ഏഴായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളുകൾ വരെയുള്ളത് കണക്കിലെടുത്താണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ ക്രമീകരിക്കുന്നത്. അധ്യാപക സംഘടനകളുമായി വിഷയം ചർച്ച ചെയ്യും. പ്രൈമറി ക്ലാസ് വിദ്യാർഥികൾക്കുള്ള ക്ലാസുകൾ ആരംഭിക്കുന്നതിൽ രക്ഷിതാക്കൾക്ക് ആശങ്കയുണ്ട്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പരിഹരിച്ചാകും മുന്നോട്ട് പോകുക. വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചനകൾ നടത്തിയ ശേഷമാണ് സ്കൂൾ തുറക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. മറിച്ചുള്ള വാർത്തകൾ തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തേണ്ടത് മുഖ്യമന്ത്രിയാണ്. സ്കൂൾ തുറക്കുന്ന രോഗം വ്യാപിക്കാനല്ല. മുൻപ്എസ്എൽസി പരീക്ഷ നടത്തിയപ്പോഴും ഇത്തരത്തിൽ ആശങ്കകൾ ഉണ്ടായിരുന്നുവെങ്കിലും അന്ന് ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റുന്ന തരത്തിലുള്ള ക്രമീകരണങ്ങളാകും ഒരുക്കുക. മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം ഉറപ്പാക്കൽ തുടങ്ങിയ ഉറപ്പിക്കും. കുട്ടികൾ യാത്ര ചെയ്യുന്ന വാഹനങ്ങളിൽ പാലിക്കേണ്ട കാര്യങ്ങളും ആലോചിച്ചാകും റിപ്പോർട്ട് തയ്യാറാക്കുക. ഇതിനായി വിവിധ വകുപ്പുകളുമായി കൂടിയാലോചനകൾ തുടരുകയാണ്. ആരോഗ്യവകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയെന്നും മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ വിദ്യഭ്യാസമന്ത്രി വ്യക്തമാക്കി.
സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും യോഗം നടക്കും. ഇതിനൊപ്പം ആരോഗ്യ വിദഗ്ധർ, ജില്ലാ കളക്ടർമാർ എന്നിവരുമായി ചർച്ച നടത്തും. കുട്ടികളിൽ രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ച് കൊണ്ടുള്ള പദ്ധതിയാണ് മുഖ്യമന്ത്രിക്ക് സമർപ്പിക്കുക.
നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ ശനിയാഴ്ച ചേർന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനം ഉണ്ടാകുകയായിരുന്നു. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
പ്രൈമറി ക്ലാസുകൾ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തണം. രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതം. വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്‌കുകള്‍ തയ്യാറാക്കണം. സ്‌കൂളുകളിലും മാസ്‌കുകള്‍ കരുതണം. ഒക്‌ടോബര്‍ 18 മുതല്‍ കോളേജ് തലത്തില്‍ വാക്‌സിനേഷന്‍ സ്വീകരിച്ച വിദ്യാര്‍ത്ഥികളുടെ എല്ലാ ക്ലാസ്സുകളും ആരംഭിക്കും.