ബെയ്ജിങ്: ചൈനയുടെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശദൗത്യം പൂർത്തിയാക്കി മൂന്നുയാത്രികർ വെള്ളിയാഴ്ച തിരിച്ചെത്തി. ഭൂമിയിൽനിന്ന് 380 കിലോമീറ്റർ ദൂരെയുള്ള ചൈനയുടെ ബഹിരാകാശനിലയത്തിലെ ടിയാൻഹി മൊഡ്യൂളിലാണ് യാത്രികർ 90 ദിവസം ചെലവഴിച്ചത്.
ഷെൻസോ-12 എന്ന ബഹിരാകാശവാഹനത്തിൽ ജൂൺ 17-നാണ് നീ ഹെയ്ഷെങ്, ലിയു ബോമിങ്, ടാങ് ഹോൺബോ എന്നിവർ പോയത്. വെള്ളിയാഴ്ച ഉച്ചയ്‍ക്ക് 1.30-ന് ഇവർ മംഗോളിയയിലെ ഗോബി മരുഭൂമിയിൽ ക്യാപ്സൂളിലാണ് ഇവർ തിരിച്ചിറങ്ങി.
സ്ഥിരമായ ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള വലിയ ദൗത്യത്തിന്റെ ആദ്യഘട്ടമായിരുന്നു ഷെൻസോ-12 ദൗത്യം. സ്റ്റേഷന്റെ മൂന്ന് മൊഡ്യൂളുകളുടെ ലോഞ്ച് ഉൾപ്പെടെ 11 ഘട്ടങ്ങളുള്ള ദൗത്യമാണിത്.
ഏപ്രിലിലെ ടിയാൻഹെ മൊഡ്യൂളിന്റെ വിക്ഷേപണത്തോടെയാണ് ബഹിരാകാശ നിലയത്തിന്റെ നിർമ്മാണ പ്രക്രിയ ആരംഭിച്ചത്. ഒരു സിറ്റി ബസിനേക്കാൾ അൽപ്പം കൂടി വലുപ്പമുള്ള, ടിയാൻഹെയിൽ ജൂൺ പകുതി മുതലാണ് നീ, ലിയു, ടാങ് എന്നീ യാത്രികർ കഴിഞ്ഞത്. ചൈനയുടെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ യാത്ര ദൗത്യമായിരുന്നു ഷെൻസോ-12.
ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള ദൗത്യത്തിന്റെ അടുത്ത ഘട്ടമായ ഷെൻസോ 13 മിഷൻ ഒക്‍ടോബറിലാണ്. അതിനു മുമ്പായി അടുത്ത ക്രൂവിലെ യാത്രികർക്ക് ആവശ്യമുള്ള വസ്തുക്കളടങ്ങിയ ഓട്ടോമേറ്റഡ് കാർഗോ സ്പേസ്ക്രാഫ്റ്റ് ചൈന ബഹിരാകാശത്തേക്ക് അയക്കും.
2022 ഓടെ ബഹിരാകാശ നിലയനിർമ്മാണം പൂർത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. 20 വർഷം പഴക്കമുള്ള അമേരിക്കയുടെ ഐഎസ്എസ് ബഹിരാകാശ നിലയത്തിനുള്ള ഏക ബദലാണ് ചൈനയുടെ പണിപൂർത്തിയാവാത്ത ബഹിരാകാശ നിലയം. 2024ൽ ഐഎസ്എസ്സിന്റെ കാലാവധി പൂർത്തിയാകും.