ന്യൂഡൽഹി: മഴവെള്ളം, ചെറിയ വെള്ളച്ചാലുകൾ, കടൽത്തിര തുടങ്ങിയവയിൽനിന്ന് വൈദ്യുതി ഉത്‌പാദിപ്പിക്കാൻ കഴിയുന്ന നാനോ ജനറേറ്റർ ഡൽഹി ഐ.ഐ.ടി. വികസിപ്പിച്ചു.
നാനോകോംപസിറ്റ് പോളിമറുകളും കോൺടാക്‍ട് ഇലക്‍ട്രോഡുകളും ഉൾപ്പെട്ട ലളിതമായ സംവിധാനമാണിത്. ലിക്വിഡ്-സോളിഡ് ഇന്റർഫെയ്സ് ട്രൈബോ ഇലക്‍ട്രിക് നാനോ ജനറേറ്റർ എന്നാണ് പേര്. ഇത് ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി ബാറ്ററികളിൽ ശേഖരിച്ചുവെക്കാനാവും. ഇങ്ങനെ ശേഖരിക്കുന്ന മില്ലിവാട്ട് വൈദ്യുതി ചെറിയ ഇലക്‍ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കാനാവുമെന്ന് ഐ.ഐ.ടി. വാർത്താകുറിപ്പിൽ പറഞ്ഞു.
പ്രതലങ്ങൾക്കിടയിൽ ഘർഷണമുണ്ടാകുമ്പോൾ ചെറിയ വൈദ്യുതി ഉത്‌പാദിപ്പിക്കപ്പെടുന്നത് ട്രൈബോ ഇലക്‍ട്രിക് പ്രതിഭാസമാണ്. കമ്പിളികളും ജാക്കറ്റുകളും മറ്റും നീക്കുന്ന അവസരങ്ങളിൽ പ്രകാശത്തിന്റെ നേരിയ കിരണങ്ങളുണ്ടാവുന്നത് ഈ പ്രതിഭാസംമൂലമാണ്. ഇത്തരം വൈദ്യുതി ശേഖരിച്ചുവെക്കുന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ അടുത്തകാലത്താണ് ആരംഭിച്ചതെന്ന് ഐ.ഐ.ടി.യിലെ ഫിസിക്സ് പ്രൊഫസർ നീരജ് ഖരേ പറഞ്ഞു.
content highlights: Triboelectric nanogenerator to harvest energy from rain droplets