആവശ്യപ്പെടില്ല എന്നതാണ് വിദ്യാർഥികൾ നൽകേണ്ട സത്യവാങ്മൂലം. സ്ത്രീധനനിരോധനവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചാൽ ബിരുദം തിരിച്ചെടുക്കുന്നത് ഉൾപ്പെടെ തനിക്കെതിരേ സ്വീകരിക്കുന്ന നടപടികൾക്ക് താൻ തന്നെയാണ് ഉത്തരവാദിയെന്ന് മനസിലാക്കുന്നതായും സത്യവാങ്മൂലത്തിൽ ഒപ്പിട്ട് നൽകണം. വിലാസവും ആധാർകാർഡ് നമ്പറും ഇതോടൊപ്പം സമർപ്പിക്കണം.
അഡ്മിഷൻ സമയത്ത് രക്ഷിതാവും സമാനമായ സത്യവാങ്മൂലം തന്നെയാണ് ഒപ്പിട്ട് നൽകേണ്ടത്. സ്ത്രീധന നിരോധനനിയമം ലംഘിച്ചാൽ മകനെതിരേ സ്വീകരിക്കുന്ന നടപടിക്കളെക്കുറിച്ച് താൻ മനസിലാക്കുന്നതായും ബിരുദമോ അഡ്മിഷനോ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് താനും ഉത്തരവാദിയാണെന്ന് ബോധ്യമുണ്ടെന്നും രക്ഷിതാവ് സത്യവാങ്മൂലം നൽകണം. സർവകലാശാലയ്ക്ക് കീഴിലെ എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും പഠനവകുപ്പുകളിലും അഡ്മിഷൻ സമയത്ത് ഈ സത്യവാങ്മൂലം വാങ്ങണമെന്നാണ് സർവകലാശാലയുടെ സർക്കുലറിൽ പറയുന്നത്.
അതേസമയം, സത്യവാങ്മൂലത്തിലെ ചിലകാര്യങ്ങളിൽ ഇതിനോടകം തന്നെ അഭിപ്രായവ്യത്യാസമുയർന്നിട്ടുണ്ട്. സ്ത്രീധനനിരോധന നിയമം ലംഘിച്ചെന്ന് തെളിഞ്ഞാൽ സ്വീകരിക്കുന്ന ബിരുദം തിരിച്ചെടുക്കൽ ഉൾപ്പെടെയുള്ള നടപടികളാണ് ചർച്ചയായിരിക്കുന്നത്. നിയമം ലംഘിച്ചാൽ സർവകലാശാലയിലെ അഡ്മിഷൻ റദ്ദാക്കുന്നതിനും ബിരുദം നൽകാതിരിക്കുന്നതിനും ബിരുദം തിരിച്ചെടുക്കുന്നതിനും താൻ തന്നെയാകും ഉത്തരവാദിയെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. എന്നാൽ ഇതിന് ഒരിക്കലും നിയമസാധുതയില്ലെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ.
റാഗിങ് കേസിൽ ഉൾപ്പെട്ടാൽപോലും ബിരുദം റദ്ദാക്കാനോ തിരിച്ചെടുക്കാനോ നടപടികളില്ല. അത് ക്രിമിനൽ കേസായാണ് രജിസ്റ്റർ ചെയ്യുന്നത്. സ്ത്രീധന നിരോധന നിയമത്തിലും അതേ നടപടികൾ മാത്രമേ സ്വീകരിക്കാൻ കഴിയൂ. കേസും നിയമനടപടികളും സ്വീകരിക്കാം. അതിന്റെപേരിൽ ബിരുദം തിരിച്ചെടുക്കാനോ റദ്ദാക്കാനോ കഴിയില്ല. അതിന് നിയമസാധുതയുമില്ല. സത്യവാങ്മൂലം ലംഘിച്ചതിന്റെ പേരിൽ ബിരുദം റദ്ദാക്കിയാൽ, ഹൈക്കോടതിയെ സമീപിച്ചാൽ അത് നിലനിൽക്കില്ലെന്നേ കോടതി പറയുകയുള്ളൂ- അഭിഭാഷകനായ മനോഹർ ലാൽ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
അതിനിടെ, ഗവർണറുടെ നിർദേശപ്രകാരമാണ് ഇത്തരമൊരു സത്യവാങ്മൂലം ഒപ്പിട്ട് വാങ്ങാൻ തീരുമാനിച്ചതെന്നാണ് സർവകലാശാല അധികൃതരിൽനിന്നുള്ള പ്രതികരണം. വൈസ് ചാൻസലർമാരുടെ യോഗത്തിലാണ് ഗവർണർ ഈ നിർദേശം മുന്നോട്ടുവെച്ചത്. ഇതനുസരിച്ചാണ് സത്യവാങ്മൂലം വാങ്ങാൻ തീരുമാനിച്ചതെന്നും ഇതുസംബന്ധിച്ച കേസുകൾ വരികയാണെങ്കിൽ കോടതിയുടെ നടപടിക്രമം അനുസരിച്ചാകുമെന്നും സർവകലാശാലയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
Content Highlights:calicut university circular to take declaration from students on anti dowry campaign