വാട്ട്‌സ്ആപ്പ് അതിന്റെ മൾട്ടി-ഡിവൈസ് പ്രവർത്തനം ബീറ്റ ഉപയോക്താക്കളിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ്. ഉപയോക്താക്കൾക്ക് അവരുടെ വാട്സ്ആപ്പ് അക്കൗണ്ടുമായി നാല് ഉപകരണങ്ങൾ വരെ ലിങ്കുചെയ്യാൻ അനുവദിക്കുന്നതാണ് മൾട്ടി-ഡിവൈസ് സപ്പോർട്ട് സവിശേഷത. ഇത് ഉപയോഗിച്ച് ഒരു അക്കൗണ്ടുമായി ഫോൺ ഒഴികെയുള്ള, ബ്രൗസറുകളും മറ്റ് ഡിവൈസുകളും ബന്ധിപ്പിക്കാം.
ഇത്തരത്തിൽ ഉപകരണങ്ങൾ ലിങ്ക് ചെയ്യുകയാണെങ്കിൽ നിങ്ങൾ പ്രധാനമായി വാട്സ്ആപ്പ് ഉപയോഗിക്കുന്ന ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്തപ്പോഴും ലിങ്കുചെയ്‌ത മറ്റു ഉപകരണങ്ങളിൽ നിങ്ങൾക്ക് വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയും. അതായത് വാട്സ്ആപ്പ് വെബുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ ഫോണിൽ ഇന്റർനെറ്റ് ഇല്ലെങ്കിലും വെബ് ഉപയോഗിക്കാനാകും. നിലവിൽ ഫോണിൽ ഇന്റർനെറ്റ് ഉണ്ടെങ്കിൽ മാത്രമേ അതിനു സാധിക്കുകയുള്ളു. അതേസമയം മറ്റു ഉപകരണങ്ങളുമായി ലിങ്ക് ചെയ്ത ശേഷം തുടർച്ചയായി 14 ദിവസം ആവ ഉപയോഗിച്ചില്ലെങ്കിൽ തനിയെ ലോഗ് ഔട്ട് ആയി പോവുകയും ചെയ്യും.
മൾട്ടി-ഡിവൈസ് സവിശേഷത വാട്ട്‌സ്ആപ്പ് ബീറ്റ, വാട്ട്‌സ്ആപ്പ് ബിസിനസ് ആപ്പ് ബീറ്റ എന്നിവയുടെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുന്ന തിരഞ്ഞെടുത്ത രാജ്യങ്ങളിലെ ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്ക് ഇപ്പോൾ ലഭ്യമാകും. മൾട്ടി-ഡിവൈസ് സവിശേഷത ലോകമെമ്പാടുമുള്ള മറ്റു ബീറ്റ ഉപയോക്താക്കളിലേക്കും ഉടനെ വ്യാപിപ്പിക്കുമെന്ന് വാട്ട്‌സ്ആപ്പ് ഒരു പോസ്റ്റിൽ പറഞ്ഞു.
Also read: WhatsApp: എളുപ്പത്തില്‍ സ്റ്റിക്കര്‍ ഉണ്ടാക്കാം; പുതിയ സവിശേഷതയുമായി വാട്സ്ആപ്പ്
ലിങ്കുചെയ്‌ത ഉപകരണങ്ങളിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയാത്തവ?
ഇത് വളരെ സഹായകരമായ സവിശേഷത ആണെങ്കിലും പ്രധാന അക്കൗണ്ട് ഉള്ള ഉപകരണത്തിൽ ലഭ്യമാകുന്ന ചിലത് ഇതിൽ ലഭിക്കില്ല. തത്സമയ ലൊക്കേഷനുകൾ കാണുക, ചാറ്റുകൾ പിൻ ചെയ്യുക, വാട്ട്‌സ്ആപ്പ് വെബ്, ഡെസ്‌ക്‌ടോപ്പ് എന്നിവയിൽ നിന്നുള്ള ഗ്രൂപ്പ് ക്ഷണങ്ങൾ റീസെറ്റ് ചെയ്യുക എന്നിവ ലിങ്ക് ചെയ്ത ഉപകാരണത്തിലൂടെ കഴിയില്ല.
ഉപയോക്താക്കൾക്ക് വളരെ പഴയ വാട്ട്‌സ്ആപ്പ് പതിപ്പ് ഉപയോഗിക്കുന്ന ആരെയും വിളിക്കാൻ സാധിക്കില്ല. മൾട്ടി-ഡിവൈസ് ബീറ്റയിൽ എൻറോൾ ചെയ്യാത്ത ഉപകരണങ്ങളിലേക്ക് ലിങ്കുചെയ്‌ത പോർട്ടലിൽ നിന്നോ വാട്ട്‌സ്ആപ്പ് ഡെസ്‌ക്‌ടോപ്പിൽ നിന്നോ വിളിക്കുന്നതും പിന്തുണയ്‌ക്കില്ല.
അതേസമയം, ഈ അക്കൗണ്ടുകൾ മൾട്ടി-ഡിവൈസ് ബീറ്റയിൽ ചേർന്നില്ലെങ്കിൽ പോർട്ടലിലെ മറ്റ് വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ പ്രവർത്തിക്കില്ല. വാട്ട്‌സ്ആപ്പ് ബിസിനസ് ഉപയോക്താക്കൾക്ക് അവരുടെ ബിസിനസ് പേരോ ലേബലുകളോ വാട്ട്‌സ്ആപ്പ് വെബ് അല്ലെങ്കിൽ ഡെസ്‌ക്‌ടോപ്പിൽ നിന്ന് എഡിറ്റ് ചെയ്യാൻ കഴിയില്ല.
The post വാട്ട്‌സ്ആപ്പ് മൾട്ടി-ഡിവൈസ് സപ്പോർട്ട്: ലിങ്ക് ചെയ്‌ത ഉപകരണങ്ങളിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയാത്തത് ഇവയാണ് appeared first on Indian Express Malayalam.