മംഗളൂരു
എൽഐസിയിൽ ക്ലർക്കായി തുടങ്ങി കേന്ദ്രമന്ത്രി പദവിയിലെത്തിയ ഓസ്കർ ഫെർണാണ്ടസ് വിടപറയുമ്പോൾ പൊതുവേദികളിൽനിന്ന് ഒഴിവാക്കപ്പെടുന്നത് രണ്ട് ഇരിപ്പടം. സ്വകാര്യ, പൊതുചടങ്ങുകളിലും പാർടി യോഗങ്ങളിലുമെല്ലാം ഭാര്യ ബ്ലോസം ഫെർണാണ്ടസിനും ഇരിപ്പിടമുണ്ടായിരുന്നു. 1981 ആഗസ്ത് 26ന് വിവാഹശേഷം ഓസ്കറിനൊപ്പം നിഴലായി ഭാര്യയുമുണ്ട്. മന്ത്രിമാരോ, ഗവർണറോ പങ്കെടുക്കുന്ന ചടങ്ങായാലും ഒരു പ്രോട്ടോക്കോളും ഇവരെ ‘വേർപിരിച്ചി’ല്ല. 2010ൽ മംഗളൂരു സർവകലാശാല ഓസ്കറിന് ഡോക്ടറേറ്റ് സമ്മാനിക്കുന്ന വേദിയിലും ഭാര്യയും വേദി പങ്കിട്ടു. കാലങ്ങളായുള്ള കൗതുക കാഴ്ചയാണ് ഇതോടെ അവസാനിക്കുന്നത്.
ഉഡുപ്പി അമ്പൽപാടി ബ്രന്മഗരി ഡോറിസ് റസ്റ്റ് ഹെവനിൽ റോക്കി ഫെർണാണ്ടസ്–- ലിയോണിസ ഫെർണാണ്ടസ് ദമ്പതികളുടെ മകനായി 1941 മാർച്ച് 27നാണ് ഓസ്കർ ഫെർണാണ്ടസ് ജനിച്ചത്. 1972ൽ ഉഡുപ്പി നഗരസഭാംഗമായി. ഇന്ദിര ഗാന്ധിയുടെ സമയത്ത് എഐസിസി ജോയിന്റ് സെക്രട്ടറിയായും രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പാർലമെന്ററി സെക്രട്ടറിയായും പ്രവർത്തിച്ചു. 1985ലും 1996 മുതൽ മരണംവരെയും എഐസിസി ജനറൽ സെക്രട്ടറിയായിരുന്ന ഓസ്കർ രണ്ട് തവണ കർണാടക പിസിസി പ്രസിഡന്റായി. മൻമോഹൻസിങ്ങിന്റെ യുപിഎ സർക്കാരിൽ വിവിധ വകുപ്പുകൾ കൈകാര്യംചെയ്തു. നിരവധി പാർലമെന്റ് സമിതികളിലും അംഗമായിട്ടുണ്ട്. യങ് ഇന്ത്യൻ, ദി അസോസിയേറ്റ് ജേണൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ഡയറക്ടറായിരുന്നു.