ആർത്തവ ശുചിത്വത്തെക്കുറിച്ച് ആരോഗ്യ വിദഗ്ദർ നിർദേശിയ്ക്കുന്ന കാര്യങ്ങൾ ഗൗരവകരമായി തന്നെ സ്വീകരിയ്ക്കുക എന്നതാണ് ഏക മാർഗം. പിരീഡ് സമയം നല്ല രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന വലിയ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം.
എപ്പോഴും വൃത്തിയായിരിക്കുക:
മിക്ക സ്ത്രീകളും പിരീഡ് സമയത്ത് അസഹനീയമായ വേദനയും അസ്വസ്ഥതകളും അനുഭവിക്കുന്നവരാണ്. എന്നാൽ ഇത്തരം അസ്വസ്ഥതകൾ ഉണ്ടെങ്കിലും എല്ലായ്പ്പോഴും ശുചിത്വ കാര്യങ്ങളിൽ ശ്രദ്ധ നൽകേണ്ടത് പ്രധാനമാണ്. അതുകൊണ്ട് തന്നെ ദിവസവും രണ്ടു നേരവും കുളിയ്ക്കാനും ഉപയോഗിച്ച നാപ്കിൻ മാറ്റി പുതിയ നാപ്കിൻ ഉപയോഗിക്കുമ്പോഴെല്ലാം സ്വകാര്യ ഭാഗങ്ങൾ വൃത്തിയായി കഴുകാൻ ശ്രദ്ധിക്കണം. ശരീരം വൃത്തിയാക്കി വെയ്ക്കുക വഴി ചർമ പ്രശ്നങ്ങൾ, അണുബാധ, ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും. വജൈനൽ ഭാഗങ്ങൾ വൃത്തിയാക്കുന്നതിനായി ഇന്റിമേറ്റ് വാഷുകൾ ഉപയോഗിക്കുന്നത് നല്ലതാണ്.
ഇന്നർ വെയറുകൾ ശ്രദ്ധിക്കാം:
പിരീഡ് സമയങ്ങളിൽ നിങ്ങൾക്ക് മികച്ചതായി തോന്നുന്ന നാപ്കിൻ, മെൻസ്ട്രൽ കപ്പ് എന്നിവയെല്ലാം ഉപയോഗിക്കാം. എന്നാൽ നിശ്ചിതമായ ഇടവേളകളിൽ അവ നീക്കം ചെയ്യാനും വൃത്തിയാക്കാനും ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ ധരിക്കുന്ന ഇന്നർവെയറുകൾ ഗുണനിലവാരമുള്ളതും മൃദുവായതുമായിരിക്കണം. ആർത്തവ ദിനങ്ങളിൽ സ്വകാര്യ ഭാഗങ്ങളിൽ ഉണ്ടാകുന്ന നീറ്റലും അസ്വസ്ഥതകളും കുറയ്ക്കാൻ ഇത് വഴി സാധിയ്ക്കും.
നാപ്കിൻ ഇടയ്ക്കിടെ മാറ്റാം:
മെൻസ്ട്രൽ കപ്പുകൾ വിപണിയിൽ എത്തിയിട്ട് നാളുകൾ ഏറെയായെങ്കിലും കൂടുതൽ സ്ത്രീകളും നാപ്കിൻ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. എന്നാൽ പതിവായി ഇത് ഉപയോഗിക്കുന്നവർ പോലും കൃത്യമായ ശുചിത്വ രീതികൾ ചെയ്യുന്നില്ല എന്നതാണ് വാസ്തവം. പരമാവധി 4 മുതൽ 6 മണിക്കൂർ വരെ മാത്രമാണ് ഒരു നാപ്കിൻ ഉപയോഗിക്കാൻ കഴിയുക. കൂടുതൽ മണിക്കൂറുകൾ ഒരേ നാപ്കിൻ ഉപയോഗിക്കുന്നത് ഗർഭാശയ സംബന്ധമായ പല പ്രശ്നങ്ങൾക്കും വഴിവെക്കും. അണുബാധ പോലുള്ള പ്രശ്നങ്ങളോടെ തുടങ്ങുകയും പിന്നീട് ഗുരുതരമായ അവസ്ഥയിലേക്ക് മാറാനും കാരണമാകും.
അതുപോലെ തന്നെ ഉപയോഗിച്ച നാപ്കിനുകൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നതും ദോഷം ചെയ്യും. ഇവ കൃത്യമായ രീതിയിൽ നശിപ്പിച്ച് കളയണം.
തിരഞ്ഞെടുക്കണം ആരോഗ്യകരമായ ജീവിതശൈലി:
എപ്പോഴും ആരോഗ്യകരമായ ഒരു ജീവിതശൈലി കണ്ടെത്തേണ്ടത് അത്യാവശ്യമാണ്, ആർത്തവ ദിനങ്ങളിൽ ഇത് നിർബന്ധവുമാണ്. ഈ ദിവസങ്ങളിൽ ഏറ്റവും നന്നായി വെള്ളം കുടിയ്ക്കുകയും സമീകൃതാഹാരം കഴിക്കുകയും ചെയ്യണം. മാത്രമല്ല, വറുത്തതും മറ്റ് ജങ്ക് ഫുഡ് ഇനത്തിൽ ഉൾപ്പെട്ടതുമായ ഭക്ഷണങ്ങൾ ഈ സമയത്ത് ഒഴിവാക്കാം. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നത് ഏറെ നല്ലതാണ്. കൂടാതെ വ്യായാമം ചെയ്യുന്നതിനായി അൽപനേരം മാറ്റി വെയ്ക്കാം. കഠിനമായ വ്യായാമങ്ങൾക്ക് പകരം ലഘുവായ വ്യായാമ രീതികൾ പരീക്ഷിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരം ഊർജ്ജത്തോടെ നിലനിർത്താൻ സഹായിക്കും.