എസ്ഡിപിഐയുമായി ഒരിക്കലും ബന്ധമുണ്ടാക്കില്ല എന്നത് സിപിഎം നയമാണ്. നേരത്തെ മൂന്ന് പ്രാവശ്യം എസ്ഡിപിഐ പിന്തുണയോടെ സിപിഎം ചെയർമാനെ തെരഞ്ഞെടുത്തപ്പോൾ ആ നിമിഷം തന്നെ രാജിവച്ച പാരമ്പര്യമാണ് പാർട്ടിക്കുള്ളത്. ഈ നിലപാട് തന്നെയാണ് ഇന്നുമുള്ള നിലപാട്. ഈരാറ്റുപേട്ടയിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എസ്ഡിപിഐ പിന്തുണച്ചത് സിപിഎം ആവശ്യപ്പെട്ടിട്ടില്ലെന്നും മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ വാസവൻ വ്യക്തമാക്കി.
നഗരസഭയിൽ അവിശ്വാസ പ്രമേയം വന്നപ്പോൾ അവർ അനുകൂലമായി വോട്ട് ചെയ്തുവെന്നത് ശരിയാണ്. എന്നാൽ അത് ഏതെങ്കിലും തരത്തിലുള്ള ധാരണയുടെ അടിസ്ഥാനത്തിലല്ല. ഭരണം നടത്താൻ എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കില്ല. രാഷ്ട്രീയമായ ഒരു അവിശുദ്ധ കൂട്ടുകെട്ടിനും പാർട്ടി തയ്യാറല്ല. പ്രതിപക്ഷത്തിൻ്റെ ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ല. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, വൈക്കം, കോട്ടയം നഗരസഭകൾ യുഡിഎഫിന് ഭൂരിപക്ഷമുള്ളതല്ല. അവിടെ അവിശുദ്ധമായ മാർഗങ്ങളിലൂടെയാണ് യുഡിഫ് അധികാരത്തികാരത്തിൽ എത്തിയതെന്നും. പ്രതിപക്ഷത്തിൻ്റെ ആരോപണത്തിന് യാതൊരു അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.
വികസന മുരടിപ്പും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം നഗരസഭാ ചെയർപേഴ്സണായിരുന്ന മുസ്ലീം ലീഗിലെ സുഹ്റാ അബ്ദുൾ ഖാറദറിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. 28 അംഗ നഗരസഭയിൽ എൽഡിഎഫിന് ഒമ്പത് അംഗങ്ങളാണുള്ളത്. ഇവർക്കൊപ്പം അഞ്ച് എസ്ഡിപിഐ അംഗങ്ങളുടെയും ഒരു വിമത അംഗത്തിൻ്റെയും പിന്തുണയോടെയാണ് അവിശ്വാസപ്രമേയം പാസായത്.