തിരുവനന്തപുരം: കോൺഗ്രസ് വിട്ട കെ.പി. അനിൽകുമാർ സിപിഎം അംഗത്വം സ്വീകരിച്ചു. രാജി പ്രഖ്യാപനത്തിന് പിന്നാലെ 12.10 ഓടെ എ.കെ.ജി സെന്ററിലെത്തിയാണ് അദ്ദേഹം പാർട്ടി അഗത്വം സ്വീകരിച്ചത്. രാവിലെ 8.10ന് രാജിക്കത്ത് കോൺഗ്രസ് നേതത്വത്തിന് കൈമാറിയ അദ്ദേഹം വാർത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. തുടർന്ന് 11.30ഓടെ അനിൽകുമാറിനെ പുറത്താക്കുന്നതായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പ്രഖ്യാപിച്ചിരുന്നു. പാർട്ടിയിൽ നിന്ന് രാജിവെച്ച തന്നെ പുറത്താക്കാൻ നാണമാകില്ലേ എന്നാണ് അദ്ദേഹം ഇതിനോട് പ്രതികരിച്ചത്.
8.10ന് രാജിവെച്ച തന്നെ എങ്ങനെ പുറത്താക്കും? പാർട്ടിക്കകത്ത് ഒരു കത്ത് നൽകിയാൽ അത് പരിശോധിക്കാൻ പോലും സമയമില്ല. ഇവരാണോ അച്ചടക്കം പറയുന്നതെന്നുന്നും കെ.പി. അനിൽകുമാർ ചോദിച്ചു. തിരുവനന്തപുരത്ത് രാജി പ്രഖ്യാപനത്തിനായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ, പാർട്ടിയിൽ നിന്ന് പുറത്താക്കിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു അനിൽകുമാറിന്റെ പ്രതികരണം.
ഇത് നമ്മുടെ തെലുങ്ക് സിനിമ ബാഹുബലി പോലെയാണ്. മരിച്ചു കിടന്ന ബാഹുബലിയുടെ നെഞ്ചത്ത് കത്തി കയറ്റി, കൊല്ലുന്ന സീനില്ലേ, അതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. രാവിലെ 8.10ന് ഞാനീ പാർട്ടിയിൽ നിന്ന് രാജിവെച്ചു. 11 മണിക്ക് മാധ്യമങ്ങളെ കാണുന്ന എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ നാണമാകില്ലേ ഇവർക്ക്. ഇതാണോ പാർട്ടി. അന്നാപിന്നെ ആദ്യം എന്നെ പാർട്ടിയിലേക്ക് എടുക്കട്ടെ.- അനിൽകുമാർ പരിഹസിച്ചു.
ഇതാണ് തന്നോടുള്ള വ്യക്തിപരമായ വിരോധമെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ ഒന്നും താളത്തിന് തുള്ളാൻ എനിക്ക് സാധിക്കാത്തതുകൊണ്ട്, കൊടുക്കൽ വാങ്ങൽ ഇടപാടിന് ഞാൻ ഇല്ലാത്തത് കൊണ്ട് എന്നെ പാർട്ടിയിൽനിന്ന് പുറത്താക്കുക എന്ന നയം അവർക്കുണ്ടാകാം.രാഷ്ട്രീയ പ്രവർത്തനം നിർത്തുനില്ല. പൊതുപ്രവർത്തകനായി, മാന്യതയോടുകൂടി, അന്തസോടുകൂടി കേരളത്തിൽ തന്നെ പൊതുപ്രവർത്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
എകെജി സെന്ററിലേക്ക് എത്തിയ അദ്ദേഹത്തെ മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവർ സ്വീകരിച്ചു. ചുവപ്പ് ഷാൾ അണിയിച്ചാണ് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. ആദ്യമായാണ് എകെജി സെന്ററിലേക്ക് കയറുന്നതെന്നും അഭിമാനമുണ്ടെന്നും അനിൽകുമാർ പറഞ്ഞു. നേരത്തെ എങ്ങോട്ടാണ് പോകുന്നതെന്നോ സിപിഎമ്മിലേക്കാണോ എന്ന ചോദ്യത്തിന് കൃത്യമായി മറുപടി പറഞ്ഞില്ലെങ്കിലും സിപിഎമ്മിന്റെ മതേതര മൂല്യം കാണാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights:Suspended Congress leader K P Anilkumar quits party, joined in CPM