കോഴിക്കോട്: ഡിസിസി പുനഃസംഘടനയേത്തുർന്ന് പാർട്ടി നേതൃത്വത്തിനെതിരേ പരസ്യ വിമർശനമുന്നയിച്ചതിന് അച്ചടക്ക നടപടി നേരിടുന്ന കെ.പി. അനിൽകുമാർ കോൺഗ്രസ് വിട്ടേക്കുമെന്ന് സൂചന. അച്ചടക്ക നടപടി പാർട്ടി പിൻവലിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. നേരത്തെ ഇക്കാര്യത്തിൽ അനിൽകുമാർ നൽകിയ വിശദീകരണം കെ.പി.സി.സി. തള്ളിയിരുന്നു. അദ്ദേഹം എൻസിപിയിലേക്ക് പോയേക്കുമെന്നാണ് സൂചന. ചൊവ്വാഴ്ച കാലത്ത് 11 മണിക്ക് മാധ്യമങ്ങളെ കണ്ട് അദ്ദേഹം നടപടി വിശദീകരിക്കുമെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ കെ.പി. അനിൽകുമാറിന്റെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.
കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറി ചുമതലയുള്ള ആളായിരുന്നു യൂത്ത് കോൺഗ്രസ് മുൻഅധ്യക്ഷൻ കൂടിയായകെ.പി. അനിൽകുമാർ. ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പരസ്യപ്രസ്താവന നടത്തിയതിന് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനുശേഷവും അദ്ദേഹം നേതൃത്വത്തെ വിമർശിച്ച് പരസ്യപ്രസ്താവന നടത്തി. തുടർന്ന് അനിൽകുമാർ പാർട്ടിക്ക് വിശദീകരണം നൽകിയെങ്കിലും നേതൃത്വത്തിന് തൃപ്തികരമായിരുന്നില്ല. കടുത്ത നടപടി ഉണ്ടായേക്കുമെന്നു റിപ്പോർട്ടു പുറത്തുവന്നതിനു പിന്നാലെയാണ് അനിൽകുമാർ പാർട്ടിവിടാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
Content Highlights:K P Anilkumar may guit Congress, Reports