കോഴിക്കോട്: ഹരിത വിഷയം എം.എസ്.എഫ് സംസ്ഥാന പ്രസിഡൻഡിന്റെ അറസ്റ്റ് വരെ എത്തിയിട്ടും ലീഗിലെ ഉന്നതരുടെ പിന്തുണയുറപ്പിച്ച് പൂർണ ആത്മവിശ്വാസത്തിലാണ് പി.കെ നവാസ്. അറസ്റ്റും കാര്യങ്ങളും നടപടിക്രമങ്ങളുടെ ഭാഗം മാത്രമായി കണ്ടാൽ മതിയെന്ന് പറഞ്ഞ് കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കളും രംഗത്തെത്തിയതോടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്ന നിലപാടാണ് ലീഗ് നേതൃത്വത്തിനുള്ളത്. പി.കെ നവാസിനെ പിന്തുണക്കുന്ന ഹരിതയുടെ ഏക ജില്ലാ കമ്മിറ്റിയായ മലപ്പുറം ജില്ലാ കമ്മിറ്റി ശനിയാഴ്ച സംഘടിപ്പിച്ച ഹരിതയുടെ പത്താംവാർഷികത്തിന്റെ സെമിനാറിൽ പി.കെ നവാസ് പങ്കെടുക്കുകയും പെൺകുട്ടികൾക്ക് എതിരല്ല എം.എസ്.എഫെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഹരിത പിരിച്ചുവിട്ടുവെന്ന് പറയുമ്പോഴും സംഘടനയുടെ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പുതിയ ഹരിത കമ്മിറ്റിയെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. അല്ലാത്ത പക്ഷം സ്ത്രീവിരുദ്ധരാണ് എം.എസ്.എഫും ലീഗുമെന്ന സോഷ്യൽ മീഡിയാ പ്രചാരണത്തിന് ശക്തികൂടുമെന്നാണ് ലീഗ് നേതൃത്വം കരുതുന്നത്. കോളേജുകളടക്കം തുറക്കാനിരിക്കെ ഹരിത കമ്മിറ്റിക്ക് അതിന് മുന്നെ രൂപം നൽകിയില്ലെങ്കിൽ വിദ്യാർഥികളുടെ ഇടയിൽ എം.എസ്.എഫിന് തല ഉയർത്തി നിൽക്കാനാവില്ലെന്നും പി.കെ നവാസിനെ പിന്തുണക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. പി.കെ നവാസിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് ഉയർത്തിക്കാട്ടി പ്രതിരോധിക്കാൻ ശ്രമിക്കുകയാണ് ലീഗ് നേതൃത്വം.
അതേ സമയം ഹരിതയുടെ പരാതി മുസ്ലിം ലീഗ് നേതൃത്വം കൈകാര്യംചെയ്ത രീതിയാണു കാര്യങ്ങൾ വഷളാക്കിയതെന്ന് എം.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയിലെ ഒരു വിഭാഗം നേതൃത്വം ഉന്നയിക്കുന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരടക്കം എട്ടു ഭാരവാഹികൾ ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടിക്ക് നൽകിയ കത്തിലാണ് ഇക്കാര്യം പറയുന്നത്.
ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന്റെ അപക്വമായ ഇടപെടൽമൂലമാണ് ഹരിതയുടെ പരാതി വനിതാ കമ്മിഷനിലെത്തിയതെന്നും അവർ ആരോപിക്കുന്നുണ്ട്. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ഉൾപ്പെടെയുള്ള മൂന്നുപേർക്കെതിരേ ഹരിത ഉയർത്തിയ ആരോപണങ്ങളെത്തുടർന്ന് ലീഗ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ തീരുമാനം അത്യധികം ഖേദകരമാണ്. വിഷയം പാർട്ടിക്കും എം.എസ്.എഫിനും പൊതുസമൂഹത്തിൽ വലിയ അവമതിപ്പുണ്ടാക്കി. ആരോപണവിധേയർ തെറ്റുകാരാണെന്നു കണ്ടെത്തിയിട്ടും അർഹമായ അച്ചടക്കനടപടിയുണ്ടാകാത്തത് വിദ്യാർഥികൾക്കിടയിൽ പാർട്ടിക്കു പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും കത്തിൽ പറയുന്നുണ്ട്. തീരുമാനം പുനഃപരിശോധിച്ച് പാർട്ടിയുടെ മുഖം രക്ഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഹരിതയുടെ മലപ്പുറം ജില്ലാ കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റിയോട് ആലോചിക്കാതെയായിരുന്നു തിരഞ്ഞെടുത്തിരുന്നത്. ഇതിനെതിരെ നിലവിലെ ഹരിത സംസ്ഥാന കമ്മിറ്റി രംഗത്ത് വന്നതായിരുന്നു പ്രശ്നത്തിന് തുടക്കം. ഇത് ചർച്ച ചെയ്യാൻ കൂടിയായിരുന്നു പരാതിക്കാർ പറയുന്ന യോഗം കോഴിക്കോട് വിളിച്ച് ചേർത്തതും. നിലവിലെ അവസ്ഥയിൽ മലപ്പുറം ജില്ലാ കമ്മറ്റിയിൽ നിന്നാണ് പുതിയ സംസ്ഥാന നേതൃത്വത്തിലേക്ക് അടക്കം ഇനി ആളുകൾ വരേണ്ടത്. ഇത് നിലവിലെ ഹരിത സംസ്ഥാനകമ്മിറ്റിക്ക് നന്നായി അറിയാം. തുടർന്ന് ഈ കമ്മിറ്റിയെ പിരിച്ച് വിടുവിക്കാൻ കഴിയാവുന്നതൊക്കെ ഹരിത സംസ്ഥാന നേതൃത്വം ചെയ്തിരുന്നു. സാദിഖലി തങ്ങൾക്കടക്കം പരാതിയും നൽകിയിരുന്നു. എന്നാൽ ഇത് നടപ്പാവില്ലെന്ന് കണ്ടതോടെയാണ് കള്ളങ്ങൾ പ്രചരിപ്പിച്ച് കൊണ്ട് വരുന്നതെന്നും നവാസിനെ പിന്തുണക്കുന്നവർ പറയുന്നു. മാത്രമല്ല പ്രശ്നം പാർട്ടിയിൽ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് മുന്നെ തന്നെ വനിതാ കമ്മീഷനിലേക്ക് പോയതും ഗൂഢലക്ഷ്യത്തിന്റെ ഭാഗമായിട്ട് തന്നെയാണ് എന്നാണ് ലീഗ് നേതൃത്വം വിലയിരുത്തുന്നത്.