കാളികാവ് (മലപ്പുറം): ആകാശത്ത് വീണ്ടും ഒരു ദൃശ്യവിസ്മയം. ചൊവ്വാഴ്ച സൂര്യൻ അസ്തമിച്ച് കഴിഞ്ഞാൽ പടിഞ്ഞാറൻ, കിഴക്കൻ ചക്രവാളങ്ങളിൽ ഗ്രഹങ്ങളുടെ പരേഡ് കാണാം. പടിഞ്ഞാറൻ ചക്രവാളത്തിൽ ബുധൻ, ശുക്രൻ, ചൊവ്വ എന്നീ ഗ്രഹങ്ങളെ ഒരു വരിയായി കാണാൻ കഴിയും. ബുധനും ശുക്രനും ഇടയിലായി ചിത്തിര (spica) എന്ന സാമാന്യം തിളക്കമുള്ള ഒരു നക്ഷത്രവും ഉണ്ടാകും. ഇവയെല്ലാം നഗ്നനേത്രങ്ങൾകൊണ്ട് കാണാം.
വാനനിരീക്ഷകർക്കുപോലും വളരെ അപൂർവമായി മാത്രം കാണാനാകുന്ന ഗ്രഹമാണ് ബുധൻ. ബുധന്റെ സ്ഥാനം സൂര്യനും ഭൂമിക്കും ഇടയിലായതിനാൽ മിക്കപ്പോഴും സൂര്യന്റെ അതേസമയത്ത് വരികയും പോവുകയുമാണ് ചെയ്‌യാറുള്ളത്. എന്നാൽ അപൂർവമായി ബുധന്റെ സ്ഥാനം സൂര്യനിൽനിന്ന് 22 ഡിഗ്രിവരെ മാറിവരാറുണ്ട്. (Greatest elongation). ചൊവ്വാഴ്ച ഇത്തരം ദിവസമാണ്. സൂക്ഷ്മ നിരീക്ഷണത്തിലൂടെ ബുധനെ കണ്ടെത്താനാകുമെന്ന് വാനനിരീക്ഷകനായ ഇല്യാസ് പെരിമ്പലം പറഞ്ഞു.
പടിഞ്ഞാറൻ ആകാശത്തുള്ളതുപോലെ കിഴക്കൻ ആകാശത്തും ഗ്രഹ പരേഡ് സംഭവിക്കുന്നുണ്ട്. ഇരുട്ടിയ ശേഷം കിഴക്കുഭാഗത്ത് നോക്കിയാൽ ശനി, വ്യാഴം എന്നീ ഗ്രഹങ്ങൾക്കൊപ്പം ചന്ദ്രനേയും നഗ്നനേത്രങ്ങൾ കൊണ്ട് ഒരു വരിയിൽ കാണാൻ കഴിയും. ചന്ദ്രനും ശനിക്കുമിടയിൽ പ്ലൂട്ടോയുമുണ്ടെങ്കിലും ശക്തമായ ദൂരദർശിനിയിലൂടെ മാത്രമേ കാണാനാകൂ.