ഷവോമി അവരുടെ പ്രീമിയം ഉൽപ്പന്നങ്ങളെല്ലാം ‘എംഐ’യിൽ നിന്നും ‘ഷവോമി’ യിലേക്ക് റീബ്രാൻഡ് ചെയ്യുന്നു. ഇനി മുതൽ ബ്രാൻഡിന് ‘ഷവോമി’, ‘റെഡ്മി’ എന്നിങ്ങനെ രണ്ട് ഉപ ബ്രാൻഡുകളായിരിക്കും ഉണ്ടാവുക. സ്മാർട്ട്ഫോണുകൾ ലാപ്ടോപ്പുകൾ സ്മാർട്ട്ടിവികൾ ഉൾപ്പടെ എല്ലാം റീബ്രാൻഡ് ചെയ്യപ്പെടും.
എന്നാൽ കോർപറേറ്റ് ബ്രാൻഡ് ലോഗോ ‘എംഐ” എന്നത് തന്നെ തുടരുമെന്ന് കമ്പനി പറഞ്ഞു. മുന്നോട്ട് പോകുമ്പോൾ, സ്മാർട്ട്ഫോണുകൾ ടിവികൾ ഫിറ്റ്നസ് ഉപകരണങ്ങൾ ഉൾപ്പടെ മുൻപ് എംഐ ഉൽപ്പന്നങ്ങളായിരുന്ന എല്ലാത്തിനും പുതിയ ഷവോമി ലോഗോ ആയിരിക്കും ഉപയോഗിക്കുക.
ഇപ്പോൾ ‘എംഐ’ ഫോണുകൾ അല്ലെങ്കിൽ ‘ഷവോമി’ ഫോണുകൾ എന്ന് വിളിക്കുന്നത് ബ്രാൻഡിന്റെ പ്രീമിയം വിഭാഗത്തിൽ ഉൾപെടുന്നവയെയാണ്. ഇന്ത്യൻ വിപണിയിൽ ലഭ്യമായ എംഐ 11 അൾട്രാ, എംഐ 11എക്സ് സീരീസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മുൻപ് “എംഐ” ബ്രാൻഡ് ആയിരുന്നവ ഷവോമിയിലേക്ക് പുനർനാമകരണം ചെയ്യപ്പെടുമ്പോഴും, അത് നൽകിയിരുന്ന “ഉന്നത സാങ്കേതികവിദ്യയും എല്ലാ വിഭാഗങ്ങളിലും പ്രീമിയം അനുഭവം വാഗ്ദാനം ചെയ്തിരുന്നതും” തുടരുമെന്ന് ഷവോമി പ്രസ്താവനയിൽ പറഞ്ഞു.
“ലോകമെമ്പാടും ശക്തമായ സാന്നിധ്യമുള്ള മുൻനിര ടെക്നോളജി ബ്രാൻഡ് ആയതിനാൽ, ഞങ്ങളുടെ ലക്ഷ്യം ഒരു ഏകീകൃത സാന്നിധ്യമാണ്. ഈ പുതിയ ലോഗോ മാറ്റത്തിലൂടെ, ഞങ്ങളുടെ ബ്രാൻഡും ഉൽപ്പന്നങ്ങളും തമ്മിലുള്ള ധാരണ വിടവ് നികത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നു. പുതിയ ഷവോമി ലോഗോ ഞങ്ങളുടെ പ്രീമിയം ഉൽപ്പന്നങ്ങൾക്കായി ഉപയോഗിക്കും.” ഷവോമി ഇന്ത്യയുടെ മാർക്കറ്റിംഗ് ഹെഡ് ജസ്കരൻ സിംഗ് കപാനി പത്രക്കുറിപ്പിൽ പറഞ്ഞു.
Also read: റെഡ്മി 10 പ്രൈം ഇന്ത്യയിൽ; റിയൽമി, സാംസങ് ഫോണുകളെ വെല്ലുമോ? നോക്കാം
‘എംഐ’ ബ്രാൻഡിൽ ഫോണുകൾ തിരിച്ചു കൊണ്ടുവന്നതിനു ഒരുവർഷത്തിനു ശേഷമാണ് ഷവോമി അത് മാറ്റുന്നതിലേക്ക് കടക്കുന്നത്. ഷവോമി എംഐ ടിവികളും എംഐ ബാൻഡുകളും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമ്പോഴും, 2017ൽ എംഐ മിക്സ് 2 ന് ശേഷം കമ്പനി ഇന്ത്യൻ വിപണിയിൽ ‘എംഐ’ ബ്രാൻഡഡ് പ്രീമിയം ഫോണുകൾ അവതരിപ്പിച്ചിരുന്നില്ല. അതിനുമുമ്പ്, 2016ൽ എംഐ 5 പുറത്തിറക്കിയിരുന്നു.
പിന്നീട് 2020ൽ മാത്രമാണ്, എംഐ 10 സീരീസുമായി ഷവോമി അതിന്റെ ‘പ്രീമിയം’ എംഐ ഫോണുകൾ വിപണിയിൽ വീണ്ടും അവതരിപ്പിച്ചത്.അതിനു പിന്നാലെ എംഐ 11 അൾട്രായും കൊണ്ടുവന്നു. ഇന്ത്യൻ വിപണിയിൽ പ്രീമിയം വിഭാഗത്തിൽ ഷവോമി ആധിപത്യം പുലർത്തുന്നില്ലെങ്കിലും, അതിന്റെ എംഐ ബാൻഡിനും എംഐ ടിവികൾക്കും വിപണിയുടെ ഒരു പ്രധാന ഭാഗം പിടിച്ചെടുക്കാൻ കഴിഞ്ഞിരുന്നു.
The post ‘എംഐ’ ബ്രാൻഡിങ്ങിന് വിട, ഇനിയെല്ലാം ‘ഷവോമി’ appeared first on Indian Express Malayalam.