വാട്സ്ആപ്പിൽ സുപ്രധാന അപ്ഡേറ്റ് പ്രഖ്യാപിച്ചു. ഇനിമുതൽ ബാക്കപ്പുകളും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ചെയ്യപ്പെടും. നേരത്തെ വാട്സ്ആപ്പിലെ മെസ്സേജുകളും കോളുകളും പൂർണമായും എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആയിരുന്നെങ്കിലും ബാക്കപ്പുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയിരുന്നില്ല. അതുകൊണ്ട് തന്നെ അവ ചോർത്താനുള്ള സാധ്യത നിലനിന്നിരുന്നു.
അടുത്ത ആഴ്ചകളിൽ ഈ ഫീച്ചർ വാട്സ്ആപ്പിൽ ലഭ്യമാകും. ബാക്കപ്പുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അത് ചെയ്യാനും അല്ലാത്തവർക്ക് അത് വേണ്ടന്ന് വെക്കാനും സാധിക്കുന്ന തരത്തിലാകും ഫീച്ചർ. “ആരെങ്കിലും അവരുടെ ചാറ്റ് ഹിസ്റ്ററിയുടെ ബാക്കപ്പ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ചെയ്യാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, അത് അവർക്ക് മാത്രമേ ആക്സസ് ചെയ്യാനാകൂ, ആർക്കും അവരുടെ ആ ബാക്കപ്പ് അൺലോക്ക് ചെയ്യാനും കഴിയില്ല, വാട്ട്സ്ആപ്പിനു പോലും,” കമ്പനി പറഞ്ഞു.
എന്നാൽ ബാക്കപ്പ് സേവന ദാതാകൾക്ക്, എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ കീ അല്ലെങ്കിൽ അവരുടെ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്ത ബാക്കപ്പ് ആക്സസ് ചെയ്യാൻ കഴിയും. ഐഒഎസ് ഉപയോക്താക്കൾക്ക്, ചാറ്റ് ബാക്കപ്പിനുള്ള ഏക ഓപ്ഷൻ ഐക്ലൗഡ് ആണ്, ആൻഡ്രോയ്ഡ് ഉപയോക്താക്കൾ സാധാരണയായി ഗൂഗിൾ ഡ്രൈവിനെയാണ് ആശ്രയിക്കുന്നത്.
ഫെയ്സ്ബുക്കിന്റെ അഭിപ്രായത്തിൽ, പ്രതിദിനം 100 ബില്ല്യണിലധികം സന്ദേശങ്ങൾ അയയ്ക്കുന്ന അവരുടെ 2 ബില്യൺ ഉപയോക്താക്കളുടെ അളവ് കണക്കിലെടുക്കുമ്പോൾ ഇത് ഒരു “വലിയ സ്വകാര്യതാ മുന്നേറ്റമാണ്”. ഉപയോക്താക്കൾക്ക് ഇതിലൂടെ കൂടുതൽ സുരക്ഷ നല്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി വാട്ട്സ്ആപ്പ് പറഞ്ഞു.
ബാക്കപ്പ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വരും ആഴ്ചകളിൽ ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഒരു ഓപ്ഷണൽ ഫീച്ചറായി ലഭിക്കും. ഇവ തനിയെ ഓണാകില്ല. വാട്ട്സ്ആപ്പ് ചാറ്റുകൾ ആക്സസ് ചെയ്യാൻ ഉപയോക്താക്കൾ ഒരു പാസ്വേഡോ അല്ലെങ്കിൽ 64 അക്ക എൻക്രിപ്ഷൻ കീയോ ഉപോയോഗിക്കേണ്ടി വരും. കൂടാതെ, മുകളിലുള്ള ചിത്രം കാണിക്കുന്നതുപോലെ, പാസ്വേഡ് മറന്നാൽ, പിന്നെ ആ അക്കൗണ്ട് വീണ്ടെടുക്കാൻ വാട്ട്സ്ആപ്പിന് അവരെ സഹായിക്കാനാവില്ല.
Also read: WhatsApp: വാട്സ്ആപ്പ് ചാറ്റുകൾ എങ്ങനെ ബാക്കപ്പ്, റീസ്റ്റോർ ചെയ്യാം
ഈ ഫീച്ചർ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് വിശദീകരിക്കുന്ന ഒരു കുറിപ്പും വാട്ട്സ്ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഉപയോക്താവ് പാസ്വേഡ് ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്തിരിക്കുന്ന ബാക്കപ്പ്, മൊബൈലിലെ ക്ലൗഡ് പങ്കാളികൾക്കോ ഏതെങ്കിലും തേർഡ് പാർട്ടിക്കോ കാണാൻ കഴിയില്ല.
കൂടാതെ, ഹാർഡ്വെയർ സെക്യൂരിറ്റി മോഡ്യൂൾ (എച്എസ്എം) ബാക്കപ്പ് കീ വോൾട്ടിൽ ഒരു എൻക്രിപ്ഷൻ കീ സംഭരിച്ചിട്ടുണ്ട്, ഇത് ഫോൺ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ കീ വീണ്ടെടുക്കാൻ ഉപയോക്താവിനെ അനുവദിക്കുകയും അങ്ങനെ അവരുടെ അക്കൗണ്ടിലേക്കും ചാറ്റുകളിലേക്കും വീണ്ടും ആക്സസ് ചെയ്യാൻ അനുവദിക്കുകയും ചെയ്യും.
കീ വീണ്ടെടുക്കാൻ ആരെങ്കിലും കാര്യമായി ശ്രമം നടത്തിയാൽ പോലും ഈ സുരക്ഷാ സംവിധാനങ്ങൾ അതിൽ നിന്നും സംരക്ഷണം നൽകുമെന്ന് ഫേസ്ബുക്ക് പറയുന്നു. ഉപയോക്താക്കൾ ഒരു പാസ്വേഡിന് പകരം 64 അക്ക എൻക്രിപ്ഷൻ കീ തിരഞ്ഞെടുക്കുകയാണെങ്കിൽ, അവർ ഈ എൻക്രിപ്ഷൻ കീ ഓർത്തുവെക്കുകയോ അല്ലെങ്കിൽ എവിടെയെങ്കിലും സൂക്ഷിച്ചു വെക്കുകയോ ചെയ്യേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ, കീ എച്എസ്എം ബാക്കപ്പ് കീ വോൾട്ടിലേക്ക് അയയ്ക്കില്ല.
The post ചാറ്റ് ബാക്കപ്പുകൾക്കും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ; സുപ്രധാന അപ്ഡേറ്റുമായി വാട്സ്ആപ്പ് appeared first on Indian Express Malayalam.