കൊച്ചി> ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലുടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ചോദ്യം ചെയ്യലിന് വി കെ ഇബ്രാഹിം കുഞ്ഞ് ഇഡിക്ക് മുന്നിൽ ഹാജരായില്ല. കൂടുതൽ സാവകാശം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പി കെ കുഞ്ഞാലിക്കുട്ടിക്കൊപ്പമാണ് ചോദ്യം ചെയ്യലിനായി വി കെ ഇബ്രാഹിം കുഞ്ഞിനേയും വിളിപ്പിച്ചിരുന്നത്. കേസിൽ അന്വേഷണം റദ്ദാക്കാൻ ഇബ്രാഹിം കുഞ്ഞ് നേരത്തെ ഹൈക്കോടതിയെയും സമീപിച്ചിരുന്നു.
അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഇബ്രാഹിം കുഞ്ഞിന് നോട്ടീസ് നൽകിയിരുന്നു. സെപ്റ്റംബർ 16ന് ഹാജരാകാനായിരുന്നു നിർദേശം. അപ്പോഴാണ് അപ്പീലുമായി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎയെയും ചന്ദ്രിക ദിനപത്രം ഫിനാൻസ് മാനേജർ പി എം എ സമീറിനെയും ഇഡി ചോദ്യംചെയ്തിരുന്നു. ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകൾ, പണം നിക്ഷേപിച്ചതിന്റെയും പിൻവലിച്ചതിന്റെയും വിവരങ്ങൾ ഇവരിൽനിന്ന് തേടി.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് പത്തുകോടിയുടെ കള്ളപ്പണം നോട്ടുനിരോധനകാലത്ത് വെളുപ്പിച്ചു എന്നാണ് കേസ്. മുസ്ലീംലീഗിന്റെ മുഖപത്രമായ ‘ചന്ദ്രിക’യുടെ പേരിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ എറണാകുളം മാർക്കറ്റ് റോഡ് ബ്രാഞ്ചിലെ അക്കൗണ്ടിലാണ് പത്തുകോടി രൂപ നിക്ഷേപിച്ചത്. കള്ളപ്പണനിക്ഷേപത്തിന് ആദായനികുതി വകുപ്പിൽ പിഴയൊടുക്കിയതിന്റെ രേഖകൾ വിജിലൻസ് റെയ്ഡിൽ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്തിരുന്നു.